തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോവളം എംഎല്‍എ എം. വിന്‍സെന്റിനെ രക്ഷിക്കാന്‍ നീക്കം. പരാതി ഉന്നയിച്ച വീട്ടമ്മ കഴിഞ്ഞ ആറുവര്‍ഷമായി മനോരോഗത്തിന് ചികിത്സയിലായിരുന്നെന്നും നിരാശ, ഉത്കണ്ഠ, ആശങ്ക തുടങ്ങി ലഘുമനോരോഗങ്ങള്‍ക്ക് മരുന്നു കഴിച്ചുവരികയാണെന്ന് വരുത്തി എംഎല്‍എയെ രക്ഷിക്കാനാണ് ഉന്നതങ്ങളില്‍ ശ്രമം. അതേസമയം എംഎല്‍എ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തുന്ന വീട്ടമ്മയുടെ ഫോണ്‍സംഭാഷണം സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് ലഭിച്ചതും പുറത്തുവന്നിട്ടുണ്ട്.

പീഡിപ്പിച്ചെന്ന പരാതിയില്‍ വിന്‍സെന്റ് എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് പോലീസ് സ്പീക്കറെ അറിയിച്ചതായാണ് സൂചന. ഇതുസംബന്ധിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാബീഗം സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമുണ്ടാകൂ. ഫോണ്‍വിളികളും പോലീസ് വിശദമായി പരിശോധിക്കുന്നു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എംഎല്‍എ വീട്ടിലെത്തി ചതിക്കുകയായിരുന്നെന്ന് സഹോദരനോട് പറയുന്ന വീട്ടമ്മയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മറ്റാരുടെയും സഹായം അന്വേഷിച്ചു പോകരുതെന്നും ഫോണിലൂടെ ആവശ്യപ്പെടുന്നു.

സഹോദരിയുടെ സംഭാഷണമാണിതെന്ന് സഹോദരന്‍ ഓണ്‍ലൈനിനോട് വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ ബാലരാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീട്ടമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിന്‍സെന്റ് പറയുന്നു. ഏതന്വേഷണത്തെ നേരിടാനും തയ്യാറാണ്. ആരോപണം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here