ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ആലോചന നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രിം കോടതിയില്‍ അറിയിച്ചു. വാട്‌സ്ആപ്പ് പ്രൈവസി പോളിസി കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുമ്പാകെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം വച്ചത്.

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും ഏതെങ്കിലും ടെലികോം ദാതാക്കള്‍ക്കോ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ക്കോ ഷെയര്‍ ചെയ്യാനാവില്ലെന്നും കേന്ദ്രം അറിയിച്ചു. ഈ വിവരങ്ങള്‍ക്കു മേലെയുള്ള ഏത് ആക്രമണവും ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള ആക്രമണമാണെന്നും സുപ്രിം കോടതിയില്‍ അറിയിച്ചു. അതേസമയം, വ്യക്തിവിവരങ്ങള്‍ ഒരാള്‍ക്കും പങ്കുവയ്ക്കില്ലെന്നും അതറിയിച്ച് രേഖാമൂലം സത്യവാങ്മൂലം നല്‍കാമെന്നും വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയ്ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍, സിദ്ധാര്‍ഥ് ലുത്ര, അരവിന്ദ് ദാതര്‍ എന്നിവര്‍ ബെഞ്ചിനെ അറിയിച്ചു.

സ്വകാര്യതാ അവകാശം മൗലികാവകാശമാണോ എന്ന കാര്യത്തില്‍ കോടതി വിധി പറയാനിരിക്കേയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ആധാറിന്റെ ഭരണഘടനാ സാധുത നിശ്ചയിക്കുന്നതിന് മുന്നോടിയായാണ് സ്വകാര്യത മൗലികാവകാശമാണോയെന്നു സുപ്രിംകോടതിയുടെ ഒമ്പതംഗ ബെഞ്ച് പരിശോധിക്കുന്നത്. വ്യക്തിയുടെ സ്വകാര്യത പൂര്‍ണ അവകാശമല്ലെന്ന് വ്യാഴാഴ്ച ഇക്കാര്യത്തില്‍ സുപ്രധാന നിരീക്ഷണമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here