ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമപൗരന്‍ പ്രണബ് പടിയിറങ്ങുന്നു, തലയെടുപ്പോടെ.രാഷ്ട്രപതി എന്ന നിലയ്ക്ക് ഇന്ന് പ്രണബ് മുഖര്‍ജിക്ക് അവസാന ദിനം. സ്വന്തം അഭിപ്രായങ്ങള്‍ ശക്തമായി രേഖപ്പെടുത്തുന്‌പോഴും ഭരിക്കുന്ന സര്‍ക്കാരുമായുള്ള പരസ്യ ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പ്രണബ് മുഖര്‍ജി ശ്രദ്ധിച്ചു. പതിനാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് നാളെ സ്ഥാനമേല്‍ക്കും.
34ആം വയസ്സില്‍ അദ്ധ്യാപകന്റെ ജോലി ഉപേക്ഷിച്ച് പാര്‍ലമെന്റ് അംഗമായ പ്രണബ് മുഖര്‍ജി തികച്ചും രാഷ്ട്രീയക്കാരനായ രാഷ്ട്പതി തന്നെയായിരുന്നു. ഇത് ഒരു ആലങ്കാരിക പദവി മാത്രമല്ല എന്ന് പ്രണബിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. രാഷ്ട്രപതി സ്ഥാനത്തിരുന്ന് മാധ്യമങ്ങള്‍ക്ക് ഒരു അഭിമുഖം പോലും നല്കാത്ത പ്രണബ് മുഖര്‍ജി എന്നാല്‍ അവശ്യഘട്ടങ്ങളിലെല്ലാം തന്റെ അഭിപ്രായം ജനങ്ങളോട് തുറന്നു പറഞ്ഞു.
പാര്‍ലമെന്റ് തടസ്സപ്പെടുമ്പോഴും. ഓര്‍ഡിനന്‍സ് വഴി നയം നയപ്പാക്കുമ്പോഴും. അസഹിഷ്ണുത അഴിഞ്ഞാടുമ്പോഴും, ക്യാംപസുകളില്‍ സംവാദം തടസ്സപ്പെടുമ്പോഴും ഒക്കെ പ്രണബ് മുഖര്‍ജിയുടെ സ്വരം ഭരിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഉയര്‍ന്നു. എന്നാല്‍ ഒരിക്കല്‍ പോലും സര്‍ക്കാരുമായി പരസ്യ ഏറ്റുമുട്ടലിനോ ഭരണത്തിന്റെ വഴിയില്‍ പ്രതിസന്ധിയുണ്ടാക്കാനോ മുഖര്‍ജി ശ്രമിച്ചില്ല.
പ്രണബ് മുഖര്‍ജി മകനെ പോലെ തന്നെ ഉപദേശിച്ചു എന്നാണ് നരേന്ദ്ര മോദി തന്നെ പറഞ്ഞത്. ഇന്നലെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലും മോദിയെ പ്രണബ് മുഖര്‍ജി പുകഴ്ത്തി. അരുണാചല്‍, ഉത്തരാഖണ്ട് നിയമസഭകള്‍ പിരിച്ചുവിടാനുള്ള ശുപാര്‍ശ തിരിച്ചയയ്ക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയപ്പോഴും മുഖര്‍ജി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് പോയില്ല.
ഏറെ നാളായി കെട്ടിക്കിടന്ന 30 ദയാഹര്‍ജികള്‍ തള്ളിക്കൊണ്ട് മുഖര്‍ജി തീര്‍പ്പുകല്പിച്ചു. വിദേശയാത്രകളോട് വലിയ താലപര്യം രാഷ്ട്പതി സ്ഥാനത്ത് എത്തിയ ശേഷം പ്രണബ് പ്രകടിപ്പിച്ചില്ല. എന്നാല്‍ ഇന്ത്യയ്ക്കത്ത് എല്ലാ സംസ്ഥാനങ്ങളിലേക്കും പല വട്ടം പ്രണബ് മുഖര്‍ജി എത്തി. രാഷ്ട്പതി ഭവന്‍ എറെ സജീവമായ അഞ്ചുവര്‍ഷത്തിനാണ് ഇന്നു തിരശ്ശീല വീഴുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here