ന്യൂഡല്‍ഹി:ഇന്ത്യയില്‍ പുതിയ 200 രൂപ നോട്ടുകള്‍ അടുത്ത മാസം മുതല്‍ എത്തിത്തുടങ്ങും. ഇതോടെ നോട്ടുകളുടെ വിനിമയം പഴയനിലവാരത്തിലെത്തുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് മുന്‍പുള്ള അവസ്ഥയിലേക്ക് നോട്ടുകളുടെ വിതരണത്തെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകള്‍ കൊണ്ടുവരുന്നത്. നോട്ട് അസാധുവാക്കിയ സമയത്തെ വിനിമയത്തിന്റെ 86% ഇപ്പോള്‍ കൈവന്നതായാണ് എസ്ബിഐ റിപ്പോര്‍ട്ട്.

2016 നവംബര്‍ ഒന്‍പതിനാണു നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ചത്. അന്നു 17.01 ലക്ഷം കോടി രൂപയുടെ നോട്ടുകളാണു വിനിമയത്തിലുണ്ടായിരുന്നത്. പുതിയ കണക്കുപ്രകാരം 14.50 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിനിമയത്തിലെത്തി. വിപണിയില്‍ വിനിമയത്തിലുള്ള മൊത്തം നോട്ടുകളുടെ 3.8% ബാങ്കുകളിലായിരിക്കുമെന്നാണു സാധാരണ കണക്ക്. എന്നാല്‍, ബാങ്കുകളിലുള്ള പണം വിപണിയിലുള്ളതിന്റെ 5.4 ശതമാനമാണിപ്പോള്‍. അതായത് 1.6 ശതമാനം വര്‍ധന. ഇതനുസരിച്ച് 25,000 കോടി രൂപ കൂടുതലായി ബാങ്കുകളിലുണ്ട്. ഇത് എടിഎമ്മിലും മറ്റുമായി ഉപയോഗിക്കാത്ത അവസ്ഥയിലാണ്.

നിലവില്‍ 500 രൂപയുടെ നോട്ട് കഴിഞ്ഞാല്‍ 2000 രൂപയുടെ നോട്ടേയുള്ളൂ. എടിഎമ്മില്‍നിന്ന് ഇടത്തരം നോട്ടുകള്‍ പിന്‍വലിക്കുന്നതു കുറഞ്ഞിട്ടുണ്ട്. ഇതാണു ബാങ്കുകളുടെ പക്കലുള്ള നോട്ടുകളുടെ അനുപാതം വര്‍ധിക്കാന്‍ കാരണം. 200 രൂപ വ്യാപകമാകുന്നതോടെ എടിഎമ്മില്‍നിന്നു കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്നാണു നിഗമനം. അടുത്ത മാസം മുതല്‍ 200 രൂപ നോട്ടുകള്‍ എത്തിത്തുടങ്ങിയേക്കും. കുന്നുകൂടിയ അസാധുനോട്ടുകളില്‍നിന്നു കള്ളനോട്ടുകള്‍ കണ്ടെത്താന്‍ 12 കറന്‍സി വെരിഫിക്കേഷന്‍ കേന്ദ്രങ്ങള്‍ ആറുമാസത്തേക്കു സ്ഥാപിക്കാന്‍ ആര്‍ബിഐ ടെന്‍ഡര്‍ ക്ഷണിച്ചു. 500, 1000 രൂപ നോട്ടുകള്‍ എണ്ണിത്തീരുന്ന പ്രക്രിയ ഇനിയും പൂര്‍ത്തിയായിട്ടില്ല. കരാറടിസ്ഥാനത്തില്‍ ഇതിന്റെ ചുമതല പുറത്തുനിന്നുള്ള കേന്ദ്രങ്ങള്‍ക്കു നല്‍കും. ഇതിനായി നേരത്തെ ടെന്‍ഡര്‍ വിളിച്ചെങ്കിലും അതു റദ്ദാക്കിയിരുന്നു. അസാധുനോട്ടുകള്‍ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദമായതിന്റെ പിന്നാലെയാണു പുതിയ നടപടി.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ദിവസം 1716.50 കോടി 500 രൂപയുടെ നോട്ടുകളും 685.80 കോടി ആയിരം രൂപയുടെ നോട്ടുകളുമാണു വിനിമയത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here