കൊച്ചി: എന്തും ഏതും വിവാദത്തിലേക്കു കൊണ്ടുചെന്നെത്തിക്കുന്ന കേരളം വായിച്ചറിയണം ഈ കുറിപ്പ്. കൊച്ചിയില്‍നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടായതിനു പിന്നാലെ, നടന്‍മാരായ കലാഭവന്‍ മണി, ശ്രീനാഥ് തുടങ്ങിയവരുടെ മരണത്തെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇരുവരുടേയും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ പ്രചരിച്ചത്. ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു നടന്‍ തിലകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വാട്‌സാപ്പിലൂടെ പ്രചരിക്കുകയും ചെയ്തു. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പ്രചരണം നടക്കുന്നതിനെത്തുടര്‍ന്ന്, ശ്രീനാഥിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. കൃഷ്ണന്‍ ബാലേന്ദ്രന്‍ പോസ്റ്റുമോര്‍ട്ടം ടേബിളിലെ തന്റെ ‘അനുഭവം’ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കടന്നുപോകുമ്പോള്‍ പല വിവാദങ്ങളുടെയും അടിസ്ഥാനം പുകമറയാണെന്നു വ്യക്തമാകും.

”ദിലീപ് സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി സിനിമ മേഖലയില്‍ നടന്ന പല സംഭവങ്ങളെയും എടുത്ത് കിളച്ചുമറിക്കുന്നതിനിടയില്‍ പുറത്ത് വന്നതുമായതും, പത്രങ്ങളിലും, ചാനലുകളിലും, ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ചര്‍ച്ച ചെയ്യപ്പെട്ടതുമായ സംഭവങ്ങളില്‍ ഒന്നായിരുന്നല്ലോ നടന്‍ ശ്രീനാഥിന്റെ മരണവും.

മറ്റു പല കാര്യങ്ങളേക്കുറിച്ചും പറയുന്നതിനിടയില്‍ ശ്രീ. തിലകന്‍ അദ്ദേഹത്തിന്റെ (ശ്രീനാഥിന്റെ) മരണത്തെക്കുറിച്ച് സംസാരിക്കുന്ന, ഏകദേശം ഏഴ് മിനിറ്റ് വരുന്ന ഒരു വിഡിയോ ക്ലിപ്പ്, വാട്ട്‌സാപ്പിലൂടെ പ്രചരിച്ചിരുന്നു. പ്രസ്തുത വിഡിയോ ക്ലിപ്പ് ഏതാണ്ട് പത്തുപേരെങ്കിലും വെവ്വേറെയായി എനിക്ക് അയച്ച് തന്നിട്ടുണ്ട്. രണ്ട് മൂന്നു പേര്‍ക്ക് ഞാന്‍ മറുപടി നേരിട്ട് കൊടുത്തിരുന്നു. എന്നിട്ട് മിണ്ടാതിരുന്നു.

വിട്ടു കളഞ്ഞ സംഭവമായിരുന്നു.

ഇന്നിപ്പോ വീണ്ടും കിട്ടി, ഒന്നൂടെ, വേറൊരിടത്തു നിന്നും.

ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചും, എന്റെ തൊഴിലായ ഫോറന്‍സിക് മെഡിസിന്റെ മേലൊരു സംശയമുയര്‍ത്തിക്കൊണ്ടും ആ വിഡിയോ ഇന്നും കിട്ടിയ സ്ഥിതിക്കാണ് ഈ കുറിപ്പ്.

വീഡിയോയില്‍ ശ്രീ. തിലകന്‍ ശ്രീനാഥിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയെപ്പറ്റി അദ്ദേഹത്തിന് സംശയം ഉയര്‍ത്തിയ രണ്ട് കാര്യങ്ങളെ പറ്റി പറയുന്നുണ്ട്. അവ ഇതാണ്.

Point 1. കോതമംഗലത്ത് വച്ച് നടന്ന മരണത്തില്‍ എന്ത് കൊണ്ട് ഏറ്റവും അടുത്ത മെഡിക്കല്‍ കോളേജായ കോട്ടയത്തോ, അതല്ലെങ്കില്‍ തൃശൂരൊ, പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് കൊണ്ടുപോയില്ല?

Point 2. ‘അമ്മ’ എന്ന താരസംഘടനയുടെ ഭാരവാഹിയായ നടന്റെ ഭാര്യ ഫോറന്‍സിക്ക് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആലപ്പുഴയിലേക്ക് മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പൊയതില്‍ പ്രത്യേക താത്പര്യമുണ്ട്. അതില്‍ പന്തികേടുണ്ട്.

ശ്രീ. തിലകന്‍ അന്തരിച്ചു പോയതിനാല്‍ അദ്ദേഹത്തിനോട് എനിക്ക് ഇത് വിശദീകരിക്കാന്‍ ഇപ്പോള്‍ കഴിയില്ലല്ലോ. പക്ഷേ പ്രസ്തുത വിഡിയോ ക്ലിപ്പ് കണ്ടിട്ടുള്ള ജനങ്ങളുടെ മനസ്സില്‍ ന്യായമായും ഉണ്ടാകാനിടയുള്ള സംശയങ്ങള്‍ക്ക് ഒരു ക്ലാരിഫിക്കേഷന്‍. അതാണ് ഉദ്ദേശം.

Point 1.

ആലപ്പുഴ പോലീസ് സര്‍ജ്ജന്റെ ഔദ്യോഗിക അധികാര പരിധിയില്‍ വരുന്നതാണ് ആലപ്പുഴ + എറണാകുളം ജില്ലകള്‍. കോതമംഗലം എറണാകുളം ജില്ലയിലാണ്. ആ കാരണം കൊണ്ട് തന്നെ ആലപ്പുഴയിലേക്കേ ആ ബോഡി വരൂ. കോട്ടയത്തേക്കോ തൃശൂരേക്കോ അത് പോകില്ല, ദൂരം അല്ല ജൂറിസ്ഡിക്ഷനാണ് അത് നിശ്ചയിക്കുന്നത്. അതാണ് നിയമം. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. ഒരു ക്രൈം നടന്നാല്‍ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനില്‍ അല്ല കേസ്സെടുക്കുന്നത്. ഏത് സ്റ്റേഷന്റെ പരിധിയില്‍ വരുന്നോ, അവിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുക.

Point 2.

ഈ സംഭവം നടക്കുന്ന 2010ല്‍ ആലപ്പുഴ പോലീസ് സര്‍ജ്ജന്‍ ഡോ. ശ്രീകുമാരിയായിരുന്നു. അവര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. Joint Director of Medical Education ആയിട്ട് തിരുവനന്തപുരത്തുണ്ട്. അവരുടെ ഭര്‍ത്താവ് സിനിമ നടനോ ‘അമ്മ’ യുടെ ഭാരവാഹിയോ അല്ല.

ഫോറന്‍സിക്ക് മെഡിസിനില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. പി. രമ പ്രഫസറാണ്, തിരുവനന്തപുരം പോലീസ് സര്‍ജ്ജനാണ്. നടന്‍ ജഗദീഷിന്റെ ഭാര്യയാണവര്‍, ശരിയാണ്. പക്ഷേ 2010ല്‍ അവര്‍ ആലപ്പുഴയിലില്ല. അവര്‍ അന്നും തിരുവനന്തപുരത്തായിരുന്നു. ഇന്നും.

എന്തിന് ഞാനിത് എഴുതണം?

ശ്രീനാഥിനേ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഞാനായിരുന്നു. പരിശോധനയുടെ അടുത്ത ദിവസം റിപ്പോര്‍ട്ടും കൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥന് CrPC പ്രകാരമുള്ള 161 statementഉം കൊടുത്തു. എന്നേ സംബന്ധിച്ചിടത്തോളം ആ കേസ്സില്‍ ഇനി എനിക്ക് എന്തെങ്കിലും റോളുണ്ടെങ്കില്‍ത്തന്നെ അത് കോടതിയില്‍ നിന്നും സമന്‍സ് ലഭിച്ചാല്‍ പോയി depose ചെയ്യണം അത്ര തന്നെ.

നത്തിങ്ങ് മോര്‍, നത്തിങ്ങ് ലെസ്.

PART 2

എല്ലാവരുടേയും കാര്യം എനിക്കറിയില്ല. എന്റെ കാര്യം പറയാം. ഞാന്‍ എന്റെ ടേബിളില്‍ കിടക്കുന്നവരോട് സംസാരിക്കും, കമ്മ്യൂണിക്കേറ്റ് ചെയ്യും. അവര്‍ എന്നോടും. അതിന് ഒരു ഭാഷയുണ്ട്. നിശ്ശബ്ദമാണത്. പക്ഷേ അതീവസുന്ദരവും.

ഇന്നുവരെ പരേതന്റെ EXPLICIT സമ്മതത്തോടെയാണ് (മൗനാനുവാദം അല്ല) ഞാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുള്ളത്. ഈ ഭാഷ പൂര്‍ണ്ണമായും മനസ്സിലാകുന്ന ചില സന്ദഭങ്ങളില്‍ എനിക്ക് ശ്വാസംമുട്ടാറുണ്ട്, നെഞ്ചുപിടയ്ക്കാറുണ്ട്, ചിരിവരാറുണ്ട്, ചിലപ്പോള്‍ പൊള്ളാറുണ്ട്. കരച്ചില്‍ വരും മറ്റുചിലപ്പോഴൊക്കെ. പരിശോധന കഴിഞ്ഞും റിപ്പോര്‍ട്ട് എഴുതി തീരുന്നത് വരേയും ചിലര്‍ സംസാരിച്ച് കൊണ്ടേയിരിക്കും. ചിലര്‍ വളരെ വളരെ അപൂര്‍വമായി ഇങ്ങ് കൂടെപ്പൊരും.

പരിശോധനയുടെ PEAK DEFINING മോമന്റ് ഒരാളുടെ BRAIN നമ്മുടെ കൈകളിരിക്കുമ്പോഴാണ്. ഒരു മനുഷ്യന്റെ ആകെത്തുകയാണത്. അതിലടങ്ങിയിരിക്കുന്നു അവന്റെ സന്തോഷങ്ങളും ദുഖങ്ങളും, അവനിലെ വീരനും ഭീരുവും കാമുകനും വഞ്ചകനും, പ്രേമവും കാമവും ക്രോധവും, പകയും സ്‌നേഹവും വാത്സല്യവും, വിശപ്പും ദാഹവും, കരുണയും വൈരാഗ്യവും, ആശകളും നിരാശകളും… എല്ലാം… എല്ലാം… ഒരു മനുഷ്യനേ അവനാക്കിയ അവന്റെ BRAIN.

അത് എന്റെ കൈകളില്‍ എത്തുന്ന ആ നിമിഷമാണ് ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ ZENITH, most overwhelming. വല്ലാതെ അങ്ങ് ചെറുതാവും ആ നിമിഷം നമ്മള്‍. ഒരു കഥ പറയാനാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഒരു ജീവിതത്തിന്റെ കഥ. മരണത്തിന്റെയും.

‘നിനക്കിത് എനിക്കുവേണ്ടി പറയാമോ? അതിന് നീ എന്നോട് ശരിക്കും ശ്രദ്ധിക്കണം, എന്റെ ജീവിതം കാണണം… ഒരു ചെറിയ നിമിഷത്തേക്കെങ്കിലും എന്റെ കൂടെ എന്റെ മരണം നീയും മരിക്കണം… നിന്നില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമാണ് …

ഒരു ഉത്തരവാദിത്തമാണ്. ആ നിമിഷത്തിന്റെ sancttiy-യില്‍ നിന്നാണ്, സത്യത്തിന്റെ സാക്ഷികള്‍ പിറക്കുന്നത്.

ഒരു വേദപുസ്തകത്തിലും തൊട്ടുള്ള സത്യം ചെയ്യലിനും, മറ്റേത് സധൈര്യ സത്യപ്രതിജ്ഞകള്‍ക്കും നമ്മളില്‍ നിന്നും ആവശ്യപ്പെടാനവുന്ന ഒരു commitment പോലേയുമല്ലിത്. ഇതിന് സമാനതകളില്ല.

അവിടുന്നാണ്, ആ നിമിഷത്തിന്റെ അപാരഭംഗിയില്‍ നിന്നുമാണ് ഒരു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടാവുന്നത്.

PART 3

അത് കൊണ്ട് തന്നെ ഒരു ക്ലാരിഫിക്കേഷനും ഞാന്‍ തരില്ല. ഒന്നിനും. എന്റെ പ്രതിബദ്ധത എനിക്ക് എന്റെ കൂട്ടുകാര്‍ ഏല്‍പ്പിച്ച കര്‍ത്തവ്യത്തോടും സത്യത്തോടുമാണ്. അത് കേള്‍ക്കുന്നവരില്‍ എന്ത് തോന്നലുണ്ടാക്കുന്നു എന്നത് എന്റെ വിഷയവുമല്ല.

പറയാന്‍ ഏല്‍പ്പിച്ച കാര്യങ്ങള്‍, കാണിച്ചു തന്ന സത്യങ്ങളില്‍ നിന്നു ഞാന്‍ ഉണ്ടാക്കിയെടുത്ത അഭിപ്രായങ്ങള്‍, തെളിവുകളുടെ സഹായത്തോടെ, ന്യായവും യുക്തിപൂര്‍വ്വവുമായി കോടതികളില്‍ പറയുക എന്നത് മാത്രമാണ് എന്റെ ജോലി.

അത് പറയാനും, എന്റെ ഈ Most Privileged പ്രത്യേക അവകാശം എന്റെ തോഴിലിലൂടെ നടത്താനും, എനിക്ക് കഴിയുന്നത് സമാനതകളില്ലാത്ത ആ നിമിഷത്തിന്റെ മൂല്യം ഞാന്‍ മനസ്സിലാക്കുന്നത് കൊണ്ടാണ്.

ആ ഒരു നിമിഷം…..

ഡോക്ടറുടെ പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here