തൃശൂര്‍: മുടി നീട്ടി വളര്‍ത്തിയതിനും കൂട്ടുകാരിയോട് സംസാരിച്ചതിനും പൊലീസ് പിടിച്ചു കൊണ്ടു പോയി മുലഞെട്ട് ഞെരിച്ചു പൊട്ടിച്ചും ജനനേന്ദ്രിയം തകര്‍ത്തും ആത്മഹത്യയിലേയ്ക്ക് വലിച്ചെറിഞ്ഞ വിനായകനു വേണ്ടി ‘ആത്മഹത്യ ചെയ്യാത്ത വിനായകന്മാര്‍’ സംഘടിക്കുന്നു. കേരളത്തിലെ ഫ്രീക്കന്മാരെ പാടാനും പറയാനും തൃശൂരിലേയ്ക്ക് .വിളിക്കുന്നത് ഊരാളി ബാന്‍ഡിലെ കലാകാരന്മാരാണ്. തികച്ചും അനൗദ്യോഗികമായ കൂട്ടായ്മയാണിത്. കേരളത്തില്‍ ഇത്തരത്തില്‍ സാംസ്‌കാരിക സമരം ആദ്യമായി സംഘടിപ്പിക്കപ്പെടുകയാണ്. ‘വരൂ… പാട്ടും പഴങ്ങളും പങ്കുവെയ്ക്കാം’ എന്നാണ് ഫ്രീക്ക്‌സ് യുണൈറ്റഡ് എന്ന ഹാഷ് ടാഗിട്ട കൂട്ടായ്മയെ പറ്റി ഊരാളി പറയുന്നത്.
29 ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് മുടി നീട്ടിയവരും താടി വളര്‍ത്തിയവരും മുടി വടിച്ചവരും പലതരത്തില്‍ സ്‌റ്റൈലൈസ് ചെയ്തവരും ട്രാന്‍സ് ജെന്‍ഡേഴ്‌സും പെണ്ണും ആണും വിനായകന്റെ മരണം കൊലപാതകമാണെന്ന് പാടിപ്പറയാന്‍ ഒത്തു കൂടുന്നത്. സര്‍വ്വരാജ്യ ഫ്രീക്കന്മാരെ സംഘടിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റ്, സ്വന്തം ഫ്രീക്ക് ഫോട്ടോ സഹിതം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

പോസ്റ്റില്‍ പറയുന്നു ‘എന്റെ പേര് വിനായകന്‍ എന്നല്ല.എനിക്ക് 19 വയസ്സല്ല.ഞാന്‍ പോലീസിനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടുവനല്ല. പക്ഷെ,ഞാന്‍ വിനായകനെപ്പോലെ എന്റെ ഇഷ്ടത്തിനനുസരിച്ചു മുടി വളര്‍ത്തുന്നവനാണ്,വേഷം ധരിക്കുന്നവനാണ്. വിനായകനെപ്പോലെ സൗഹൃദങ്ങള്‍ ഉള്ളവനാണ്,അത് പങ്കുവെക്കുന്നവനാണ്.
വിനായകനെപ്പോലെ ഇരുണ്ട തൊലിനിറമുള്ളവനാണ്. വിനായകനെപ്പോലെ മുടി വളര്‍ത്തിയതിന്റെ പേരില്‍ പോലീസിനാല്‍ ആക്രമിക്കപ്പെട്ടവനാണ്.ആളുകളുടെ മുന്നില്‍ അപമാനിതനായവനാണ്. പക്ഷെ വിനായകനെപ്പോലെ ശരീരവും മനസും തകര്‍ന്നു ആത്മഹത്യ ചെയ്തവനല്ല. എന്റെ പേര് വിനായകനെന്നല്ല എന്നാല്‍ വിനായകനുമാണ് ഞാന്‍. കാരണമേതുമില്ലാതെ കേരളത്തിലെ പോലീസിന്റെ പീഡനത്തെ ഏറ്റുവാങ്ങിയ ആയിരക്കണക്കിന് ചെറുപ്പക്കാരില്‍ ഒരുവന്‍.

LEAVE A REPLY

Please enter your comment!
Please enter your name here