”സാധാരണക്കാരും ഇടത്തരക്കാരും അടങ്ങുന്ന ബഹുഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളെന്തെല്ലാമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് നിറവേറ്റാന്‍ ചെയ്യേതെന്തെന്നും അറിയാം. 25 വര്‍ഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മൈക്രോഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിച്ചു നേടിയ ഈ അറിവാണ് ഞങ്ങളുടെ വൈദഗ്ധ്യം. അതിനാല്‍ ഏതു മുന്‍നിര ബാങ്കിനോടും ഈ രംഗത്ത് മത്സരിച്ചു പിടിച്ചുനിക്കാനാകുമെന്ന ആത്മവിശ്വാസം ഇസാഫ് ബാങ്കിനുണ്ട്.” കെ. പോള്‍ തോമസ് (മാനേജിംഗ് ഡയറക്ടര്‍ & സി. ഇ. ഒ., ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്)

KPaulThomas,MD&CEO,ESAFBank(2)

‘ഇസാഫ്’ എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ത്ഥം ‘സാന്ത്വനം’ എന്നാണ്. ഭാരതത്തിലെ 11 സംസ്ഥാനങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക ബിസിനസ് സംരംഭമാണ് ഇസാഫ്. 1992 -ല്‍ എന്‍. ജി. ഒ.  ആയി പ്രവര്‍ത്തനമാരംഭിച്ച ഇസാഫ്, ഇന്ന് കേരളം ആസ്ഥാനമായ റിസര്‍വ് ബാങ്ക് അംഗീകൃത സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറിയിരിക്കുകയാണ്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെറിയ ഒരു ബാങ്കല്ല. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള ഒരു വലിയ ബാങ്കാണ്.  തൊണ്ണൂറുകളുടെ മധ്യത്തില്‍ സാധാരണക്കാരുടെ സാമ്പത്തിക സേവനങ്ങള്‍ക്കുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഒരു സാമൂഹിക ബിസിനസ് സംരഭത്തിന് നാന്ദി കുറിക്കുവാന്‍ ഇസാഫിന്റെ സ്ഥാപകന്‍ കെ. പോള്‍ തോമസിന് സാധിച്ചു.

വാടകവീട്ടില്‍ നിന്നും ഒരു വലിയ ബാങ്ക്

1992-ല്‍ തൃശ്ശൂരിലെ മണ്ണുത്തിയിലുള്ള ‘ലിറ്റില്‍’ എന്ന വാടകവീട്ടില്‍ താമസിച്ചു വരവെയാണ് കെ. പോള്‍ തോമസ് ഇസാഫിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്. തന്റെ ദര്‍ശനം ഭാര്യ മെറീനയുമായും ചില സുഹൃത്തുക്കളുമായും പങ്കുവെച്ചു. അങ്ങനെ പോളും ഭാര്യ മെറീനയും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം കൊടുത്ത ഇസാഫ്, വരുമാന മാര്‍ഗവും പുതിയ ജീവിതവും നല്‍കിയത് ലക്ഷക്കണക്കിന് ആളുകള്‍ക്കാണ്. 16 ലക്ഷത്തിലേറെ കുടുംബങ്ങളില്‍ വിവിധ തരത്തിലുള്ള സേവനങ്ങള്‍ എത്തിക്കുവാന്‍ ഇസാഫിന് കഴിഞ്ഞിട്ടുണ്ട്. ഇതുവരെ വായ്പയായി മാത്രം നല്‍കിയത് പതിനായിരം കോടി രൂപയാണ്. 2016 ല്‍ മാത്രം 2388 കോടി രൂപയാണ് ഇസാഫില്‍ നിന്ന് 10 സംസ്ഥാനങ്ങളിലെ ആവശ്യക്കാരിലെത്തിയത്. കേരളം മുതല്‍ ജാര്‍ഖണ്ഡ് വരെ നീളുന്ന ഈ സഹായ ഹസ്തങ്ങളാണ് ഒരു ചെറിയ പ്രസ്ഥാനമായി തുടങ്ങിയ ഇസാഫിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സാമ്പത്തിക സ്ഥാപനമാക്കി മാറ്റിയത്. 10 സംസ്ഥാനങ്ങളിലെ 94 ജില്ലകളിലായി 16,05,097 അംഗങ്ങളും 12 ലക്ഷം ഉപഭോക്താക്കളുമാണ്  ഇപ്പോള്‍ ഇസാഫിനുള്ളത്. ഇസാഫിന്റെ ആകെ മൂലധനം 315 കോടി രൂപയാണ്.

ഇന്ന് കാണുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലേക്കുള്ള വളര്‍ച്ച ഈ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവയ്ക്കുന്നു. ചെറുപ്പകാലം?

പാലക്കാട് ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ കിഴക്കഞ്ചേരിയിലാണ് ഞാന്‍ ജനിച്ചത്. പിതാവ് ഒരു കര്‍ഷകനായിരുന്നു. മാതാവ് ഒരു സാധാരണ വീട്ടമ്മയും. പത്ത് അംഗങ്ങളുള്ള വലിയ കുടുംബ മായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് തന്നെ ഞാന്‍ കൃഷിയിലും കര്‍ഷകരുടെ കാര്യങ്ങളിലും ഏറെ താല്പര്യം കാണിച്ചിരുന്നു. അവരോട് സംസാരിക്കുന്നതിനും അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നതിനും അതിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കുവാനും എനിക്കിഷ്ടമായിരുനു. ആ അഭിനിവേശമാണ് ഇസാഫ് എന്ന എന്‍. ജി. ഒ. ആരംഭിക്കുവാന്‍ എനിക്ക് പ്രേരകശക്തിയായത്. യേശുക്രിസ്തുവിന്റെ ജീവിതമാതൃകയും പഠിപ്പിക്കലുകളുമാണ് ഇത്തരത്തില്‍ ഒരു പ്രസ്ഥാനം രൂപംകൊടുക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായ മറ്റൊരു വസ്തുത.

എങ്ങനെയാണ് ഒരു എന്‍.ജി.ഒ. ഒരു സാമൂഹിക ബിസിനസ് സംരംഭമായി മാറിയത്?

പ്രാരംഭഘട്ടത്തില്‍ ഇസാഫ് പ്രധാനമായും ശ്രദ്ധിച്ചിരുന്നത് തൊഴിലില്ലായ്മ, വിദ്യാഭ്യാസം, സാമൂഹ്യപ്രശ്‌നങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണം, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവയായിരുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ പരിവര്‍ത്തനം വരുത്തുവാന്‍ പണം അവിഭാജ്യ ഘടകമാണെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവില്‍ ഞങ്ങള്‍ 1995-ല്‍  ഇസാഫ് മൈക്രോ എന്റര്‍പ്രൈസസ് ഡിവിഷന്‍ ആരംഭിച്ചു. ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്കിനുണ്ടായ വിജയവും എന്നെ സ്വാധീനിച്ചു. 1997 -ല്‍ ഞാന്‍ ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്കിന്റെ സ്ഥാപകനും നോബേല്‍ സമ്മാന ജേതാവുമായ പ്രൊഫ. മുഹമ്മദ് യൂനസിനെ പരിചയപ്പെട്ടു. അടുത്ത വര്‍ഷം തന്നെ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും പ്രാഥമിക ഫണ്ടിങ്ങും ഞങ്ങള്‍ക്ക് ലഭിച്ചു. തുടര്‍ന്നുള്ള പത്ത് വര്‍ഷംകൊണ്ട് സാമ്പത്തികമായി വന്‍കുതിച്ചു ചാട്ടം തന്നെ ഇസാഫ് നടത്തി. 2008-ല്‍ ഞങ്ങള്‍ ഇസാഫ് മൈക്രോഫിനാന്‍സ് & ഇന്‍വെസ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിസര്‍വ്വ് ബാങ്ക് അംഗീകൃത എന്‍. ബി. എഫ്. സി. ആയി മാറി.

KPaulThomas,MD&CEO,ESAFBank(3)

എന്താണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍?

‘സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ബാങ്കിങ്ങ് സേവനങ്ങള്‍ എത്തിക്കുക’ എന്ന ലക്ഷ്യവുമായാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന ചെറുബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. സാധാരണ ബാങ്കുകളെപ്പോലെ നിക്ഷേപം സ്വീകരിക്കാനും വായ്പ ലഭ്യമാക്കുവാനും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ മൊത്തം വായ്പയുടെ 70 ശതമാനം കൃഷി, സ്വയംതൊഴില്‍, അസംഘടിതമേഖലയിലെ സംരംഭങ്ങള്‍ പോലുള്ള താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കായിരിക്കണം നല്‍കേണ്ടത്. മൊത്തം വായ്പയുടെ പകുതിയും 25 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പയായിരിക്കണം എന്നും വ്യവസ്ഥയുമുണ്ട്. എന്നാല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തനപരിധിയില്ല. എ.ടി.എം, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നീ സേവനങ്ങളെല്ലാം മറ്റേത് മുന്‍നിര ബാങ്കുകളെപ്പോലെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലും ലഭ്യമാണ്. ഇവിടെ നിക്ഷേപത്തിന് പരിധിയില്ല.

സംരഭകരോട് കെ. പോള്‍ തോമസിന് പറയാനുള്ളത്.

ഏതിനോടും ഒരു പാഷന്‍ ഉണ്ടായിരിക്കണം എങ്കില്‍ മാത്രമേ നല്ല രീതിയില്‍ മനസ്സറിഞ്ഞ് ആ പ്രവര്‍ത്തിപൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. തുടക്കത്തില്‍ തന്നെ അമിത ലാഭവും കൂടുതല്‍ പണം സമ്പാദിക്കാനുമുള്ള മോഹവും ഉപേക്ഷിക്കുക, അത് ഉള്ളിലുള്ള ലക്ഷ്യത്തിന് തടസ്സം സ്യഷിക്കും. അതുപോലെ വ്യസ്തമായ ആശയങ്ങള്‍ക്കു വേണ്ടി അധ്വാനിക്കുക പ്രതിസന്ധികളില്‍ പതറാതെ പിടിച്ചു നിന്നാല്‍ വിജയം നിങ്ങളോടൊപ്പം ആയിരിക്കും.എല്ലാത്തിനും അതീതമായി ബിസിനസ്സ് ഏതു തന്നെ ആയാലും സമൂഹികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. സമൂഹനന്മക്ക് പ്രാധാന്യം നല്‍കുക. അത് നിങ്ങള്‍ നാളെ സഞ്ചരിക്കുന്ന വഴികളില്‍ നിങ്ങള്‍ക്ക് തണലേകും.

പുതിയ ബാങ്കിനെക്കുറിച്ച്…

സാധാരണക്കാരും ഇടത്തരക്കാരും അടങ്ങുന്ന ബഹുഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളെന്തെല്ലാമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് നിറവേറ്റാന്‍ ചെയ്യേണ്ടതെന്തെന്നും അറിയാം. 25 വര്‍ഷം പ്രവര്‍ത്തിച്ചുനേടിയ ഈ അറിവാണ് ഞങ്ങളുടെ വൈദഗ്ധ്യം. അതിനാല്‍ ഏതു മുന്‍നിര ബാങ്കിനോടും ഈ രംഗത്ത് മത്സരിച്ചു പിടിച്ചുനില്‍ക്കാനാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനെപ്പറ്റി താങ്കളുടെ ദര്‍ശനം എന്താണ്?

എല്ലാ തരത്തിലുമുള്ള ഉപഭോക്താക്കളെയും പരിഗണിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് ആവണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. സാധാരണ ബാങ്കുകള്‍ അവഗണിക്കുന്ന പാവപ്പെട്ട ഉപഭോക്താക്കളെയാണ് ഞങ്ങള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു ബാങ്കായിത്തന്നെ ഞങ്ങള്‍ നിലകൊള്ളും.

നിലവിലുള്ള മറ്റു ബാങ്കുകളില്‍ നിന്ന് ഇസാഫ് ബാങ്കിന് എന്താണ് വ്യത്യാസം?

ഉപഭോക്താവിനെ സംബന്ധിച്ച് കാര്യമായ വ്യത്യാസമില്ല. മറ്റേത് ബാങ്കിലും ലഭ്യമാകുന്ന സേവനങ്ങളെല്ലാം ഇവിടെനിന്നും ലഭിക്കും. ബാങ്കിംഗ് റെഗുലേറ്ററി ചട്ടങ്ങള്‍ക്കനുസരിച്ച് ചില നിയന്ത്രണങ്ങളുണ്ട്. നല്‍കുന്ന വായ്പയില്‍ 50 ശതമാനം 25 ലക്ഷം രൂപയില്‍ കുറവായിരിക്കണം. ബാക്കി 50 ശതമാനത്തിന് പരിധിയില്ല. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് വായ്പയില്‍ പ്രകടമായ നിയന്ത്രണങ്ങളില്ല. വേറെ വ്യത്യാസങ്ങളൊന്നു മില്ലെന്നതും പരിധിയില്ലാത്ത നിക്ഷേപവും, ചെക്ക് ക്ലിയറന്‍സ്, മണി ട്രാന്‍സ്ഫര്‍, ഇന്‍ഷുറന്‍സ്, മ്യുച്ച്വല്‍ ഫണ്ട് എന്നിവയെല്ലാം ലഭിക്കുമെന്നതും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രത്യേകതകളാണ്.

വായ്പയിലുള്ള നിയന്ത്രണം ബാങ്ക് എന്ന നിലയില്‍ തടസ്സമാകില്ലേ?

ഇത്രയും നാളും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളായിരുന്നു. അതും മറ്റു ബാങ്കുകള്‍ വായ്പ കൊടുക്കാതിരുന്നവര്‍ക്ക്. ബാങ്ക് ആകുന്നതോടെ ചെറുകിട വായ്പ നല്‍കുമ്പോള്‍ 10 ലക്ഷം രൂപയില്‍ കുറവുള്ള റീടെയ്ല്‍ വായ്പകളിലാകും ഊന്നല്‍. കോര്‍പ്പറേറ്റ് വായ്പകള്‍ കാര്യമായി നല്‍കാന്‍ ആദ്യഘട്ടത്തില്‍ ഉദ്ദേശ്യമില്ല. അതേസമയം ഉയര്‍ന്ന വരുമാനക്കാര്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കും. ഒരു മേഖലയേയും ഞങ്ങള്‍ ഒഴിവാക്കില്ല.

വന്‍കിട ബാങ്കുകളുമായുള്ള ഇസാഫിന്റെ  മത്സരം ഏതുതരത്തിലായിരിക്കും?

ഉപഭോക്താക്കള്‍ക്ക് ലളിതമായ ഒരു വാഗ്ദാനമാണ് ഞങ്ങള്‍ നല്‍കുന്നത്. ‘ജോയ് ഓഫ് ബാങ്കിങ്’. ജോയ് അഥവാ ആനന്ദം എന്നത് സാധ്യമാവുന്നത് സാങ്കേതിക വിദ്യയുടെയും സേവനത്തിന്റെയും പിന്‍ബലത്തിലാണ്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഉപഭോക്താവിന് മിനിമം ബാലന്‍സ്, സേവന നികുതി തുടങ്ങിയവയുടെ ഭാരമില്ല. ഞങ്ങള്‍ ഡോര്‍ സ്റ്റെപ് ബാങ്കിങ് സേവനവും നല്‍കുന്നുണ്ട്. ഞങ്ങളുടെ തരംതിരിവ് സാങ്കേതിക മികവിന്റെയും മാനുഷിക മൂല്യത്തിന്റെയും അടിസ്ഥാനത്തിലാണ്. ഈ ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ മറ്റു ബാങ്കുകള്‍ പരാജയപ്പെടുന്നു. ഇതാണ് ഇസാഫ് കഴിഞ്ഞകാലങ്ങളില്‍ നടത്തിവന്നത്. ടാബ് ബാങ്കിങ് പോലുള്ള സാങ്കേതിക വിദ്യ ഞങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുന്നു. കൂടാതെ ആകര്‍ഷകമായ പലിശനിരക്കുകളാണ് ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. വിദേശ നിക്ഷേപത്തിന് 9% പലിശ, സേവിങ്‌സിന് അക്കൗണ്ടില്‍ 7% പലിശ എന്നിവ ഇന്ത്യയിലെ തന്നെ മികച്ച പലിശ നിരക്കുകളാണ്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് പ്രാരംഭത്തില്‍ തന്നെ 12 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ട്. അതിനാലാണ് ഇത്തരത്തില്‍ മികച്ച പലിശനിരക്കുകള്‍ നിശ്ചയിക്കാന്‍ ഞങ്ങള്‍ക്ക് സഹായകരമായത്.

ബാങ്കിംഗും സാമൂഹ്യപ്രതിബദ്ധതയും?

ഇസാഫ് എന്നും സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇനിയും ഞങ്ങള്‍ അതു തന്നെ തുടരും. സാമൂഹനന്മ ലക്ഷ്യമാക്കി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ‘ഹൃദയ ഡെപ്പോസിറ്റ്’ എന്നപേരില്‍ ഒരു നിക്ഷേപ പദ്ധതി തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. നിക്ഷേപത്തോടൊപ്പം സാമൂഹ്യക്ഷേമ പദ്ധതികളില്‍ പങ്കാളികളാകുന്നതിനുള്ള അവസരവും നിക്ഷേപകന് ഇതിലൂടെ ലഭിക്കുന്നു. മറ്റൊരു ബാങ്കും ഇതുവരെ നല്‍കാന്‍ ധൈര്യപ്പെടാത്ത ഒരു പദ്ധതിയാണ് ഇത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെയുള്ള നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ നിക്ഷേപകനെ രാഷ്ട്രനിര്‍മ്മാണ ത്തില്‍ പങ്കാളികയാക്കുന്നു. കുറഞ്ഞ നിക്ഷേപ തുക 15 ലക്ഷം രൂപയാണ്. കുറഞ്ഞ കാലാവധി രണ്ട് വര്‍ഷവും. മൂന്ന് മാസത്തെ ഇടവേളയില്‍ പലിശ ലഭിക്കുന്നു. ഈ പദ്ധതിയിലെ ഓരോ നിക്ഷേപവും രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഇസാഫ് എങ്ങനെ വിനിയോഗിക്കുന്നു എന്ന് നേരിട്ട് മനസ്സിലാക്കുവാനും നിക്ഷേപകന് അവസരം നല്‍കുന്നതോടൊപ്പം കൃത്യമായ റിപ്പോര്‍ട്ടും നിശ്ചിത ഇടവേളകളില്‍ ലഭിക്കുന്നു.

എന്‍.ആര്‍.ഐ. ഉപഭോക്താക്കള്‍ക്കുള്ള വാഗ്ദാനങ്ങള്‍ എന്തൊക്കെയാണ് ?

പ്രധാനമായും എന്‍.ആര്‍.ഐ., എച്.എന്‍.ഐ. ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയാണ് ‘ഹൃദയ നിക്ഷേപം’. പേര് സൂചിപ്പിക്കുന്ന പോലെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകാത്ത സ്ഥലങ്ങളില്‍ സേവനം നടത്തുകയും നിക്ഷേപകന് പരമാവധി ലാഭം ഉണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം. ഇതിലൂടെ ഇസാഫ് എല്ലാവര്‍ക്കും സാന്ത്വനമാവുന്ന രീതിയിലുള്ള നിക്ഷേപ സംസ്‌കാരം ആവിഷ്‌കരിച്ചിരിക്കുകയാണ്. ഇതിനു പുറമെ എന്‍ ആര്‍ ഐക്കാര്‍ക്ക് വേണ്ടി സ്‌കൈപ്പ് കൗണ്ടറുകള്‍ ഞങ്ങളുടെ ബ്രാഞ്ചുകളില്‍ തുറന്നിട്ടുണ്ട്. ഇത് വിദേശത്തുള്ള പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ അവര്‍ക്കു അവസരം നല്‍കും.

നിഷ്‌ക്രിയ ആസ്തികളെപ്പറ്റി ?

കൂട്ടുത്തരവാദിത്തം സഹവര്‍ത്തിത്തം പരസ്പര വിശ്വാസം എന്നീ മൂല്യങ്ങള്‍ ഞങ്ങളുടെ സംഘാംഗങ്ങള്‍ പുലര്‍ത്തുന്നു. പാവപ്പെട്ടവര്‍ക്ക് ഈടില്ലാതെ വായ്പ നല്‍കിയാല്‍ 100 ശതമാനവും അവര്‍ തിരിച്ചുനല്‍കും എന്ന ഉറപ്പാണ് ഇസാഫിന്റെ പിന്‍ബലം. അതിനാല്‍ കിട്ടാക്കടത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ വളരെ സുരക്ഷിതരാണ്. ഒരു എന്‍.ബി.എഫ്.സി. എന്ന നിലയില്‍ ഇസാഫിന്റെ കിട്ടാക്കടം 0.2% മുതല്‍ 0.3% വരെ ശതമാനം മാത്രമാണ്. 1995 -ല്‍ 3000 രൂപവീതം സാധാരണക്കാരായ 10 സ്ത്രീകള്‍ക്ക് വായ്പ നല്‍കിയായിരുന്നു മൈക്രോക്രെഡിറ്റ് പദ്ധതിയുടെ ആരംഭം. വായ്പ തിരിച്ചടയ്ക്കുന്നതില്‍ അന്നവര്‍ കാണിച്ച വിശ്വാസവും വിശ്വസ്തതയുമാണ് ഇസാഫിന് ലഭിച്ച ധൈര്യം. വായ്പാതിരിച്ചടവില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ വീഴ്ച വരുത്താറില്ല. ഇടയ്ക്കിടെ നടത്താറുള്ള ബോധവല്‍ക്കരണ പരിപാടികളിലൂടെ വായ്പ തിരിച്ചടക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ക്കു ഞങ്ങള്‍ മനസ്സിലാക്കി കൊടുക്കുന്നു.

കോര്‍പ്പറേറ്റ്, റീടെയില്‍, റൂറല്‍ മേഖലകളില്‍ ഏതുതരത്തിലുള്ള വളര്‍ച്ചയാണ് ഇസാഫ് പ്രതീക്ഷിക്കുന്നത് ?

റൂറല്‍ വികസനം ഇസാഫിനെ അപേക്ഷിച്ച് ഒരു വലിയ വെല്ലുവിളിയല്ല. ഞങ്ങളുടെ പ്രധാന മേഖല വികസിതമല്ലാത്ത ഗ്രാമങ്ങളാണ്. അവിടെ കോര്‍പറേറ്റ് ബില്‍ഡ് ചെയ്യുക എന്നതാണ് ഞങ്ങളുടെ വെല്ലുവിളി. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജ്യം മുഴുവന്‍ സേവനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. തുടക്കത്തില്‍ പത്ത് സംസ്ഥാനങ്ങളിലാണ് ശാഖകള്‍ തുറക്കുന്നത്. അതിനു ശേഷം നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലേക്ക് നീങ്ങും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഉപഭോക്താക്കളും 20,000 കോടി രൂപയുടെ ബിസിനസ്സും 500 ബ്രാഞ്ചുകളും 5,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ഇസാഫിന്റെ ലക്ഷ്യം. പ്രാഥമിക ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന 309 അള്‍ട്രാ സ്‌മോള്‍ ബ്രാഞ്ചുകള്‍ നിലവില്‍ ഇസാഫിനുണ്ട്. ഈ വര്‍ഷം 300 റീടെയ്ല്‍ ബാങ്കിംഗ് ശാഖകള്‍ പുതുതായി ആരംഭിക്കും.

നൂറിലധികം ബാങ്കുകളുള്ള രാജ്യത്ത് എന്താണ് പുതിയ ഒരു ബാങ്കിന്റെ പ്രസക്തി?

ബാങ്കുകള്‍ നിരവധിയുണ്ടാകാം. പക്ഷേ ബാങ്ക് ഇല്ലാത്ത സ്ഥലങ്ങള്‍ (അണ്‍ ബാങ്കിങ്ങ് ഏരിയ), ഇന്ത്യയില്‍ ഏറെയാണ്. അതായത് ബാങ്ക് ഉണ്ടെങ്കിലും വലിയൊരു ശതമാനത്തിനും അവരാഗ്രഹിക്കുന്ന ബാങ്കിങ്ങ് സേവനങ്ങള്‍ ലഭിക്കുന്നില്ല. അവിടെയെല്ലാം ഇസാഫ് ബാങ്കിന് പ്രസക്തിയുണ്‍്. നിലവിലെ ഉപഭോക്താക്കള്‍ക്കുള്ള ആവശ്യങ്ങള്‍ പോലും മൈക്രോഫിനാന്‍സ് സ്ഥാപനം എന്ന നിലയില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് നടത്താനാകുന്നില്ല. അതു തന്നെ വലിയ സാധ്യതയാണ് തുറന്നിടുന്നത്.

വിശദമാക്കാമോ?

ഞങ്ങള്‍ക്ക് 16 ലക്ഷത്തോളം അംഗങ്ങളുണ്ട്. നമ്മുടെ മൈക്രോഫിനാന്‍സ് വായ്പ ഉപയോഗിച്ച് സ്വയം തൊഴില്‍ കണ്ടെത്തി നല്ല തീരിയില്‍ വളര്‍ന്ന അവരില്‍ പലരും വിപുലീകരണത്തിനായി കൂടുതല്‍ വായ്പ ആവശ്യപ്പെട്ടു വരുമ്പോള്‍ നല്‍കാനാകുന്നില്ല. ഞങ്ങള്‍ തന്നെ അവരെ മറ്റ് ബാങ്കുകളിലേക്ക് പറഞ്ഞുവിടുകയാണ് ചെയ്യുന്നത്. ഇനി അത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകും.

വായ്പകള്‍ സാധാരണക്കാര്‍ക്ക്

ചെറുകിടക്കാര്‍ക്ക് ഭവനവായ്പ കിട്ടാന്‍ പ്രയാസമാണ്. ശമ്പള വരുമാനക്കാരല്ലാത്തവര്‍ക്ക് പ്രത്യേകിച്ചും. അത്തരക്കാര്‍ക്ക് ഇസാഫ് ബാങ്കില്‍ നിന്നും വായ്പ ലഭിക്കും. അതുപോലെ കൃഷിക്കാര്‍, ചെറുകിട വ്യാപാരികള്‍, സ്വയംതൊഴില്‍ കണ്ടെത്തിയവര്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്കും പൊതുവെ വായ്പ

കള്‍ നിഷേധിക്കപ്പെടുകയാണ്. അത്തരക്കാരെയാകും ഇസാഫ് ഫോക്കസ് ചെയ്യുക. എന്‍.ജി.ഒ ആയി തുടക്കം കുറിച്ച ഇസാഫിന്റെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സമയത്താണ് ബാങ്കെന്ന പദവിയിലേക്ക് കടന്നുവരുന്നത്. മൈക്രോ ഫിനാന്‍സിങ്ങ് ആണെങ്കിലും ഞങ്ങളുടെ അടിത്തറ വികസനത്തില്‍ ഊന്നിയുള്ളതാണെന്ന് പോള്‍ തോമസ് വ്യക്തമാക്കുന്നു.

ബാങ്കിങ് വീട്ടുപടിക്കല്‍

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഉപഭോക്താക്കളുടെ വീട്ടു പടിക്കലേക്ക് ചെല്ലും. ഇതിനായി ഞങ്ങള്‍ ഏജന്റ് ശൃംഖല തുടങ്ങി. അഞ്ചു വര്‍ഷം  കൊണ്ട് 10,000 ഏജന്റുമാരെ നിയോഗിക്കുകയാണ് ലക്ഷ്യം. നിലവില്‍ 3,500 ജീവനക്കാരോളം ഉണ്ട്. ഇവര്‍ക്കു ബാങ്കിങ്ങിനായി ആദ്യഘട്ട പരിശീലനം എസ്. ബി. ഐ. യുമായി സഹകരിച്ചു ലഭ്യമാക്കിക്കഴിഞ്ഞു. അതിനു പുറമേ ബാങ്കിങ്ങില്‍ അനുഭവസമ്പത്തുള്ള ഇരുനൂറോളം വിദഗ്ധരെ നിയമിച്ചിട്ടുണ്ട്.

ഇസാഫ് ബാങ്കിന്റ പലിശനിരക്കുകള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാണല്ലോ?

ശരിയാണ്. സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഞങ്ങള്‍ 9% വരെ പലിശ നല്‍കുന്നുണ്ട്. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കാണ് ഞങ്ങള്‍ ഒന്‍പത് ശതമാനം പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരനിക്ഷേപ പലിശ 9.50 ശതമാനമാണ്. സേവിംഗ്‌സ് നിക്ഷേപങ്ങള്‍ക്ക് പലിശ 7 ശതമാനമാണ് ഞങ്ങള്‍ നല്‍കുന്നത്.

ഇസാഫ് ബാങ്കിന്റെ മുന്‍ഗണനകളും നടപ്പു വര്‍ഷത്തെ ലക്ഷ്യവും എന്താണ്?

ബാങ്കിങ്ങ് സേവനങ്ങള്‍ക്കായി പത്തും പതിനഞ്ചും കിലോമീറ്ററുകള്‍ യാത്രചെയ്യേണ്ടിവരുന്ന ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ബാങ്ക് ശാഖകളും എ.ടി.എം, കസ്റ്റമര്‍ സേവന കേന്ദ്രങ്ങള്‍ മുതലായവയും ആരംഭിച്ച് വീട്ടുപടിക്കല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ എത്തിക്കുക എന്നതാണ് ഇസാഫ് ബാങ്കിന്റെ ലക്ഷ്യം. പുതുതലമുറ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഇസാഫിന്റെ ചെറുകിട ഫിനാന്‍സ് ബാങ്കിലും ലഭ്യമാക്കും. ആദ്യവര്‍ഷം തന്നെ പത്ത് സംസ്ഥാനങ്ങളിലേക്കും ബാങ്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്‍്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശതത്വങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സേവനങ്ങള്‍ ചിട്ടപ്പെടുത്തുക. നിലവില്‍12 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ട്. ആദ്യ വര്‍ഷം ഇത് 15 ലക്ഷം ആക്കുകയാണു ലക്ഷ്യം, 3 വര്‍ഷം കൊണ്ട് 50 ലക്ഷം ഉപഭോക്താക്കളും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1 കോടി ഉപഭോക്താക്കളും 20,000 കോടി രൂപയുടെ ബിസിനസ്സും 500 ബ്രാഞ്ചുകളും 5,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ഇസാഫിന്റെ ലക്ഷ്യം. ഈ വര്‍ഷം 300 ശാഖകള്‍ പുതുതായി ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here