ന്യൂഡല്‍ഹി: യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റി. മത്സരിക്കണമെന്ന് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്രകമ്മിറ്റിയോഗം വോട്ടിനിട്ട് തള്ളി. രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ഇന്നലെ സിപിഐ(എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആവര്‍ത്തിച്ചിരുന്നു. മത്സരിക്കാനില്ലെന്ന നിലപാട് താന്‍ വ്യക്തമാക്കിയതാണെന്നും നാളെ കേന്ദ്രകമ്മിറ്റിയില്‍ അറിയിക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. കേന്ദ്രകമ്മിറ്റിയില്‍ പിബി നിര്‍ദ്ദേശത്തെ അനുകൂലിച്ച് 50 പേരും എതിര്‍ത്ത് 30 പേരും വോട്ട് ചെയ്തു. ത്രിദിന സിസി യോഗം ഇന്നു സമാപിക്കും.

കോണ്‍ഗ്രസിന്റെ പിന്തുണയോടെ യച്ചൂരിയെ രാജ്യസഭയിലേക്ക് അയയ്ക്കുന്നത് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച രാഷ്ട്രീയ അടവുനയത്തിന് വിരുദ്ധമായതിനാല്‍ ബംഗാള്‍ ഘടകത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് പിബി വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന്റെ പിന്തുണയാണ് പ്രശ്‌നമെങ്കില്‍ യച്ചൂരിയെ കേരളത്തില്‍നിന്ന് രാജ്യസഭയിലെത്തിക്കണമെന്ന് സിസിയില്‍ ഇന്നലെ ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ചിലര്‍ അഭിപ്രായപ്പെട്ടു എന്നാല്‍ കേരള ഘടകത്തില്‍നിന്നുള്ളവര്‍ അതിനോടു പ്രതികരിച്ചില്ല. അതേസമയം യെച്ചൂരിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സിസിക്ക് കത്ത് നല്‍കിയിരുന്നു. പ്രത്യേക ക്ഷണിതാവായതിനാല്‍ വിഎസിന് വോട്ട് ചെയ്യാനായില്ല. കേരള ഘടകം അടക്കം കോണ്‍ഗ്രസ് പിന്തുണയില്‍ മല്‍സരിക്കേണ്ടെന്ന കടുത്ത നിലപാടാണ് എടുത്തത്.

ഇതിന് പിന്നാലെയാണ് യെച്ചൂരി മല്‍സരിച്ച് രാജ്യസഭയിലെത്തേണ്ടത് നിലവിലെ രാജ്യത്തിലെ അവസ്ഥയയില്‍ അത്യന്താപേക്ഷിതമാണെന്ന് വിഎസ് നിലപാടെടുത്തത്. ബിജെപിയും നരേന്ദ്ര മോഡിയും പിടിമുറുക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കാര്യങ്ങള്‍ കരുതലോടെ കാണണമെന്നും വിഎസ് കത്തില്‍ പറയുന്നു.
നിലവില്‍ രാജ്യസഭാംഗമായ യെച്ചൂരിയുടെ കാലാവധി അടുത്ത മാസത്തോടെ അവസാനിക്കും. രാജ്യസഭയിലേക്ക് യെച്ചൂരിയെ വീണ്ടും ബംഗാളില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്നായിരുന്നു് ബംഗാള്‍ ഘടകത്തിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കിലേ യെച്ചൂരിക്ക് രാജ്യസഭാംഗമാവാന്‍ സാധിക്കു. യെച്ചൂരിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here