കൊച്ചി: കെ.ജെ. യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യനും 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് ഒരു ഗാനം ആലപിക്കുന്നു. എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണര്‍’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നത്. തമിഴും മലയാളവും ഇടകലര്‍ന്നുള്ള പാട്ടണിത് മലയാളം വരികള്‍ യേശുദാസും തമിഴ് വരികള്‍ എസ്പിബിയും പാടുന്നു. എം. ജയചന്ദ്രനാണ് സംഗീതം. ഹരിനാരായണനും പളനി ഭാരതിയുമാണ് രചന. മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലെ ‘ കാട്ടുകുയിലെ…’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് അവസാനം പാടിയത്.
മലയാളത്തിലും തമിഴിലുമായാണ് കിണര്‍ ചിത്രീകരിക്കുന്നത്. തമിഴില്‍ കേണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രണ്ട് ഭാഷയിലുമായി 58 ഓളം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുമെങ്കില്‍ അത് വെള്ളത്തിന് വേണ്ടിയാണെന്നും ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമാണ് കിണര്‍ പറയുന്നത്. ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കിണറിലൂടെ പറയാനുദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ എം.എ. നിഷാദ് പറയുന്നു.
ഏറെകാലത്തിന് ശേഷം ജയപ്രദ വീണ്ടും മലയാളത്തിലേത്ത് തിരിച്ചുവരികയാണ് കിണറിലൂടെ. ജയപ്രഭയ്ക്കു പുറമെ പശുപതി, പാര്‍ത്ഥിപന്‍, ജോയ്മാത്യു, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, അര്‍ച്ചന, പാര്‍വതി നമ്പ്യാര്‍, രേഖ, രേവതി, ശ്രുതി മേനോന്‍, സുനില്‍ സുഗത തുടങ്ങി പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു. എം.എ. നിഷാദ് തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്റെ ബാനറില്‍ സജീവ് പി,കെ, ആന്‍ സജീവ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here