തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സന്റ് സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി മൗനം തുടരുന്നു. സംഭവത്തില്‍ എംഎല്‍എ അറസ്റ്റിലായതിനേത്തുടര്‍ന്ന് കെപിസിസി നേതൃത്വം അടിയന്തരമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ട ശേഷമാണ് സുപ്രധാനമായ തീരുമാനമെടുത്തത്. കോടതി വിധി എതിരായാല്‍ മാത്രം രാജിവച്ചാല്‍ മതിയെന്നും കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണ് അറസ്റ്റിനു പിന്നിലെന്നുമുള്ള കേരള നേതൃത്വത്തിന്റെ നിലപാട് ഹൈക്കമാന്‍ഡ് ശരിവച്ചു. അതോടെയാണ് വിന്‍സന്റ് രാജിവയ്ക്കില്ലെന്ന പരസ്യ നിലപാടിലേക്ക് കെപിസിസി പ്രസിഡന്റ് എം എം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ എത്തിയത്.
അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചിരിക്കുന്ന മൗനത്തേക്കുറിച്ച് പാര്‍ട്ടിയില്‍ പല തരം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എ ഗ്രൂപ്പുകാരനായ വിന്‍സന്റിനെ കൈവിടാനും വയ്യ. എന്നാല്‍ സ്ത്രീപീഡന കേസില്‍ അറസ്റ്റിലായ എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ അത് നാണക്കേടാകുമോ എന്ന ആശങ്കയാണത്രേ ഉമ്മന്‍ ചാണ്ടിക്ക്. പരാതിക്കാരിയായ സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധത്തില്‍ പ്രതിയെ അന്ധമായി പിന്തുണയ്ക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. എ കെ ശശീന്ദ്രനെ അറസ്റ്റ് ചെയ്യാതിരിക്കുന്നതും അദ്ദേഹം എംഎല്‍എ സ്ഥാനം രാജി വയ്ക്കാതിരിക്കുന്നതും കൂടി ഉന്നയിക്കാനും ഉദ്ദേശമുണ്ട്.

സമീപകാലത്ത് ടി പി സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ വിവാദമായപ്പോഴും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നില്ല. സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് സെന്‍കുമാറിന്റേത് എന്ന് പരാതി കൊടുത്തവരില്‍ പ്രധാനി മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ്. യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയായ ലീഗ് മാത്രമല്ല പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സെന്‍കുമാറിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി മിണ്ടിയില്ല. ഉമ്മന്‍ ചാണ്ടിയുമായി സെന്‍കുമാറിനുള്ള വ്യക്തിപരമായ അടുപ്പമാണ് കാരണമെന്നാണ് അറിയുന്നത്. യുഡിഎഫ് നേതാക്കള്‍ പറയുന്നതും അതുതന്നെയാണ്. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായിട്ടും പ്രതികരിക്കാത്തത് ഉമ്മന്‍ ചാണ്ടിയെ ജനമധ്യത്തില്‍ അപഹാസ്യനാക്കുന്നു എന്ന തരത്തില്‍ സഹപ്രവര്‍ത്തകരായ നേതാക്കള്‍ പരോക്ഷ സൂചന നല്‍കിയെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here