ന്യൂഡല്‍ഹി: ഭാരതീയരെ സ്വപ്നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. മിസൈല്‍മാന്‍ എന്ന ബഹുമതി കയ്യാളുമ്പോള്‍ തന്നെ രാജ്യം കണ്ട ഏറ്റവും പ്രതിഭാധനനായിരുന്ന രാഷ്ട്രപതിയായിരുന്നു കലാം.
‘സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക… സ്വപ്നങ്ങള്‍ ചിന്തകളായി മാറും’. ചിന്തകള്‍ പ്രവൃത്തിയിലേക്ക് നയിക്കും. കലാം ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴും ആ വാചകങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല . രാജ്യത്തെ പ്രചോദിപ്പിച്ച, പുതിയ തലമുറയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖലയെ ഉയരങ്ങളിലേക്കെത്തിച്ച മനുഷ്യന്‍. വിശേഷണങ്ങള്‍ക്കതീതമാണ് അബ്ദുള്‍ കലാം എന്ന ആ വലിയ മനുഷ്യന്‍. ഐ.എസ്.ആര്‍.ഒയില്‍ തുടങ്ങി പൊഖ്‌റാനിലൂടെ ഇന്ത്യന്‍ രാഷ്ട്രപതി പദം അലങ്കരിച്ച കലാമിന് ഏറ്റവും പ്രിയം കുട്ടികളായിരുന്നു.
എവിടെ കുട്ടികളെ കണ്ടാലും രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ തെറ്റിക്കുമായിരുന്ന അദ്ദേഹം, അവരോട് സംവദിക്കാന്‍ കിട്ടിയ ഒരു അവസരവും പാഴാക്കിയില്ല. ഒടുവില്‍ 2015ല്‍ ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോഴായിരുന്നു മരണം അദ്ദേഹവുമായി കൂട്ടുകൂടാനെത്തിയത്. എല്ലാവരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്‍ തല്‍പ്പരനായിരുന്നു അദ്ദേഹം മരണത്തേയും നിരാശനാക്കിയില്ല. 84ാം വയസ്സില്‍ അവുല്‍ പകീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം എന്ന എ.പി.ജെ അബ്ദുള്‍ കലാം എന്നെന്നേക്കുമായി ജനമനസ്സിലേക്ക് കുടിയേറി. കലാം വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹം സ്വപ്നം കണ്ട 2020ലെ ഇന്ത്യയില്‍ നിന്ന് ഏറെ അകലെയാണ് നമ്മുടെ രാജ്യം.

LEAVE A REPLY

Please enter your comment!
Please enter your name here