ന്യൂഡല്‍ഹി: റീഫണ്ട് ആവശ്യപ്പെടാത്ത പ്രവാസികള്‍ ആദായനികുതി റിട്ടേണില്‍ വിദേശ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കേണ്ട കാര്യമില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ (ഐടിആര്‍2) ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം ആശയക്കുഴപ്പത്തിനിടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി സിബിഡിടി രംഗത്തെത്തിയത്.

ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ റീഫണ്ട് ആവശ്യമുള്ള കേസുകളില്‍ മാത്രം വിദേശ അക്കൗണ്ടുകളുടെ വിവരം നല്‍കിയാല്‍ മതിയെന്ന് സുശീല്‍ ചന്ദ്ര പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ പുതിയ റിട്ടേണ്‍ ഫോമില്‍ വിദേശബാങ്ക് അക്കൗണ്ടു വിവരങ്ങള്‍ക്കായി കോളം ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.

ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് റീഫണ്ട് ലഭിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇത് ഉള്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. എന്നാല്‍ പ്രവാസികളുടെ വിദേശബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാനുള്ള നീക്കമാണിതെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here