അമേരിക്കയിൽ ഒരാളുടെ ജാതിയോ മതമോ വംശമോ ചോദിക്കുന്നത് നിയമ വിരുദ്ധമാണ്, അതുപക്ഷേ ഉദ്യോഗാർഥികളോട് ചോദിക്കുന്നത് മാത്രം. ഒരാൾ ജോലിക്കു വേണ്ടി അപേക്ഷിക്കുമ്പോളോ ജോലിക്കു വേണ്ടി ഇന്റർവ്യൂ ചെയുമ്പോളോ ഒരു ഉദ്യോഗസ്ഥന്റെ ശമ്പളം, ശമ്പള വർധന, സ്ഥാനക്കയറ്റം എന്നിവയിലെല്ലാം നിശ്ചയിക്കുമ്പോളോ അയാളുടെ ജാതിയോ മതമോ വംശമോ പരിഗണിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണ്. അതെല്ലാം മെറിറ്റിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ. വംശീയമായി ഒരാളെ അധിക്ഷേപിക്കുന്നതും അമേരിക്കയിൽ കുറ്റകരമാണ്. ഒരു അമേരിക്കൻ സർക്കാർ സംവിധാനവും ആർക്കും ജാതിയോ മതമോ തെളിയിക്കുന്ന ഒരു രേഖയും ആർക്കും നൽകുകയുമില്ല. എന്നുവെച്ചു സാമുദായികമായി സംഘടിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ നിയന്ത്രണമില്ല എന്ന് മാത്രമല്ല അത്തരം സംഘടനകളുടെ പ്രവർത്തനങ്ങളെ സമൂഹവും സർക്കാർ സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അത്തരം സംഘടനകൾക്ക് സർക്കാരിന് നികുതി നൽകാതെ പ്രവർത്തിക്കാനും വ്യാപാര സ്ഥാപനങ്ങൾക്കു നൽകുന്നതിനേക്കാൾ വളരെ തുച്ഛമായ നിരക്കുകളിൽ സർക്കാർ ഉടമസ്ഥയിലുള്ള വസ്തുവകകൾ ഉപയോഗിക്കാൻ അവസരങ്ങളും നൽകുന്നു.

പല ദേശങ്ങളിൽ നിന്ന് പല കാലങ്ങളിലായി കുടിയേറി പാർത്തവരാണ് അമേരിക്കയിലെ ഒട്ടുമിക്കവാറു ജനങ്ങളും. അതിനാൽ ജന്മദേശം, വംശം, ഭാഷ, മതം, ജാതി എന്നിവയെല്ലാം അടിസ്ഥാനമാക്കി പതിനായിരക്കണക്കിന് സംഘടനകളും അവിടെയുണ്ട്. അവയെല്ലാം ചേർന്നു ആ രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പുരോഗതി വളരെ വലുതാണ്. വിവിധ തരത്തിലുള്ള സംഘടനകൾക്ക് പരസ്പരം മനസ്സിലാക്കാനും, പൊതുവായ വിഷയങ്ങളിൻ ഒരുമിച്ചു പ്രവർത്തിക്കാനുമുള്ള അവസരങ്ങളുമുണ്ട്. എല്ലാ രാജ്യങ്ങളിലെയും വിവിധ തരം സംസ്കാരങ്ങളും ഭാഷകളും ആഘോഷങ്ങളും കലാരൂപങ്ങളും ഭക്ഷണ രീതികളും എല്ലാം ആസ്വദിക്കാൻ അവയിൽ താല്പര്യമുള്ള എല്ലാവർക്കും അവസരം ലഭിക്കുന്നു.

അമേരിക്കയിലെയും കാനഡയിലെയും പ്രധാന നഗരങ്ങളിളില്ലാം നായർ സംഘടനകളുണ്ട്. അതിൽ ഭൂരിഭാഗവും പ്രാദേശികമായി രൂപം കൊണ്ടവയും നായർ സർവീസ് സൊസൈറ്റി എന്നോ അതിനോട് സാമ്യമുള്ളതോ ആയ പേരുകളിൽ അതാത്‌ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. പേര് എന്തായാലും അവയെല്ലാം എൻ.എസ്സ് .എസ്സ്. എന്ന പേരിൽ തന്നെയാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. ഈ സംഘടനകൾ തമ്മിൽ യോജിപ്പിക്കാനായി നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക എന്ന ഒരു സമിതിയും നിലവിലുണ്ട്. സംഘടന നിലവിലില്ലാത്ത നഗരങ്ങളിൽ അവ സ്ഥാപിക്കാൻ വേണ്ട സഹായം ഈ സമിതി നൽകുന്നുണ്ട്. ന്യൂയോർക്, ഷിക്കാഗോ, കാലിഫോർണിയ, ടൊറോന്റോ, ഹ്യൂസ്റ്റൺ, ഡാളസ്, പെൻസിൽവാനിയ, ന്യൂ ജേഴ്‌സി, വാഷിംഗ്‌ടൺ, ഡെലവെയെർ എന്നീ സ്ഥലങ്ങളിൽ എൻ.എസ്സ് .എസ്സ്. പ്രവർത്തനം വളരെ നല്ല രീതിയിൽ പുരോഗമിക്കുന്നു.

മറ്റു പല ബന്ധങ്ങളെക്കാളും കൂടുതൽ ശക്തിയുള്ളതാണ് സാമുദായിക ബന്ധം എന്നാണ് പൊതുവെയുള്ള അനുഭവം. ജാതി സ്പിരിറ്റ്, നായർ സ്പിരിറ്റ് എന്നൊക്കെ കേൾക്കാറില്ലേ? അമേരിക്ക പോലെയുള്ള ഒരു രാജ്യത്ത് എത്തി എന്നുവെച്ചു ആ സ്പിരിറ്റിന് ശക്തി കുറയുകയല്ല മറിച്ചു കൂടുകയാണ് ചെയ്യുക. അതുമാത്രം മതി വളരെ ശക്തിയുള്ള ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാൻ. ഒരു ശക്തമായ കൂട്ടായ്മ വിചാരിച്ചാൽ ഏറ്റെടുക്കുന്ന ഏതു വിഷയത്തിലും വളരെ നല്ല പ്രവർത്തനം കാഴ്ചവയ്ക്കാം. അപ്പോൾ ഏതൊക്കെ വിഷയങ്ങളിൽ ആർക്കൊക്കെ വേണ്ടി ഒരു സാമുദായിക സംഘടന പ്രവർത്തിക്കുന്നു എന്നതാണ് മുഖ്യം. അമേരിക്കയിൽ പ്രവൃത്തിക്കുന്ന നായർ സർവീസ് സൊസൈറ്റികളുടെ ഒട്ടുമിക്ക പരിപാടികളും പല വിഭാഗം ജനങ്ങൾക്കും പ്രയോജനം ചെയ്യുന്നവയാണ്. ഞങ്ങളുടെ മലയാളം ക്ലാസ്സുകളിൽ എല്ലാ ജാതി മത വിഭാഗത്തിൽപെട്ട കുട്ടികളും പഠിക്കാനെത്തുന്നുണ്ട്. ഓണം, വിഷു തുടങ്ങിയ ആഘോഷ പരിപാടികളിലും കുറഞ്ഞ തോതിലെങ്കിലും ഇന്ത്യൻ വംശജരല്ലാത്തവരും പങ്കെടുക്കാറുണ്ട്. അപകടങ്ങളും അപകടമരണങ്ങളും സംഭവിക്കുബോൾ പലപ്പോഴും ജാതിയോ മതമോ നോക്കാതെ അവരെ സഹായിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം പോലെയുള്ള പ്രാദേശിക കെടുതികൾ സംഭവിക്കുമ്പോൾ മറ്റുള്ള സന്നദ്ധ സംഘടനകളോടൊപ്പം ഞങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേരാറുണ്ട്. അമേരിക്കയിലെ നഗരസഭകളും ഇന്ത്യൻ കോൺസുലേറ്റും മറ്റു അമേരിക്കൻ ഇന്ത്യൻ സംഘടനകളോടും ഒപ്പം ചേർന്നും ജങ്ങൾക്കു പ്രയോജനകരമായ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പല അമേരിക്കൻ നഗരങ്ങളിലും കമ്മ്യൂണിറ്റി സെന്ററുകളും അമ്പലങ്ങളും നടത്തുന്നുണ്ട്. പ്രാദേശികമായി കലാകാരമാർക്ക് പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നത് കൂടാതെ കേരളത്തിൽ നിന്നുള്ള കലാപ്രതിഭകൾക്കും സമിതികൾക്കും അമേരിക്കയിൽ വന്നു പരിപാടികൾ അവതരിപ്പിക്കാനുള്ള സൗകര്യവും ഒരുക്കുന്നു.

ഭരണഘടന പരവും പ്രായോഗികവുമായ പരിമിതികളാൽ കേരളത്തിലെ എൻ.എസ്സ് .എസ്സ്. പ്രസ്ഥാനത്തിന് കേരളത്തിന് പുറത്തോ കേരളത്തിന് പുറത്തുള്ള സംഘടനകളുമായി ചേർന്നോ ഔദ്യോഗികമായി പ്രവർത്തിക്കുക സാധ്യമല്ല. അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നായർ സംഘടനകൾക്കും അമേരിക്കക്ക് പുറത്തു പ്രവർത്തിക്കുന്നതിന് ഇതുപോലെ ചില നിയമ പരിമിതികളുണ്ട്. കേരളത്തിലുള്ളതിനേക്കാൾ നായർ ജനസംഖ്യ ഇപ്പോൾ കേരളത്തിന് പുറത്താണ് ജീവിക്കുന്നത്ജീവിക്കുന്നത്. അതിനാൽ ഭാവിയിൽ എന്നെങ്കിലും കേരളത്തിലെ എൻ.എസ്സ് .എസ്സ്. അതിന്റെ പ്രവർത്തന മേഘല വിദേശത്തേക്കും വ്യാപിപ്പിക്കുമെന്ന് പ്രത്യാശിക്കാം. അമേരിക്കയിലെ നായർ സമുദായ സംഘടനകൾക്കും അതിലെ അംഗങ്ങൾക്കും കേരളത്തിലെ എൻ.എസ്സ് .എസ്സ്. പ്രസ്ഥാനവുമായോ കരയോഗങ്ങൾ മുഖേനയോ നേരിട്ടോ കേരളത്തിലെ നായർ സമുദായവുമായി പരസ്പരം സഹായിച്ചും സഹകരിച്ചും പ്രവർത്തിച്ചാൽ ചില വിഷയങ്ങളിൽ ധാരാളം പ്രയോജനങ്ങൾ ഉണ്ടാകും. ആ രീതിയിൽ ഒരു സഹകരണ സംവിധാനം ഒരുക്കാനും കൂടിയാണ് അമേരിക്കൻ നായർ സംഗമം എന്ന സംരംഭം രൂപം കൊണ്ടത്.

നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ സ്ഥാപകനും പ്രെസിഡന്റുമായ രാജേഷ് നായരാണ് അമേരിക്കൻ നായർ സംഗമത്തിന്റെയും സ്ഥാപകനും ചെയർമാനും. രാജേഷ് നായരോടൊപ്പം നായർ അസോസിയേഷൻ ഓഫ് ചിക്കാഗോ മുൻ പ്രെസിടെന്റും എൻ.എസ്സ്.എസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രെസിഡന്റുമായ എം.എൻ.സി. നായർ, ന്യൂ യോർക്ക് നായർ ബെനിവാലന്റ് അസോസിയേഷൻ പ്രസിഡന്റ് കരുണാകൻ പിള്ള, മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ പിള്ള, എൻ.എസ്സ്.എസ്സ് കാനഡ എക്സിക്യൂട്ടീവ് സന്തോഷ് പിള്ള, ന്യൂ ജേഴ്‌സി നായർ മഹാമണ്ഡലം സ്ഥാപകനും ചെയർമാനുമായ മാധവൻ നായർ എന്നിവരടങ്ങിയതാണ് സംഗമത്തിന്റെ മുഖ്യ സംഘാടക സമിതി. കേരളത്തിൽ വച്ചുള്ള ഒന്നാം അമേരിക്കൻ നായർ സംഗമം ജൂലായ് 29 ന് തിരുവനന്തപുരത്ത് റെസിഡൻസി ടവർ ഹാളിൽ വച്ച് നടക്കുന്നതാണ്. അമേരിക്കയിലെ എല്ലാ പ്രമുഖ നായർ സമുദായ നേതാക്കളും ഈ സംഗമത്തിൽ പങ്കെടുക്കും. അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന നായർ സംഘടനകളുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്.

അമേരിക്കൻ നായർ സംഗമത്തിന് പല ലക്ഷ്യങ്ങളുണ്ട്. അമേരിക്കയിലെയും കേരളത്തിലെയും നായർ സമുദായ അംഗങ്ങൾ തമ്മിൽ സംഘടിതമായ ബന്ധം സ്ഥാപിക്കുക. എന്നിട്ട് ആ സംവിധാനം ഉപയോഗപ്പെടുത്തി സ്ഥിരമായ പ്രയോജനകരമായ പദ്ധതികൾ നടപ്പിലാക്കുക. അമേരിക്കയിലെ സമുദായ അംഗങ്ങൾക്ക്, പ്രത്യേകിച്ചും കുട്ടികൾക്ക്, പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുക. ജീവകാരുണ്യ സഹായങ്ങളൊരുക്കുക. വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും വേണ്ട മാർഗ്ഗ നിർദേശങ്ങളും സൗകര്യങ്ങളും ഒരുക്കുക. കേരളത്തിലെയും അമേരിക്കയിലെയും അധ്യാപകർക്കും വിദ്യാർഥികൾക്കും പരസ്പരം സഹകരിക്കുവാൻ അവസരങ്ങൾ ഒരുക്കുക. അമേരിക്കയിലെ കുട്ടികളിൽ മലയാള ഭാഷയും ഹൈന്ദവ സംസ്കാരവും വളർത്താൻ സഹായിക്കുക. സമുദായത്തിലുള്ള ബിസിനസ്സ് ചെയ്യുന്നവർക്കും നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും പരസ്പര സഹായത്തോടെ വിദേശ ഇടപാടുകളിൽ വളർച്ച നേടാൻ അവസരമൊരുക്കുക. ഇങ്ങനെ പലതും. അതിൽ മിക്കതും ദീർഘകാല അടിസ്ഥാനത്തിലുള്ളവയാണ്.

നാട്ടിൽ നിന്ന് അമേരിക്കയിലെത്തുന്ന പല നായർ സമുദായ അംഗങ്ങൾക്കും അമേരിക്കയിൽ എൻ.എസ്സ്.എസ്സ് ഉള്ളതായി അറിയില്ലായിക്കും. അമേരിക്കൻ നായർ സംഗമത്തിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ കൊണ്ട് ഈ പ്രശ്നത്തിന് അല്പം ശമനം കിട്ടിയേക്കാം. എൻ.എസ്സ്.എസ്സ് നിലവിൽ ഇല്ലാത്ത അമേരിക്കൻ നഗരങ്ങളിൽ കരയോഗങ്ങൾ ആരംഭിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു തരാൻ അമേരിക്കൻ നായർ സംഗമം സന്നദ്ധമാണ്.

ഈ കൺവെൻഷൻ ഒരു തുടക്കം മാത്രമാണ്. ഈ കൺവെൻഷനോടനുബന്ധിച്ചു കേരളത്തിലെയും അമേരിക്കയിലെയും ചില പ്രമുഖ നായർ സമുദായ നേതാക്കളെ ഉൾപ്പെടുത്തി ഒരു കോർഡിനേഷൻ കമ്മിറ്റി രൂപികരിക്കും. കേരളത്തിലെയും അമേരിക്കയിലെയും സമുദായ അംഗങ്ങൾക്ക് പരസ്പരം സഹായിക്കാനും സഹകരിക്കാനും ഇതിലൂടെ അവസരമൊരുങ്ങും. പദ്ധതികളുടെ പുരോഗതി കാലാകാലങ്ങളിൽ വിലയിരുത്തി വേണ്ട പരിഷ്‌കാരങ്ങൾ നടപ്പിലാക്കും. 2018 ആഗസ്റ്റിൽ ഷിക്കാഗോയിൽ വച്ച് ഈ സമിതി അതിന്റെ വാർഷിക പുരോഗതി അവലോകനം ചെയ്തു ചർച്ച ചെയ്യും.

sree 5 sree

gaurilexmibhai_pic1

LEAVE A REPLY

Please enter your comment!
Please enter your name here