വാഷിംഗ്ടണ്‍: കൃത്യസമയത്ത് ബലാല്‍സംഗശ്രമം തിരിച്ചറിയുന്ന സ്റ്റിക്കര്‍ പോലെയുള്ള ധരിക്കാവുന്ന സെന്‍സറുമായി ഇന്ത്യന്‍ ഗവേഷക. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആക്രമണത്തിന് വിധേയയാക്കപ്പെടുന്ന ആളിന്റെ ഫോണില്‍ മുന്‍കൂട്ടി സെറ്റ് ചെയ്തു വച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളിലേയ്ക്ക് മെസേജ് പോവുന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് ആണ് മനീഷ മോഹന്‍ ആണ് ഇതുവികസിപ്പിച്ചെടുത്തത്.
വസ്ത്രങ്ങളില്‍ ഒരു സ്റ്റിക്കര്‍ പോലെ ഒട്ടിക്കാവുന്ന സെന്‍സര്‍ ആണിത്. ഒരാള്‍ സ്വയം വസ്ത്രം മാറുന്നതും ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വസ്ത്രങ്ങളുടെ ചലനവും കൃത്യമായി മനസിലാക്കാന്‍ ഇതിനു പറ്റും. തിരിച്ച് എതിര്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് ആക്രമണത്തിനു വിധേയപ്പെടുന്ന ആള്‍ ഉള്ളത് എങ്കിലും അതിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ ഈ സെന്‍സറിനു സാധിക്കും എന്ന് മനീഷ പറയുന്നു. കുട്ടികള്‍, കട്ടിലില്‍ കിടക്കുന്ന രോഗികള്‍ എന്നിങ്ങനെയുള്ള കേസുകളിലും മനസിലാക്കാന്‍ ഇതിനു പറ്റും.
ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ ആപ്പില്‍ നിന്നും അപകടശബ്ദം പുറപ്പെടുവിക്കാനും മൊബൈല്‍ ഫോണില്‍ നിന്നും നേരത്തെ സെറ്റ് ചെയ്തു വച്ചിരിക്കുന്ന നമ്പരുകളില്‍ മെസേജ് പോവുകയും ചെയ്യും.
രണ്ടു തരത്തില്‍ ഇത് സെറ്റ് ചെയ്തു വെക്കാം. ഒന്നുകില്‍ ആക്രമിക്കപ്പെടുന്ന ആള്‍ക്ക് ബോധമുണ്ടെങ്കില്‍ ഈ അലാം സ്വന്തമായി പെട്ടെന്ന് സെറ്റ് ചെയ്യാം. ബോധമില്ലാത്ത ആള്‍ ആണെങ്കില്‍ ആക്ടീവ് മോഡില്‍ ക്രമീകരിച്ചു വെക്കണം. ചുറ്റുപാടുകളില്‍ നിന്നുള്ള സിഗ്‌നലുകള്‍ അനുസരിച്ച് ഉചിതമായത് പ്രവര്‍ത്തിക്കാന്‍ അപ്പോള്‍ ഈ സെന്‍സറിന് പറ്റും.
‘ഇങ്ങനെയുള്ള ഡിവൈസുകള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പേടികൂടാതെ രാത്രികളിലും ഒറ്റയ്ക്കാവുമ്പോഴും ജോലി ചെയ്യാനും സ്വയം സംരക്ഷിക്കാനും പറ്റും. ബോഡി ഗാര്‍ഡുകളുടെ ആവശ്യമേ വരില്ല. ‘മനീഷ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here