തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയും പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേത് അടക്കമുളള വാഹനങ്ങള്‍ അക്രമിസംഘം അടിച്ചുതകര്‍ത്തു. വെളളിയാഴ്ച പുലര്‍ച്ചെ 1.10നാണ് ആക്രമണം ഉണ്ടായത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്നില്‍ പൊലീസുകാര്‍ കാവല്‍ക്കാരായി ഉണ്ടായിരുന്നെങ്കിലും ഇവരെ തളളിമാറ്റിയും മര്‍ദിച്ചുമാണ് ആക്രമണം ഉണ്ടായത്. മറ്റുചില പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ബിനു ഐപി, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്നും ബിജെപി ആരോപിക്കുന്നു. മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഓഫിസിലുണ്ടായിരുന്നു. കുമ്മനത്തിന്റെ വാഹനവും അടിച്ചുതകര്‍ത്തു.
കഴിഞ്ഞ സെപ്റ്റംബറിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇന്നു പുലര്‍ച്ചെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് കോടിയേരിയുടെ വീടിന് നേരെ കല്ലേറുണ്ടാകുന്നത്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കല്ലേറില്‍ തകര്‍ന്നു. ആക്രമണ സമയത്ത് കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരിയും കുടുംബവും വീട്ടിലുണ്ടായിരുന്നു. എംജി കോളെജില്‍ എസ്എഫ്‌ഐ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ആദ്യം എസ്എഫ്‌ഐഎബിവിപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് ഇന്നലെ ആക്രമണ പരമ്പരകളുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here