കൊല്ലം: സിനിമയിലെ തിരക്കു മൂലം നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങുന്നതായി സൂചന.കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഇടപെടലുകളുടെ പേരില്‍ വിവാദം സൃഷ്ടിച്ചുവെങ്കിലും രാജിക്കു കാരണം ജോലിത്തിരക്കാണെന്നാണ് മുകേഷിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രാജിക്കാര്യം സംബന്ധിച്ച് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ ഏകെജി സെന്ററില്‍ എത്തി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. മുകേഷ് രാജി വെക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടാനാവും എന്നതാണ് ചര്‍ച്ച ചെയ്തതെന്ന് അറിയുന്നു. മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവുന്നില്ല എന്നതാണ് മുകേഷ് നേരിടുന്ന പ്രധാന വെല്ലുവിളി.

സിനിമ ചാനല്‍ തിരക്കുകളിലാണ് നടന്‍. രണ്ടാഴ്ച മുന്‍പും കൊല്ലത്തെത്തി ഇനിമുതല്‍ ആഴ്ചയില്‍ നാലു ദിവസമെങ്കിലും മണ്ഡലത്തിലുണ്ടാകാം എന്ന ഉറപ്പ് നല്‍കിയിരുന്നതാണ്. മുന്‍ മന്ത്രി കൂടിയായ പി.കെ ഗുരുദാസന്‍ രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചു ജയിച്ച മണ്ഡലമാണിത്. പാര്‍ട്ടി പ്രവര്‍ത്തനം ശക്തമായ മണ്ഡലത്തില്‍ എംഎല്‍എയുടെ അസാന്നിധ്യം ഏറെ എതിര്‍പ്പുകള്‍ക്ക് ഇടയാക്കുകയായിരുന്നു. സെലിബ്രിറ്റി എന്ന നിലയിലാണ് ജനപ്രതിനിധി മണ്ഡലത്തില്‍ എത്തുന്നത്. രക്തസാക്ഷി ദിനങ്ങളില്‍ പോലും എംഎല്‍എ മണ്ഡലത്തില്‍ ഇല്ലാത്ത അവസ്ഥ. തെരഞ്ഞെടുപ്പിനു ശേഷം സിനിമയും ചാനല്‍പരിപാടികളും ഒതുക്കി മണ്ഡലത്തില്‍ സജീവമാകും എന്ന ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്. എംഎല്‍എയെ കാണണമെങ്കില്‍ മണ്ഡലത്തിലുള്ളവര്‍ക്ക് കൊച്ചിയിലോ ലൊക്കേഷനുകളിലോ പോകേണ്ട അവസ്ഥയാണ്.

സിനിമാ താരങ്ങളെ സ്ഥാനാര്‍ത്ഥിയാക്കുന്നത് പരാജയപ്പെട്ട പരീക്ഷണമാണെന്ന് ഇന്നസെന്റ് എംപിയുടെ കാര്യത്തിലും സുരേഷ് ഗോപിയുടെ കാര്യത്തിലും തെളിഞ്ഞു കഴിഞ്ഞു. നിലവില്‍ മുകേഷിന്റെ ജോലിത്തിരക്ക് അംഗീകരിച്ച് രാജിവെയ്ക്കാനുള്ള അവസരം ഒരുക്കണം എന്നു തന്നെയാണ് പാര്‍ട്ടിയും തീരുമാനിച്ചിരിക്കുന്നത്. ഏറ്റെടുത്ത ജോലി നിര്‍വ്വഹിക്കാന്‍ സാധിക്കാത്തതിനാല്‍ രാജിവെച്ച് മറ്റൊരാള്‍ക്ക് അവസരം കൊടുക്കുന്നു എന്ന ജനാധിപത്യ മര്യാദ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കാന്‍ കാരണമാകും എന്ന് പാര്‍ട്ടിയും കരുതുന്നു.

കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേയ്ക്ക് വേങ്ങരയില്‍ മത്സരം നടക്കുന്നതിനൊപ്പം കൊല്ലത്തും തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന വിധമാകാം കാര്യങ്ങള്‍. സിപിഐഎമ്മിന്റെ ശക്തനായ നേതാവിനെയാകും മത്സരത്തിന് ഇറക്കുക. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യാതൊരു പ്രശ്‌നവുമില്ല എന്നനിലയ്ക്കാണ് ജില്ലാക്കമറ്റിയും നീങ്ങുന്നത്. മുകേഷ് എംഎല്‍എയുടെ മണ്ഡലത്തിലെ അസാന്നിധ്യം നിരവധി തവണ ജില്ലാക്കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ടിയും വന്നു. പ്രതിപക്ഷ പാര്‍ട്ടികളും എംഎല്‍എയുടെ അസാന്നിധ്യം ചര്‍ച്ചയാക്കി തുടങ്ങി. സമയക്കുറവ് മുകേഷ് ജനങ്ങളോട് നേരിട്ട് ഏറ്റു പറഞ്ഞാകും രാജിയ്ക്ക് തയ്യാറുവുക. മുകേഷിന്റെ രാജി പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കും എന്നു തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റേയും നിലപാട്. സംസ്ഥാന സെക്രട്ടറി നേരില്‍ വിളിച്ച് ശാസിക്കേണ്ട സന്ദര്‍ഭങ്ങളടക്കം ഉണ്ടായതായാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here