കോട്ടയം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് നടത്തിയ ജപമാല-മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി.സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നിന്ന് ക്ലാര മഠത്തിലേക്ക് നടത്തിയ ജപമാല-മെഴുകുതിരി പ്രദക്ഷിണത്തില്‍ കനത്ത മഴയെയും അവഗണിച്ച് ആയിരങ്ങള്‍ പങ്കെടുത്തു. ജപമാലകള്‍ കൈകളിലേന്തി പ്രാര്‍ഥനാ മജ്ഞരികള്‍ ഒരുവിട്ട് കത്തിച്ച മെഴുകുതിരികളുമായി നടത്തിയ പ്രദക്ഷിണം ഭക്തിയുടെയും വിശ്വാസത്തിന്റെയും നേര്‍സാക്ഷ്യമായി.
പ്രദക്ഷിണത്തിനു മുന്നിലായി അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം ക്ലാരമഠത്തിലേക്കു പ്രവേശിച്ചപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗം അനുഗ്രഹ വസന്തം സമ്മാനിച്ച് സ്വന്തം വീട്ടിലെത്തുന്ന അനുഭവമായിരുന്നു ക്ലാര മഠാംഗങ്ങളായ നൂറു കണക്കിനു സന്യാസിനിമാര്‍ക്കുണ്ടായത്. ക്ലാര മഠത്തില്‍ നിന്ന് പ്രദക്ഷിണം തീര്‍ഥാടന കേന്ദ്രത്തിലേക്കു യാത്രയായപ്പോള്‍ വിശ്വാസികളുടെ മനസില്‍ തെളിഞ്ഞത് അല്‍ഫോന്‍സാമ്മയുടെ സംസ്‌കാര വേളയിലെ വിലാപയാത്രയായിരുന്നു.
അന്ന് വിരലിലെണ്ണാവുന്ന ആളുകളാണ് അന്ത്യയാത്രയാക്കാന്‍ സംഗമിച്ചതെങ്കില്‍ ഇന്നലെ അമ്മയെ അനുഗമിച്ചത് ആയിരക്കണക്കിനു വിശ്വാസികളായിരുന്നു. മഠം ചാപ്പലിലേക്ക് നടത്തിയ ജപമാല–മെഴുകുതിരി പ്രദക്ഷിണത്തിന് ഫാ. ജോണ്‍ പാളിത്തോട്ടവും തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടത്തിയ പ്രദക്ഷിണത്തിന് ഫാ. സ്‌കറിയാ വേകത്താനവും നേതൃത്വം നല്‍കി. ഫാ. സഖറിയാസ് ഇല്ലിക്കമുറി സന്ദേശം നല്‍കി.
ഇന്നലെ രാവിലെ കോതമംഗലം രൂപതാ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും വൈകുന്നേരം ചങ്ങനാശേരി രൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി.ഫാ.മാത്യു മുളങ്ങാശേരില്‍, ഫാ. പോള്‍ ചന്ദ്രന്‍കുന്നേല്‍, ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. ജോര്‍ജ് കാവുംപുറത്ത്, ഫാ. ജോര്‍ജ് മൂലേച്ചാലില്‍, ഫാ. എബ്രാഹം കുപ്പുപുഴയ്ക്കല്‍, റവ. ഡോ. ജോസഫ് മുകളേല്‍പറമ്പില്‍, ഫാ. ജോസഫ് മുണ്ടയ്ക്കല്‍ എന്നിവര്‍ വിവിധ സമയങ്ങളില്‍ കുര്‍ബാന അര്‍പ്പിച്ചു. റവ.ഡോ. തോമസ് പാറയ്ക്കല്‍ റംശാ പ്രാര്‍ഥന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here