മിസ്സിസാഗ: പൂര്‍വ്വികര്‍ ഊട്ടിയുറപ്പിച്ച വിശ്വാസതീവ്രതയും കൈമാറിയ പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍, എക്‌സാര്‍ക്കേറ്റിന്റെ കുടക്കീഴില്‍ അണിനിരക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാനഡയിലെ സിറോ മലബാര്‍ സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. സ്‌നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ ക്രൈസ്തവ ജീവിതസാക്ഷ്യത്തിലൂടെയാകണം ക്രിസ്തുവിലേക്ക് ആളുകളെ ആകര്‍ഷിക്കേണ്ടത്. ഇതാകണം പുതുതലമുറ ഏറ്റെടുക്കേണ്ട സുവിശേഷ ദൗത്യമെന്നും കാനഡയിലെ സിറോ മലബാര്‍ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റ് നേതൃസംഗമത്തില്‍ ചൂണ്ടിക്കാട്ടി. കുടുംബ ആരാധനാ കൂട്ടായ്മകളും വൈദികരും സന്യാസിനികളും വൈദികവിദ്യാര്‍ഥികളും കത്തീഡ്രല്‍ ഉള്‍പ്പെടെ സ്വന്തമായ ദേവാലയങ്ങളുമെല്ലാമായി എക്‌സാര്‍ക്കേറ്റിന്റെ രണ്ടു വര്‍ഷത്തെ വളര്‍ച്ചയില്‍ ആഹ്ലാദം രേഖപ്പെടുത്തിയ മാര്‍ ആലഞ്ചേരി, രൂപതയെന്ന സ്വപ്നസാക്ഷാത്കാരം ഏറെ താമസിയാതെ സഫലീകരിക്കുമെന്ന പ്രത്യാശ പങ്കുവച്ചും വിശ്വാസസമൂഹത്തിന് ആവേശംപകര്‍ന്നു.

“ആരാധനയിലും പ്രാര്‍ഥനയിലും കുടുംബമൂല്യങ്ങളിലുമെല്ലാം മാതൃകയായ നമ്മുടെ പാരന്പര്യം മുറുകെപിടിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനാകണം ഊന്നല്‍കൊടുക്കേണ്ടത്. സഭയോട് ചേര്‍ന്നു നിന്നാകണം ജീവിതം ധന്യമാക്കേണ്ടത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് തോമാശ്ലീഹയാണ് സവിശേഷമായ നമ്മുടെ വിശ്വാസത്തിന് അടിത്തറ പാകിയത്. ലോകമെമ്പാടും സാന്നിധ്യമറിയിക്കുകയാണ് നാം ഇപ്പോള്‍. ഇതിന്റെ ഭാഗമായ ദൈവീകപദ്ധതിയാണ് കാനഡയിലെ സിറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് രൂപീകരണമെന്നു കാലം തെളിയിക്കും. വിശ്വാസത്തിനും സഭയ്ക്കുമാകണം പ്രാധാന്യം. നാം നിര്‍മിക്കുന്ന ആരാധനാലയങ്ങളും കെട്ടിടങ്ങളുമെല്ലാം ക്രിസ്തുവിലേക്ക് സമൂഹത്തെ കൂടുതല്‍ അടുപ്പിക്കുന്നതിനും സുവിശേഷദൌത്യത്തിനും ഉപകരിക്കുന്നതാവണം. മാനവശേഷിയില്‍ സമ്പന്നമാണ് സിറോ മലബാര്‍ സഭ. പ്രഫഷനല്‍ രംഗത്തും സംരംഭങ്ങളിലുമെല്ലാം സഭാംഗങ്ങളുടെ തിളക്കമാര്‍ന്ന സാന്നിധ്യവും മികവും പ്രകടമാണ്. ഒറ്റക്കെട്ടായി മുന്നേറുകയെന്നതാണു പ്രധാനം. ഇക്കാര്യത്തില്‍ സഭാംഗങ്ങള്‍ ഓരോരുത്തരും തങ്ങളുടെ കടമ നിര്‍വഹിക്കണം. സ്വയം പുകഴ്ചയ്‌ക്കോ സ്വന്തം നേട്ടത്തിനോ അല്ല, സമൂഹത്തെ സേവിക്കാനുള്ള അവസരമാണിത്. ഇക്കാര്യത്തിലും കുടുംബകൂട്ടായ്മകളുടെ വളര്‍ച്ചയിലുമെല്ലാം എക്‌സാര്‍ക്കേറ്റിന്റേത് മാതൃകാപരവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളാണ്’ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി.

എക്‌സാര്‍ക്കേറ്റ് രൂപതയാകുന്നതിനുള്ള കാലദൈര്‍ഘ്യം മുതല്‍ യെമനില്‍ തടവിലാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ടുവരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മാര്‍ ആലഞ്ചേരി മറുപടി നല്‍കി. എല്ലാവരെയും ഒരുമിപ്പിച്ചും സഭാനേതൃത്വത്തിന്റെയും മറ്റു രൂപതകളുടെയും സഹകരണവും സഹായവും ഉറപ്പാക്കിയും അജപാല ദൌത്യം നിര്‍വഹിക്കുന്ന മാര്‍ ജോസ് കല്ലുവേലിലിന്റെ ശൈലിയെയും പ്രകീര്‍ത്തിച്ചു. എക്‌സാര്‍ക്കേറ്റ് ഇബുള്ളറ്റിന്‍ പ്രകാശനവും നിര്‍വഹിച്ചു.

ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, മോണ്‍. സെബാസ്‌റ്യന്‍ അരീക്കാട്ട്, ഫാ. ജേക്കബ് എടക്കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാന്‍സലര്‍ ഫാ. ജോണ്‍ മൈലംവേലില്‍, പാസ്റ്ററല്‍ കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി മാര്‍ട്ടിന്‍ രാജ് മാനാടന്‍, സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് നേതാക്കളായ ഷോണ്‍ സേവ്യര്‍, ആന്‍ മേരി, ഫൈനാന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജോളി ജോസഫ് എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സാര്‍ക്കേറ്റ് നേതൃത്വത്തിലുള്ളവര്‍ സമാഹരിച്ച ഫണ്ട് തോമസ് കണ്ണന്പുഴ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഏല്‍പ്പിച്ചു.

എക്‌സാര്‍ക്കേറ്റ് രൂപീകരണശേഷമുള്ള ആദ്യ ഇടയസന്ദര്‍ശനത്തിനായി എത്തിയ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ദേവാലയവും ചാപ്പലും സന്ദര്‍ശിച്ച് പ്രാര്‍ഥിച്ച കര്‍ദിനാളിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാനയുമുണ്ടായിരുന്നു. എക്‌സാര്‍ക്കറ്റിനെ “അത്ഭുതശിശു’ എന്നു വിശേഷിപ്പിച്ച മാര്‍ ജോസ് കല്ലുവേലില്‍, വലിയ ഇടയന്റെ സന്ദര്‍ശനം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകുമെന്നും ചൂണ്ടിക്കാട്ടി. തോമസ് കണ്ണന്പുഴയുടെയും സാബു ജോര്‍ജിന്റെയും സേവനങ്ങളെയും എടുത്തുപറഞ്ഞു. എക്‌സാര്‍ക്കേറ്റിലെ വൈദികരുടെ യോഗത്തിലും ടൊറന്റോ സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയിലെ സ്വീകരണത്തിലും പങ്കെടുത്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവിടെയും വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മികനായിരുന്നു.

ജൂലൈ 28 വെള്ളിയാഴ്ച രാവിലെ എട്ടിന് എക്‌സാര്‍ക്കേറ്റിലെ സന്യാസിനികള്‍ക്കായി വിശുദ്ധ കുര്‍ബാന, പതിനൊന്നിന് എക്യുമെനിക്കല്‍ സഭകളില്‍നിന്നുള്ള പതിനേഴ് ഇടവകകളിലെ വൈദികരും കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച എന്നിവ നടക്കും. ജൂലൈ 29 ശനിയാഴ്ച രാവിലെ ഒന്‍പതിന് എഡ്മിന്റനിലെ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ കൂദാശയും വെസ്‌റ്റേണ്‍ റീജനല്‍ പാസ്റ്ററല്‍ സെന്ററിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. ജൂലൈ 30 ഞായറാഴ്ച മിസ്സിസാഗ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിലെ പ്രഥമ തിരുനാള്‍ ആഘോഷത്തിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും.

MARAlencheri_pic2 MARAlencheri_pic3

LEAVE A REPLY

Please enter your comment!
Please enter your name here