തിരുവനന്തപുരം:ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം നടക്കുമ്പോള്‍ കാവല്‍ നിന്നിരുന്നവര്‍ അടക്കമുളള മൂന്നുപൊലീസുകാര്‍ കാഴ്ചക്കാരായി നോക്കിനിന്നു. അക്രമിസംഘത്തെ തടയാന്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ശ്രമിക്കുമ്പോഴും അയാളെ അക്രമികള്‍ കയ്യേറ്റം ചെയ്യുമ്പോഴും മറ്റ് മൂന്നുപൊലീസുകാര്‍ വിഷയത്തില്‍ ഇടപെടാതെ അക്രമിസംഘത്തിന് ഒത്താശ ചെയ്യുകയായിരുന്നു. ആക്രമണത്തിനുശേഷം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.
പുലര്‍ച്ചെ ഒരുമണിക്ക് ശേഷമാണ് ഒരു ബൈക്കില്‍ രണ്ടുപേരടങ്ങിയ അക്രമിസംഘം കൈയില്‍ വലിയ വടിയുമായി ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് എത്തുന്നത്. റോഡില്‍ വശത്തായി നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലെ ഉദ്യോഗസ്ഥര്‍ ഇവര്‍ കൈവീശിയത് പ്രകാരം ബൈക്കിനടുത്തേക്ക് ഓടിയെത്തുകയും പേപ്പറില്‍ ബൈക്കിന്റെ നമ്പര്‍ കുറിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് രണ്ടുബൈക്കുകളിലായി അഞ്ചുപേര്‍ കൂടി കൈയില്‍ വടികളുമായി എത്തുന്നുണ്ട്. പൊലീസുകാരോട് തട്ടിക്കയറി ഗേറ്റ് കടന്ന് അക്രമികള്‍ അകത്തേക്ക് കടക്കുമ്പോള്‍ അവിടെ കാവല്‍ നിന്നിരുന്ന രണ്ടുപൊലീസുകാര്‍ പുറത്തേക്ക് ഓടുകയാണ്.
പുറത്തുനിന്ന മറ്റൊരു മുതിര്‍ന്ന പൊലീസുകാരന്‍ മൊബൈലില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അക്രമിസംഘം അകത്തുകയറി കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും കല്ലെറിയുകയും ചെയ്യുമ്പോള്‍ ആദ്യം ഓടിവന്ന പൊലീസുകാരന്‍ തനിച്ച് അക്രമിസംഘത്തെ എതിര്‍ക്കുന്നുണ്ട്. അക്രമികളെ പിന്തിരിപ്പിക്കാന്‍ നോക്കുന്ന ഈ പൊലീസുകാരനെ മൂന്നുപേര്‍ ചേര്‍ന്ന് കൈയേറ്റം ചെയ്യുകയും തളളി ഗേറ്റിന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്നും ഇദ്ദേഹം അക്രമികളെ എതിര്‍ക്കുമ്പോള്‍ മറ്റ് പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്. അക്രമിയുടെ കൈയില്‍ നിന്നും വടി പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ഈ പൊലീസുകാരനെ മര്‍ദ്ദിക്കുമ്പോഴും പുറത്തുളള മൂന്നുപൊലീസുകാരില്‍ ഒരാള്‍ ഷൂസ് നേരെയാക്കുന്നു, മറ്റൊരാളാകട്ടെ ഇതൊക്കെ കണ്ടിട്ടും ലാത്തിയുമായി അനങ്ങാതെ നില്‍ക്കുകയാണ്.
കൂട്ടത്തിലുളള മുതിര്‍ന്ന പൊലീസുകാരനാകട്ടെ മൊബൈല്‍ കൈയില്‍ പിടിച്ചിരിക്കുകയുമാണ്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തി വിവാദമായതിനെ തുടര്‍ന്ന് ആക്രമണം നടന്നിട്ടും കാഴ്ചക്കാരായി നിന്ന രണ്ടുപൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആക്രമികളെ എതിര്‍ത്ത സിവില്‍ പൊലീസ് ഓഫിസറാകട്ടെ പരുക്കേറ്റ് ആശുപത്രിയിലുമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ബിനു ഐപി, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് ബിജെപിയുടെ ആരോപണം. സിസിടിവി ദൃശ്യങ്ങളില്‍ ഇവരെ വ്യക്തമായി തിരിച്ചറിയുന്നുണ്ട്. ഇതിന് പിന്നാലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയില്‍ നിന്നും ബിനു അടക്കമുളളവരെ സസ്‌പെന്‍ഡ് ചെയ്തതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here