തിരുവനന്തപുരം:മോഷ്ടിച്ചുകൊണ്ടുപോയതു വലിയൊരു ആനയെ. കേരളത്തിലെ തലസ്ഥാനനഗരത്തിനു സമീപമാണ് ആനമോഷണം നടന്നത്. ആനയെ മോഷ്ടിച്ചുകൊണ്ടുപോയ മുന്‍ പാപ്പാനെ തമിഴ്‌നാട്ടിലേക്കുള്ള യാത്രാമധ്യേ പൊലീസ് പിന്‍തുടര്‍ന്നു പിടികൂടി അറസ്റ്റ് ചെയ്തു, ആനയും പൊലീസ് കസ്റ്റഡിയിലാണ്. തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയില്‍ പത്തമട വാണുമലൈ മുത്തമ്മാല്‍ തെരുവില്‍ അയ്യപ്പന്‍(21) ആണ് അറസ്റ്റിലായത്. ഇയാള്‍ നേരത്തെ ഈ ആനയുടെ സഹായിയായി ജോലി നോക്കിയിട്ടുണ്ട്.
ചുള്ളിമാനൂരിനു സമീപമുള്ള ആറാംപള്ളിയിലെ പുരയിടത്തില്‍ കെട്ടിയിരുന്ന വിതുര സ്വദേശി രവീന്ദ്രന്റെ ശ്രീലക്ഷ്മി എന്ന പിടിയാനയെയാണു രാത്രി അഴിച്ചിറക്കി തമിഴ്‌നാട്ടിലേക്കു തെങ്കാശി പാതയിലൂടെ നടത്തിക്കൊണ്ടുപോകവെ ചിപ്പന്‍ചിറ വച്ചു പിടിയിലായത്.
വ്യാഴാഴ്ച രാത്രി ഒന്‍പതു മണിക്കു ഭക്ഷണമെല്ലാം കൊടുത്തു തളച്ച ആനയെ പുലര്‍ച്ചെ അഞ്ചു മണിക്കു വീണ്ടും ഭക്ഷണം കൊടുക്കാന്‍ പാപ്പാന്‍ എത്തിയപ്പോഴാണ് ആനയെ കാണാത്തത്. ഉടന്‍ തന്നെ വലിയമല സ്റ്റേഷനില്‍ അറിയിച്ചു. അയ്യപ്പനെ കുറിച്ചു സംശയം ഉണ്ടായിരുന്നതിനാല്‍ തമിഴ്‌നാട്ടിലേക്കാവും പോയതെന്ന നിഗമനത്തില്‍ പൊലീസ് തെങ്കാശി പാതയിലൂടെ സഞ്ചരിച്ചപ്പോഴാണ് ആനയും അയ്യപ്പനും പിടിയിലായത്.
അയ്യപ്പനെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു. പിന്നീട് പാപ്പാന്‍മാരെ വരുത്തി ആനയെയും സ്റ്റേഷനിലെത്തിച്ചു. അയ്യപ്പന്‍ മുന്‍പ് പ്രസ്തുത ആനയോടൊപ്പം കുറച്ചുനാള്‍ സഹായിയായി ജോലി നോക്കിയിരുന്നു. ഈ പരിചയമാണ് ആന കൂടെ പോകാന്‍ കാരണം. ഒരു മാസം മുന്‍പ് ഇയാളെ പറഞ്ഞുവിട്ടിരുന്നു. കസ്റ്റഡിയിലെടുത്ത ആനയെ കോടതി ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാം എന്ന രേഖാമൂലമുള്ള ഉറപ്പില്‍ ആനയെ ഉടമയ്ക്ക് ഇന്നലെ രാത്രിയോടെ പൊലീസ് കൈമാറി. വലിയമല അഡി.എസ്‌ഐമാരായ ശശി, ഗോപകുമാര്‍, എഎസ്‌ഐ രഘുവരന്‍, എസ് സിപിഒ സജികുമാര്‍, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച അയ്യപ്പനു ദിവസം മോശമായിരുന്നെങ്കിലും മോഷണവസ്തുവായ ശ്രീലക്ഷ്മിക്ക് ഇന്നലെ കുശാലയായിരുന്നു.
കോടതി കയറേണ്ടി വന്നെങ്കിലും മൊത്തത്തില്‍ ഒരു വിഐപി പരിഗണനയായിരുന്നു ആനയ്ക്ക് ഒപ്പം വലിയമല പൊലീസ് സ്റ്റേഷന് ഒരു ആനച്ചന്തവും. . തിരക്കിനിടയിലും ആനയോടൊപ്പം ഫോട്ടോയെടുക്കാനും തൊട്ടുനോക്കാനും സെല്‍ഫിയെടുക്കാനും കിട്ടിയ അവസരം പൊലീസുകാരും. പാഴാക്കിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here