തിരുവനന്തപുരം:കേരളത്തിലെ സിപിഎം – ബിജെപി രാഷ്ട്രീയ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് ചര്‍ച്ച തുടങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി. ഗോപാലന്‍കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുവെന്നാണ് അറിയുന്നത്.
അതേസമയം സംഭവം മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തുന്ന തലത്തിലേക്കു വളര്‍ന്നതോടെ കേന്ദ്രബിജെപിയുടെ അടുത്ത നീക്കത്തിലേക്ക് ആകാംക്ഷയേറി. ഗവര്‍ണറുടെ നടപടിയെ സിപിഎം ചോദ്യംചെയ്യുന്നില്ല. മുഖ്യമന്ത്രിയും അതിനെ ക്രിയാത്മകമായി കാണുന്നുവെന്നാണു വിവരം. എന്നാല്‍, കേന്ദ്രനീക്കങ്ങളെ സിപിഎമ്മും സംശയത്തോടെ വീക്ഷിക്കുന്നു. ഗവര്‍ണര്‍ പി.സദാശിവം അതിനായുധമായി നിന്നുകൊടുക്കുന്നുവെന്നു കരുതുന്നില്ലെങ്കിലും സമ്മര്‍ദങ്ങള്‍ പാര്‍ട്ടി സംശയിക്കുന്നു.
ഗവര്‍ണര്‍ വഴി കേരളത്തില്‍ കേന്ദ്ര ഇടപെടലെന്ന ആവശ്യം കുറേനാളായി ബിജെപി ആഗ്രഹിച്ചു വരുന്നു. കണ്ണൂരിലെ പ്രശ്‌നങ്ങളില്‍ സിപിഎമ്മും ബിജെപിയും തുല്യ ഉത്തരവാദികളെന്നു കണ്ട് ആ സമ്മര്‍ദം ചെറുക്കുകയാണു ഗവര്‍ണര്‍ ചെയ്തുവന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാനകാര്യാലയം ആക്രമിക്കപ്പെടുകയും പിന്നാലെ തലസ്ഥാനത്തു തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തതോടെ ഇടപെടേണ്ട സാഹചര്യം അദ്ദേഹത്തിനു സംജാതമായി.
നേരത്തേ കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയോടു റിപ്പോര്‍ട്ട് തേടിയ ഗവര്‍ണര്‍ ഇക്കുറി അദ്ദേഹത്തെ നേരില്‍ കാണാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, എകെജി സെന്ററിലെത്തിയ പിണറായി അവിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കളുമായി സംസാരിച്ച ശേഷമാണു രാജ്ഭവനിലേക്കു പുറപ്പെട്ടത്. രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ച ശേഷമാണു മുഖ്യമന്ത്രിയോടു രാജ്ഭവനിലെത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചത്. കേന്ദ്ര നിര്‍ദേശപ്രകാരമാണ് അതു ചെയ്തതെന്ന ബിജെപിയുടെ അവകാശവാദം അതേസമയം രാജ്ഭവന്‍ അംഗീകരിക്കുന്നില്ല. സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്തു സര്‍ക്കാരിനെക്കൂടി സഹായിക്കുന്ന തരത്തിലുള്ള നടപടിയായാണു രാജ്ഭവന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാജ്‌നാഥിനെ വിവരങ്ങള്‍ അറിയിച്ചുവെന്നു ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും രാഷ്ട്രീയോദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയതെന്നു കരുതുന്നില്ലെന്നു കോടിയേരി ‘മനോരമ’യോടു പറഞ്ഞു. സര്‍!ക്കാര്‍ ചെയ്ത കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും കൂടി സഹായകരമായ ചര്‍ച്ചയായിട്ടാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരേസമയം കോടിയേരിയെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും ബന്ധപ്പെട്ടു കാര്യങ്ങള്‍ ഗവര്‍ണര്‍ തിരക്കിയതും അസാധാരണമായി. സിപിഎം, ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ആദ്യവട്ട സമാധാനചര്‍ച്ച നടത്താനാണു മുഖ്യമന്ത്രി ഒരുങ്ങുന്നത്. അതിനായി ഇവരുടെ സൗകര്യം മുഖ്യമന്ത്രി ആരാഞ്ഞു. അതിനുശേഷം സര്‍വകക്ഷി സമാധാന ചര്‍ച്ചയ്ക്കും സാധ്യതയുണ്ട്. സിപിഎമ്മും ബിജെപിയും ആയുധം താഴെ വച്ചാല്‍ തന്നെ എല്ലാമായി എന്നു കരുതുന്ന പ്രതിപക്ഷം, കോഴിക്കോട്ടെ ഉപവാസസമരത്തിനു പിന്നാലെ ഇരുകൂട്ടരെയും കൂടുതലായി തുറന്നു കാണിക്കാനുള്ള പ്രചാരണത്തിനുള്ള തീരുമാനത്തിലാണ്.
സംസ്ഥാന സര്‍ക്കാരിനെതിരെ അനങ്ങുന്നില്ലെന്നു മുന്‍പ് ഗവര്‍ണര്‍ക്കെതിരെ ഉറഞ്ഞുതുള്ളിയ ബിജെപി നേതാക്കളെ പുതിയ നടപടി എന്തായാലും തണുപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷം ഗവര്‍ണറെ കുമ്മനം രാജശേഖരനും ട്വിറ്ററില്‍ ‘പിന്തുടരാന്‍’ ആരംഭിച്ചതു കൗതുകമായി. രണ്ടുദിവസത്തിനകം ബിജെപി സംഘം ഗവര്‍ണറെ കാണും.

LEAVE A REPLY

Please enter your comment!
Please enter your name here