ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ബ്രൂക്ക്‌ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്റ് ഏരിയയിലെ പത്ത് പള്ളികളുടെ ഒരു സം‌‌യുക്ത വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 5, 6, 7 തിയ്യതികളില്‍ നടത്തി. ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് ആര്‍.സി. ചര്‍ച്ച് സ്കൂളില്‍ രാവിലെ 8:30 മുതല്‍ വൈകുന്നേരം 3:30 വരെ നടത്തപ്പെട്ട ഈ ബൈബിള്‍ സ്കൂളില്‍ 220-ല്‍‌പരം വിദ്യാര്‍ത്ഥികളും 60-ല്‍‌പരം വൊളന്റിയര്‍മാരും പങ്കെടുത്തു. നാല് വയസ്സുമുതല്‍ പതിനേഴ് വയസ്സുവരെ പ്രായമുള്ള കുട്ടികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ ക്ലാസ്സുകള്‍ക്ക് ഭദ്രാസനത്തിലെ യുവ വൈദികരും യുവജനങ്ങളും നേതൃത്വം നല്‍കി. “എല്ലാവര്‍ക്കും നന്മ ചെയ്യുവിന്‍” (1Thessalomans 5:15) എന്ന വിഷയത്തെ അടിസ്ഥാനമാക്കി പാഠ്യപുസ്തകങ്ങളും, പാട്ടുപുസ്തകങ്ങളും, ടീഷര്‍ട്ടും, ആര്‍ട്സ് & ക്രാഫ്റ്റ്സ് വസ്തുക്കളും കുട്ടികള്‍ക്ക് വിതരണം ചെയ്തു.

ആദ്യ ദിവസം രാവിലെ 9 മണിക്ക് വെരി. റവ. ഫാ. പൗലോസ് ആദായി കോര്‍ എപ്പിസ്കോപ്പ (വികാരി, സെന്റ് മേരീസ് ചര്‍ച്ച്, വെസ്റ്റ് സെയ്‌വില്‍) പതാക ഉയര്‍ത്തി ആരംഭം കുറിച്ച സമ്മേളനം ഭദ്രാസന സണ്‍‌ഡേ സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാ. ഗ്രിഗറി വറുഗീസ് (വികാരി സെന്റ് ഗ്രിഗോറിയസ് ചര്‍ച്ച്, ചെറി ലെയ്‌ന്‍) ഉദ്ഘാടനം ചെയ്തു. റവ. ഫാ. ഗ്രിഗറി വറുഗീസ്, റവ. ഫാ. ഫിലോമോന്‍ ഫിലിപ്പ്, റവ. ഫാ. ദിലീപ് ചെറിയാന്‍ (വികാരി, സെന്റ് ജോണ്‍സ് ചര്‍ച്ച്, ബെല്‍‌റോസ്) തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ പള്ളികളില്‍ നിന്നുള്ള ഗായകരടങ്ങിയ ഗായകസംഘം ശ്രീമതി രാജി കുര്യന്റെ നേതൃത്വത്തില്‍ കുട്ടികളെ ഗാനങ്ങള്‍ പഠിപ്പിച്ചു. ബൈബിള്‍ ജെപര്‍ഡി, മാജിക് ഷോ, ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ ആസ്വദിച്ചു.

സമാപന ദിവസം ശ്രീമതി സോളി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ണ്ണോജ്വലമായ റാലിയില്‍ വൈദികരും അദ്ധ്യാപകരും കുട്ടികളും ബാനറുകളും കൊടികളുമേന്തി ആവേശഭരിതരായി പങ്കെടുത്തു. ബൈബിള്‍ ജെപര്‍ഡിയില്‍ വിജയികളായ മാര്‍ അത്തനേഷ്യസ് ടീമിന് റവ. ഫാ. ദിലീപ് ചെറിയാന്‍, മാര്‍ ബര്‍ണബാസ് മെമ്മോറിയല്‍ റോളിംഗ് ട്രോഫി സമ്മാനിച്ചു. വിവിധ ഇടവകകളിലെ സണ്‍‌ഡേ സ്‌കൂള്‍ കുട്ടികള്‍ ‘ചില്‍‌ഡ്രന്‍ ഫോര്‍ ചില്‍‌ഡ്രന്‍’ ചാരിറ്റി ബോക്സുകളില്‍ സംഭരിച്ച 650 ഡോളര്‍ ഇന്ത്യയിലെ ഏതെങ്കിലും കുട്ടികളുടെ അനാഥ മന്ദിരത്തിന് നല്‍കുന്നതിനായി സമാഹരിച്ചു. ആദ്യന്തം വളരെ ചിട്ടയോടും ആത്മനിറവിലും നടത്തപ്പെട്ട ബൈബിള്‍ സ്കൂളിന്റെ വിജയത്തിനായി ഈ പ്രദേശത്തെ പത്ത് ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ നിന്നുമുള്ള നിസ്വാര്‍ത്ഥരും സമര്‍പ്പിതരുമായ ഒരുകൂട്ടം ആളുകള്‍, ഏരിയ കോഓര്‍ഡിനേറ്റര്‍ ഡോ. മിനി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. സജി ഏബ്രഹാം അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here