കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യംലഭിക്കാനുള്ള സാധ്യത പൂര്‍ണമായും അടച്ചത് പോലീസ് പഴതടച്ചുതയാറാക്കിയ കേസ് ഡയറി. ഉന്നതപോലീസ് ഉദ്യോഗസ്ഥരെപ്പോലും പലപ്പോഴും കുഴപ്പത്തില്‍ചാടിച്ച കേസ് അന്വേഷണം താഴെത്തട്ടില്‍ തീര്‍ത്തും ശാസ്ത്രീയമായാണു പുരോഗമിച്ചത്. ഇതാണ് നടനെ കുടുക്കിയതും ഊരാക്കുടുക്കില്‍ കൊണ്ടുചെന്നെത്തിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും പ്രധാനമായും ആശ്രയിച്ചത് ഈ കേസ് ഡയറിയെ ആയിരിക്കുന്നു. സുപ്രീംകോടതിയിലേക്ക് ജാമ്യാപേക്ഷ പോകുമ്പോഴും ജാമ്യഹര്‍ജിയിന്‍മേല്‍ നിലവിലുള്ള രണ്ട് വിധികളാണ് പ്രാഥമികമായി പരിഗണിക്കുക. ഇനി അഥവാ ആ വിധികളെ തള്ളി ജാമ്യം കൊടുക്കാം എന്ന തോന്നലുണ്ടാകുന്നപക്ഷം സുപ്രീംകോടതിയും കേസ് ഡയറി പരിശോധിക്കും. ആരുടെ മുന്നിലും വളയാത്ത ഒരു കേസ് ഡയറി ഉണ്ടെന്നതാണ് നടി അക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തെ അതിശക്തമായ രീതിയില്‍ മുന്നോട്ടു നയിക്കുന്ന നട്ടെല്ല് എന്ന് ഇപ്പോള്‍ പോലീസിലെ ഉന്നതര്‍ തന്നെ സമ്മതിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ടാല്‍ പ്രതി ദിലീപ് തന്നെ എന്ന മുന്‍വിധി സംഭവത്തില്‍ ആദ്യം മുതലേയുണ്ട്. ആദ്യദിവസം വാര്‍ത്തകളിലും അത്തരം സൂചനകള്‍ ഉണ്ടായിരുന്നു. ഗൂഡാലോചയുണ്ട് എന്ന് ദിലീപിന്റെ ആദ്യഭാര്യയും അക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുമായ മഞ്ജുവാര്യര്‍ പരസ്യമായിത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഗൂഡാലോചന സംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പരസ്യമായി അതു നിഷേധിച്ചു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സ്വാഭാവികമായി മുഖ്യമന്ത്രിയും സംശയത്തിന്റെ നിഴലിലായി. ഇവിടെയാണ് ആലുവ ഡിവൈഎസ്പിയായിരുന്ന ബാബുകുമാര്‍ എന്ന കാക്കിയില്‍ കറപറ്റാത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ മികവ് തെളിഞ്ഞു തുടങ്ങുന്നത്.
കേസിന്റെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയോ രാഷ്ട്രീയ നേതാക്കളേയോ അറിയിച്ചിരുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തില്‍ ‘സംഭവത്തില്‍ ഗൂഢാലോചനയില്ല’ എന്ന് മുഖ്യമന്ത്രി പറയാനുള്ള സാഹചര്യവും ഇതാണ്. ഇത്തരത്തില്‍ സൂക്ഷ്മതയോടെയുള്ള അന്വേഷണത്തില്‍ എല്ലാ തെളിവുകളും ശേഖരിച്ച് പഴുതടച്ചശേഷമായിരുന്നു കേസിലെ അറസ്റ്റ്. ദിലീപിനു പോലും സംശയത്തിന് ഇടം കൊടുക്കാതെയുള്ള നീക്കത്തിനൊടുവില്‍ ബാബുകുമാര്‍ നടനെ പൂട്ടുകയായിരുന്നു.കേസിലെ പ്രധാന പ്രതിയായ സുനില്‍കുമാറിനെ അറസ്റ്റു ചെയ്യുന്നതിനു മുമ്പ് ബാബു കുമാര്‍ നാലു പ്രാവശ്യം നടന്‍ ദിലീപിനെ അനൗപചാരികമായി കണ്ടിരുന്നു. ആലുവ പാലസ് ഗസ്റ്റ് ഹൗസ്, ദിലീപിന്റെ വീട് തുടങ്ങിയ ഇടങ്ങളില്‍ വച്ചു നടന്ന കൂടിക്കാഴ്ച ഒരര്‍ത്ഥത്തില്‍ ചോദ്യം ചെയ്യല്‍ തന്നെയായിരുന്നു. എന്നാല്‍ ഇക്കാര്യം ദിലീപിന് ഒരിക്കലും മനസ്സിലാകാത്ത രീതിയിലായിരുന്ന ബാബുകുമാറിന്റെ നീക്കം. ദിലീപ് ഈ കേസില്‍ പ്രതിയാണെന്നുള്ള ഒരു സൂചനപോലും വെളിയില്‍ വിടാതെ ബാബുകുമാര്‍ ശ്രദ്ധിച്ചിരുന്നു.
ദിലീപും ഭാര്യയും അമേരിക്കന്‍ പര്യാടനത്തിനു പോകും മുമ്പ് പൊലീസ് ഇരുവരേയും ചോദ്യം ചെയ്തിരുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ടിനു സമീപം ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ ദിലീപിനെയും കാവ്യയെയും ഒരുമിച്ചിരുത്തി ബാബു കുമാറും സിഐ ബൈജു പൗലോസും മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇതോടെ പരിഭ്രാന്തി പൂണ്ട
ദിലീപ് എഡിജിപി സന്ധ്യയ്ക്കു മുന്നില്‍ പരാതിയുമായെത്തി. ജയിലില്‍ കഴിയുന്ന സുനില്‍ കുമാര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നവെന്നു കാട്ടിയാണ് ദിലീപ് പരാതി നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കി കേസ് ഡയറിയും തയ്യാറാക്കിയ ശേഷമാണ് ബാബുകുമാര്‍ കൊച്ചിന്‍ റിഫൈനറിയില്‍ കേന്ദ്രസര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ ജോലിക്കായി ചേര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here