ന്യൂഡല്‍ഹി: ഇന്ത്യയിലെ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധന. 1998ല്‍ 21,500 രൂപയായിരുന്ന എം.പിമാരുടെ ശമ്പളം 2017ല്‍ 2,80000 രൂപയായി ഉയര്‍ന്നു. അന്ന് 400 രൂപയായിരുന്ന് പ്രതിദിനബത്ത ഇന്ന് 4000 രൂപയായി. അതായത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 400 ശതമാനമാണ് ശമ്പളത്തിലുണ്ടായ വര്‍ദ്ധന. ഇന്ത്യ മാതൃകയാക്കുന്ന ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇക്കാലയളവിലുണ്ടായ ശമ്പള വര്‍ദ്ധന 13 ശതമാനം മാത്രം. ഇത് കൂടാതെ കുടംബത്തോടൊപ്പം താമസിക്കാന്‍ ഡല്‍ഹിയില്‍ വീട്, നിശ്ചിത എണ്ണം വിമാനടിക്കറ്റ്, ട്രെയിന്‍ യാത്രക്കുള്ള സൗജന്യ പാസ്, മൂന്ന് ലാന്‍ഡ് ഫോണ്‍, രണ്ട് മൊബൈല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയും ലഭ്യമാകും.

നമ്മുടെ ലോക്‌സഭ സമ്മേളിക്കുന്ന ദിവസങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുമ്പോഴാണ് പ്രതിഫലം മാനം മുട്ടെ ഉയരുന്നത്.1952ല്‍ 126 ദിവസം സഭ സമ്മേളിച്ചുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 75 ദിവസം മാത്രമായിരുന്നു.പ്രതിഫലം വര്‍ദ്ധിക്കുന്നത് അനുസരിച്ച് ജോലിയോ ഉത്തരവാദിത്തമോ കൂടുന്നില്ലെന്ന് ലോക്‌സഭയില്‍ തന്നെ ഉയര്‍ന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇരുപത് വര്‍ഷത്തിനിടെ പാര്‍ലമെന്റ് നടത്തിയ പകുതിയോളം നിയമനിര്‍മ്മാണങ്ങളും പാര്‍ലമെന്ററി സമിതികള്‍ പഠിക്കാതെയും ഗൗരവമായ ചര്‍ച്ചകളില്ലാതെയുമാണ് പാസാക്കിയത്. സമീപകാലത്ത് ആധാര്‍ ബില്‍ ഉള്‍പ്പെയുള്ള നിര്‍ണായക നിയമങ്ങള്‍ വരെ ഇത്തരത്തില്‍ ചര്‍ച്ചയില്ലാതെ പാസാക്കി.
എംപിമാരുടെ പ്രതിഫലം എംപിമാര്‍ തന്നെ നിശ്ചയിക്കുന്നതിനെ ചോദ്യെ ചെയ്ത് ബിജെപി എംപി വരുണ്‍ ഗാന്ധിയാണ് ലോക്‌സഭയില്‍ ഇന്നലെ കണക്കുകള്‍ ഉദ്ധരിച്ചത്. സ്വന്തം ശമ്പളം എംപിമാര്‍ നിശ്ചയിക്കുന്നതിന് പകരം ബ്രിട്ടീഷ് മാതൃകയില്‍ പുറമേ നിന്നുള്ളവരുടെ സമിതി ഇതിനായി രൂപാകരിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വച്ചു. കഴിഞ്ഞ ഒരു വര്‍ഷം 18,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. നമ്മുടെ ശ്രദ്ധ എവിടെയാണ്? വരുണ്‍ ഗാന്ധി ചോദിച്ചു. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് വന്ന് മൂത്രം കുടിച്ചും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി പ്രദര്‍ശിപ്പിച്ചും സമരം നടത്തി. എന്നാല്‍, തമിഴ്‌നാട് നിയമസഭ കഴിഞ്ഞ മാസം 19ന് നിയമസഭാംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here