കൊച്ചി: ചരക്ക്, സേവനനികുതി നടപ്പിലാക്കിയതിനു പിന്നാലെ നടന്ന കോഴിപ്പോരില്‍ സര്‍ക്കാരിനു ‘ജയം’. ഇറച്ചിക്കോഴിയുടെ വില കിലോയ്ക്ക് ശരാശരി 93 രൂപയായി. സര്‍ക്കാരിന്റെ പിടിവാശിക്കു വ്യാപാരികള്‍ കീഴടങ്ങിയതാണെന്നു തെറ്റിദ്ധരിക്കേണ്ട. കര്‍ക്കടകമാസത്തില്‍ കോഴിയിറച്ചി വാങ്ങാന്‍ ആളില്ലാതെ വന്നതോടെയാണു വില കുറഞ്ഞത്.
ചരക്ക്, സേവനനികുതി നടപ്പിലായ ജൂലൈ ഒന്നിനുശേഷം കോഴിയിറച്ചിക്കു വില കുത്തനെ കൂടിയിരുന്നു. ഇറച്ചിക്കോഴിക്കു കിലോയ്ക്ക് 140 രൂപ വരെ വിലകൂടി. തുടര്‍ന്നു സര്‍ക്കാര്‍ വില നിയന്ത്രിക്കാന്‍ കര്‍ശനമായി ഇടപെട്ടു. ഇറച്ചിക്കോഴി കിലോയ്ക്ക് 87 രൂപയ്ക്കു വില്‍ക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും വ്യാപാരികള്‍ തയാറായില്ല. വ്യാപാരികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഒരുദിവസം കോഴിയിറച്ചിക്കടകള്‍ അടച്ചിട്ടു സമരവും നടന്നു.
കോഴിവില നിയന്ത്രിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ തുടങ്ങാനും സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരുന്നു. ഇതിനിടെയാണ്, കര്‍ക്കടകം വന്നതും കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞതും. രണ്ടാഴ്ച മുന്‍പ് കിലോയ്ക്ക് 120 രൂപയായിരുന്നതു ക്രമേണ കുറഞ്ഞ് ഇന്നലെ 93 രൂപ മുതല്‍ 95 രൂപവരെയായി.

LEAVE A REPLY

Please enter your comment!
Please enter your name here