കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിച്ചതിനാണ് രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്കുശേഷം ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തിയ രാജു ജോസഫിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.

നേരേത്ത അറസ്റ്റിലായ അഭിഭാഷകൻ പ്രതീഷ് ചാക്കോ രാജു ജോസഫാണ് മൊബൈലും മെമ്മറി കാർഡും നശിപ്പിച്ചതെന്ന് മൊഴി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതീഷ് ചാക്കോ ഒളിവിൽ പോവുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് തള്ളിയതിനെ തുടർന്നാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തുടർന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

ബുധനാഴ്ച ആലുവ പൊലീസ് ക്ലബിൽ മറ്റൊരു അഭിഭാഷകനൊപ്പം സ്വന്തം കാറിലാണ് രാജു ജോസഫ് എത്തിയത്. ഈ കാർ രാജു ക്ലബിനകത്ത് കയറിയ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിക്കാൻ കൊണ്ടുപോയത് ഈ കാറിലാണെന്നാണ് പൊലീസ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here