ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. തീരുമാനം ഓഗസ്റ്റ് എട്ടിന് സുപ്രിം കോടതിയെ അറിയിക്കും.
ഭേദഗതി വരുത്തിയുള്ള പുതിയ ബില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബില്‍ പാസ്സാകുന്നതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പകരക്കാരെ നിയമിച്ചോ, ഇലക്ട്രോണിക് രീതിയിലോ വോട്ടു ചെയ്യാന്‍ അവസരമുണ്ടാകും.
പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാലമായ ആവശ്യമാണ് യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നത്. നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും, തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യണമെങ്കില്‍ രാജ്യത്തെത്തണമെന്നാണ് നിയമം. ശരാശരി പതിനായിരം മുതല്‍ പന്ത്രണ്ടായിരം വരെ ആളുകള്‍ മാത്രമാണ് വോട്ടുരേഖപ്പെടുത്താനായി രാജ്യത്തെത്തുന്നുള്ളൂ എന്നാണ് കണക്ക്.
ഇതിനു പകരം അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍ വോട്ടു ചെയ്യാന്‍ അവസരം ഒരുക്കുക, അല്ലെങ്കില്‍ പകരം പ്രതിനിധികളെ വോട്ടു ചെയ്യാന്‍ അനുവദിക്കുക എന്ന ആവശ്യമാണ് പ്രവാസികള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുന്നത്. ഓണ്‍ലൈനായി ബാലറ്റ് പേപ്പറുകള്‍ ഇന്ത്യന്‍ എംബസികളിലോ, കോണ്‍സുലേറ്റിലോ ഏത്തിച്ച് വോട്ടു രേഖപ്പെടുത്തുന്നത് പരിഗണിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാള്‍ അതേ മണ്ഡലത്തിലെ വോട്ടറായിരിക്കണം. ഇയാളെ ചുമതലപ്പെടുത്തിക്കൊണ്ട് ആറുമാസം മുമ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. തുടങ്ങിയവയാണ് ഭേദഗതിയില്‍ നിര്‍ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രവാസി വോട്ടവകാശം എന്നു നടപ്പാക്കാനാകുമെന്ന് ജൂലൈ 21 ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. നിലവിലെ ചട്ടപ്രകാരം പ്രവാസി വോട്ടവകാശം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രോക്‌സി വോട്ട് അനുവദിക്കാന്‍ തീരുമാനിച്ച വിവരം ഓഗസ്റ്റ് എട്ടിന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
നേരത്തെ പ്രവാസി ഇന്ത്യക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടോ, ഇതപാല്‍ വോട്ടോ അനുവദിക്കണം എന്ന് വിനോദ് സുസ്ഥി കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. പ്രമുഖ വ്യവസായി ഡോ. വി പി ഷംഷീര്‍ ആണ് പ്രവാസി ഇന്ത്യക്കാരുടെ വോട്ട് അവകാശത്തിനായി സുപ്രിം കോടതിയില്‍ നിയമപോരാട്ടം നടത്തി വന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here