ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലെ പട്ടാള ബങ്കറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ചാണകം കൊണ്ടാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പശുവിന്റെ മാംസം വിഷമാണെങ്കില്‍ മൂത്രം ഔഷധമാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ലോകത്തിലെ 90 ശതമാനം മനുഷ്യരും പശുവിന്‍ പാലിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അത് കൊണ്ടാണ് പശുവിനെ മനുഷ്യത്വത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കുന്നത്. അതിര്‍ത്തിയിലെ പട്ടാള ബങ്കറുകള്‍ നിര്‍മ്മിക്കുന്നത് ചാണകം ഉപയോഗിച്ചാണ്. സാധാരണ മനുഷ്യര്‍ വീടുകള്‍ ചാണകം കൊണ്ടുണ്ടാക്കുന്നു. ഗോമൂത്രം കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് നല്ലതാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
അതേ സമയം പശുവിന്റെ മാംസം വിഷമാണ്. രാജ്യത്തെ ബീഫ് കയറ്റുമതിയുടെ അളവില്‍ കുറവ് വന്നതായും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. നേരത്തെ പശു മാഹാത്മ്യം ശാസ്ത്രീയമായി പഠിക്കാന്‍ പ്രത്യേക കേന്ദ്ര സമിതിയെ മോദി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. നാടന്‍ പശുക്കളെയും പഞ്ചഗവ്യമായ പശുവിന്റെ ചാണകം, മൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവയെയും കുറിച്ചുള്ള അറിവുകള്‍ക്കു ശാസ്ത്രീയ അടിത്തറയുണ്ടാക്കാനാണ് പ്രത്യേക സമിതി. പോഷകാഹാരം, ആരോഗ്യം, കൃഷി എന്നീ മേഖലകളില്‍ പഞ്ചഗവ്യത്തിന്റെ ഗുണഗണങ്ങള്‍ ശാസ്ത്രീയമായി പഠിക്കും.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധനാണ് 19 അംഗ സമിതിയുടെ അധ്യക്ഷന്‍. ആര്‍എസ്എസ്–വിഎച്ച്പി അനുബന്ധ സ്ഥാപനങ്ങളിലെ അംഗങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജ്ഞാന്‍ ഭാരതി പ്രസിഡന്റ് വിജയ് ഭട്കറാണ് സമിതി ഉപാധ്യക്ഷന്‍. ആര്‍എസ്എസ് ബന്ധമുള്ള ശാസ്ത്ര സംഘടനയായ വിജ്!ഞാന്‍ ഭാരതിയുടെ സെക്രട്ടറി ജനറലും മലയാളിയുമായ എ. ജയകുമാര്‍, വിഎച്ച്പി സംഘടനയായ പശു ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ (ജിവിഎകെ) സുനില്‍ മന്‍സിംഘ്ക എന്നിവരും സമിതിയിലുണ്ട്.
പശു ഗവേഷണവുമായി ബന്ധപ്പെട്ട് ആറു പേറ്റന്റുകള്‍ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിവിഎകെയ്ക്കു ലഭിച്ചിട്ടുണ്ടെന്ന് മന്‍സിംഘ്ക പറഞ്ഞു. ഇതിലൊന്ന് ഗോമൂത്രവുമായി ബന്ധപ്പെട്ടുള്ളതാണ്. പഞ്ചഗവ്യത്തിന്റെ പ്രയോജനം അറിയാന്‍ ‘സ്വരോപ്’ (സയന്റിഫിക് വാലിഡേഷന്‍ ആന്‍ഡ് റിസര്‍ച് ഓണ്‍ പഞ്ചഗവ്യ – എസ്!വിആര്‍ഒപി) എന്ന പദ്ധതി സര്‍ക്കാര്‍ രൂപീകരിക്കും.
പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തിലാണ് സ്വരോപ് പദ്ധതി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും ഡല്‍ഹി ഐഐടിയുമായി സഹകരിച്ചാണ് സ്വരോപിന്റെ പ്രവര്‍ത്തനം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി വകുപ്പ്, പാരമ്പര്യേതര ഊര്‍ജ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരും സമിതി അംഗങ്ങളാണ്.
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍) ഡയറക്ടര്‍ ആര്‍.എ. മഷേല്‍കര്‍, ഡല്‍ഹി ഐഐടി ഡയറക്ടര്‍ പ്രഫ. വി.റാംഗോപാല്‍ റാവു, ഡല്‍ഹി ഐഐടിയിലെ പ്രഫ. വി.കെ.വിജയ് എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here