കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ അഭിഭാഷകനെ മാറ്റിയുള്ള പരീക്ഷണത്തിന് ദിലീപ് തയ്യാറെടുക്കുന്നു. ഹൈക്കോടതിയിലെ മറ്റൊരു പ്രഖുഖ ക്രിമിനല്‍ അഭിഭാഷകനായിരിക്കും ഇനി ജാമ്യാപേക്ഷ സമര്‍പ്പിക്കുക. ദിലീപിന്റെ സഹോദരന്‍ അനൂപ് ഇന്നലെ അഭിഭാഷകനുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ച വക്കാലത്തില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. പുതിയ അഭിഭാഷകന്‍ കേസ് ഏറ്റെടുത്ത ശേഷം വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം. ഇതും പരാജയപ്പെട്ടാല്‍ മാത്രമേ സുപ്രീംകോടതിയെ സമീപിക്കൂ.

സിനിമാ മേഖലയുമായി ബന്ധമുള്ളവരെ അവരുടെ വീടുകളിലോ പറയുന്ന സ്ഥലത്തോ എത്തി വിവരങ്ങള്‍ തേടുന്ന രീതിയാണ് ഇപ്പോള്‍ അന്വേഷണസംഘം സ്വീകരിക്കുന്നത്. പലരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് രഹസ്യമായ വിവരം തേടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും അറസ്്റ്റ് ചെയ്യും. തെളിവുകള്‍ നശിപ്പിക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനും ശ്രമിച്ചെന്ന കുറ്റമായിരിക്കും നാദിര്‍ഷയ്‌ക്കെതിരേ എതിരെ ചുമത്തുക. അപ്പുണ്ണിക്കെതിരെ ഏതൊക്കെ കുറ്റം ചുമത്തണമെന്ന് അന്വേഷണസംഘം ഇതുവരെ തീരുമാനിച്ചിട്ടില്ല.
അതിനിടെ ഗൂഢാലോചനക്കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലേക്ക് അന്വേഷണസംഘം നീങ്ങി. 60 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുകയാണ് ലക്ഷ്യം. തെളിവുശേഖരണം ഏകദേശം പൂര്‍ത്തിയായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണും യഥാര്‍ത്ഥ മെമ്മറി കാര്‍ഡുമാണ് കണ്ടെത്താനുള്ളത്, ഇത് അഭിഭാഷകര്‍ നശിപ്പിച്ചുവെന്ന വാദം അംഗീകരിച്ചിട്ടില്ലെങ്കിലും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ പൊലീസിന്റെ അടുത്തനീക്കങ്ങളില്‍ വ്യക്തതയുണ്ടാകും. തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് പള്‍സര്‍ സുനി അടുത്തയാഴ്ച അപേക്ഷ സമര്‍പ്പിക്കും. ഗൂഢാലോചന കേസില്‍ ഈ മൊഴിയും നിര്‍ണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here