കരിപ്പൂര്‍:നൂറുകണക്കിനായ യാത്രക്കാരെ ദൈവംരക്ഷിച്ചു. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയെങ്കിലും വന്‍ ദുരന്തം ഒഴിവായി. അപകടത്തെത്തുടര്‍ന്നു റണ്‍വേ ഒരു മണിക്കൂറിലേറെ അടച്ചിട്ടു. ഇന്നലെ രാവിലെ 8.15നു ചെന്നൈയില്‍നിന്നു കോഴിക്കോട്ട് ഇറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. 70 യാത്രക്കാരും രണ്ടു പൈലറ്റുമാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

റണ്‍വേയുടെ പടിഞ്ഞാറ് അറ്റത്തുനിന്നു 900 മീറ്ററോളം അകലെയായിരുന്നു ലാന്‍ഡിങ്. ഉടന്‍ റണ്‍വേയുടെ വലതുഭാഗത്തേക്കു തെന്നി. റണ്‍വേയുടെ പുറത്ത് സുരക്ഷാവലയമായി നിറച്ച മണ്ണിലേക്ക് ഒരു ചക്രം താഴ്ന്നു. അപകടം മനസ്സിലാക്കിയ വൈമാനികന്‍ ഉടന്‍ റണ്‍വേയിലേക്കു വിമാനം തിരിച്ചെത്തിച്ചു. ഇതിനിടെ റണ്‍വേയുടെ വശത്തു സ്ഥാപിച്ചിരുന്ന അഞ്ചു ലൈറ്റുകള്‍ വിമാനം കയറി തകര്‍ന്നു. ചക്രത്തിനു കേടുപാട് സംഭവിച്ചു. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം താഴേക്കു പതിക്കാനുള്ള സാധ്യതയുമുണ്ട്. റണ്‍വേ ഒരു മണിക്കൂറിലേറെ അടച്ചു.

ഈ സമയം കോഴിക്കോട്ടെത്തേണ്ട മൂന്നു വിമാനങ്ങള്‍ കൊച്ചിയിലേക്കു തിരിച്ചുവിട്ടു. കോഴിക്കോട്ടുനിന്നു പുറപ്പെടേണ്ട രണ്ടു വിമാനങ്ങള്‍ വൈകി. അപകടത്തില്‍പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ രണ്ടു തുടര്‍ സര്‍വീസുകളും റദ്ദാക്കി. കോഴിക്കോട് വിമാനത്താവളത്തെ നടുക്കിയ സംഭവത്തില്‍ ഡിജിസിഎയുടെ ആകാശ സുരക്ഷാ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ കേടുതീര്‍ക്കുന്നതിനു ബെംഗളൂരുവില്‍നിന്നും കോയമ്പത്തൂരില്‍നിന്നും വിദഗ്ധ സംഘം കോഴിക്കോട്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here