തിരുവനന്തപുരം:സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളുടെ പേരില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രിയെ വളിച്ചപ്പോള്‍ പോയതിനെക്കുറിച്ച് സര്‍ക്കാരിനും പാര്‍ട്ടിക്കും വീണ്ടുവിചാരം. ഗവര്‍ണര്‍ നേരിട്ടു കാണാന്‍ ആവശ്യപ്പെട്ടപ്പോള്‍ത്തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും മറ്റും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്.

അപ്പോള്‍ ഉണ്ടായ തീരുമാനത്തിനൊപ്പം നിന്ന പാര്‍ട്ടി നേതൃത്വം പിന്നീടും ആ തീരുമാനത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാക്കളും സിപിഐയും ഉള്‍പ്പെടെ ഗവര്‍ണര്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തിയതിനെ വിമര്‍ശിച്ചതോടെയാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കും വീണ്ടുവിചാരം ഉണ്ടായതെന്നാണ് സൂചന. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ മാധ്യമങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഗവര്‍ണറുടെ നടപടി ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് കോടിയേരി വെള്ളിയാഴ്ച പ്രതികരിച്ചു.

ഇതാകട്ടെ, ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി എന്ന് അദ്ദേഹം നേരത്തേ പറഞ്ഞതിനു വിരുദ്ധവുമാണ്. പ്രതിപക്ഷത്തിന്റെ വിമര്‍ശനം മാത്രമല്ല, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറ്റിലും തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയിലും ഉണ്ടായ വിമര്‍ശനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഈ നിലപാട് മാറ്റം. അതേസമയം, ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ തിരക്കിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയതോടെ മുഖ്യമന്ത്രി രാജ്ഭവനില്‍ പോയി ഗവര്‍ണറെ കണ്ടതിന് ന്യായീകരണമായി വേണമെങ്കില്‍ മുഖ്യമന്ത്രിക്കോ പാര്‍ട്ടി നേതൃത്വത്തിനോ ചൂണ്ടിക്കാണിക്കുകയും ചെയ്യാന്‍ കഴിയും.

തലസ്ഥാനത്ത് സിപിഎം, ബിജെപി സംഘര്‍ഷം രൂക്ഷമാവുകയും അതിന്റെ ഭാഗമാണെന്ന് തോന്നിപ്പിക്കുന്ന വിധം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ആദ്യം മുഖ്യമന്ത്രിയെയും പിന്നീട് സംസ്ഥാന പൊലീസ് മേധാവിയെയും വിളിച്ചു വരുത്തിയത്. ഇത് ദേശീയ തലത്തില്‍ത്തന്നെ ചര്‍ച്ചയാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here