ഡാളസ്: സുവിശേഷവേല ഹാരാർപ്പണം ലഭിക്കുന്ന വേലയല്ല പ്രത്യുത പ്രതികൂലങ്ങളും, പ്രലോഭനങ്ങളും നിറഞ്ഞതായതിനാൽ ശുശ്രൂഷകന്മാർ സഹനശക്തിയും, ദർശനവും, സമർപ്പണവും ഉള്ളവരായിരിക്കണമെന്ന് ഇവാഞ്ചലിസ്റ്റ് പി. ഐ. ഏബ്രഹാം ( കാനം അച്ചൻ) ഉദ്ബോധിപ്പിച്ചു. ആഗസ്റ്റ് 6 ഞായറാഴ്ച ഡാളസ് സ്കൂൾ ഓഫ് തിയോളജിയുടെ ഏഴാമത് ബാച്ചിന്റെ ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവേലക്കാർ തങ്ങളുടെ ജീവിതവും ഉപദേശവും സൂക്ഷിക്കണമെന്നും, ദൈനംദിനജിവിതത്തിൽ ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.   മണക്കാല ശാരോൻ തിയോളജിക്കൽ സെമിനാരിയുടെ അംഗീകാരത്തോടെ വളരെ വ്യവസ്ഥാനുസൃതമായ രീതിയിൽ മൂന്നു വർഷം വേദശാസ്ത്രപഠനം പൂർത്തിയാക്കിയ 6 വേദവിദ്യാർത്ഥികൾക്ക് പ്രിൻസിപ്പാൾ പാസ്റ്റർ തോമസ് ഏബ്രഹാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്കൂൾ അക്കാഡമിക് ഡീൻ പാസ്റ്റർ തോമസ് മുല്ലക്കലും, ഫാക്കൽറ്റി അംഗം പാസ്റ്റർ ടി. എസ്. ഏബ്രഹാമും ബിരുദധാരികളെ സദസ്സിനു പരിചയപ്പെടുത്തി. തങ്ങളിലേക്കു പകരപ്പെട്ട വേദശാസ്ത്ര അറിവു ദൈവരാജ്യമഹത്വത്തിനായി വിനിയോഗിക്കപ്പെടുവാനും, അധികദൈവകൃപ പകരപ്പെടുവാനും പാസ്റ്റർ ജോർജ്ജ് സി. വർഗ്ഗീസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ അനുഗ്രഹിക്കുകയും,  ദൗത്യ നിയോഗപ്രാർത്ഥനയ്ക്ക് നേതൃത്വവും നല്കി.  വേദവിദ്യാർത്ഥികളുടെ പ്രതിനിധിയായി ബ്രദർ സ്റ്റാൻലി ഉമ്മൻ തിരുവചനത്തിൽ നിന്നും സംസാരിച്ചു. സിസ്റ്റർ ലിസി തോമസ്, ബ്രദർ ജോൺസൻ ഏബ്രഹാം എന്നിവർ തങ്ങളുടെ പഠനാനുഭവങ്ങൾ പങ്കുവെച്ചു. പാസ്റ്റർ സതീഷ് കുമാർ, പാസ്റ്റർ ജെയിംസ് റാം ( റായ്പ്പൂർ) എന്നിവർ പഠനം പൂർത്തിയായവർക്ക് അഭിനന്ദനവാചകങ്ങൾ അറിയിച്ചു.  ഡാളസ് പട്ടണത്തിലെ വിവിധ സഭകളിൽ നിന്നും ശുശ്രൂഷകന്മാരും, വിശ്വാസ സമൂഹവും ഈ അനുഗ്രഹനിമിഷത്തിനു സാക്ഷികളായിരുന്നു. സമ്മേളനത്തിനു ഡാളസ് സ്കൂൾ ഓഫ് തിയോളജി പ്രസിഡന്റ് പാസ്റ്റർ ജോസഫ് ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ രജിസ്ട്രാർ പാസ്റ്റർ കെ. കെ. മാത്യു സങ്കീർത്തനപാരായണവും, ബ്രദർ ജോർജ്ജ് ടി. മാത്യു, ബ്രദർ ഫ്രഡി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും നടന്നു.  പുതിയ അദ്ധ്യയന വർഷത്തെ ക്ലാസുകൾ ആഗസ്റ്റ് 14 നു ആരംഭിക്കും.  വിദ്യാർത്ഥികളുടെ പൊതു താല്പര്യപ്രകാരം ഈ വർഷം മുതൽ രണ്ടു ക്യാമ്പസുകളിലായിട്ടായിരിക്കും ക്ലാസുകൾ നടക്കുന്നത്. 
കൂടുതൽ വിവരങ്ങൾക്ക് : 469-682-5031
 
 

LEAVE A REPLY

Please enter your comment!
Please enter your name here