തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അഴിമതി ആരോപണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ട ബി.ജെ.പി മാധ്യമ മുഖമായ വി.വി രാജേഷിനെതിരെ നടപടി.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് നടപടി സ്വീകരിച്ചത്.

വി.വി രാജേഷ്, പ്രഫുല്‍ കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇരുവരെയും എല്ലാ സംഘടനാ ചുമതലകളില്‍ നിന്നും പുറത്താക്കി.

വ്യാജ രസീത് വാര്‍ത്ത ചോര്‍ത്തിയ സംഭവത്തിലാണ് പ്രഫുല്‍ കൃഷ്ണയ്‌ക്കെതിരെയുള്ള അച്ചടക്കനടപടി. സംസ്ഥാന കോര്‍കമ്മിറ്റിയിലും അച്ചടക്ക സമിതികളിലും ചര്‍ച്ച ചെയ്യാതെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇത് അടുത്ത വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്.

വർക്കലയിലെ സ്വകാര്യ മെഡിക്കൽ കോളേജിന് അനുമതി കിട്ടാൻ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണം പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ ശരിയാണെന്ന് കണ്ടെത്തിയിരുന്നു.

കോളേജിന് അംഗീകാരം കിട്ടാൻ 17 കോടി രൂപയാണ് കോഴയായി ചോദിച്ചത്. ഇതിൽ 5.60 കോടി രൂപ ഉടമസ്ഥൻ ഷാജി നൽകിയിരുന്നു. ബാക്കി തുകയ്‌ക്ക് കോളേജിൽ എൻ.ആർ.ഐ സീറ്റാണ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഡൽഹിയിലെ പി.ആർ.ഒ സതീഷ് നായർ ചോദിച്ചത്.

മെഡിക്കൽ കോളേജ് കോഴത്തുകയായ 5.6 കോടി രൂപയിൽ ഹവാല കമ്മിഷൻ കഴിച്ചുള്ള അഞ്ചു കോടി രൂപ സതീഷ് നായർ ഡൽഹിയിൽ കൈപ്പറ്റിയതായി ഐ.ബി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കോഴ വിവാദത്തെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട പാർട്ടി സഹകരണ സെൽ മുൻ കൺവീനർ ആർ.എസ്. വിനോദ് പെരുമ്പാവൂരിൽ നിന്ന് ഹവാല ചാനൽ വഴിയാണ് തുക ഡൽഹിയിലേക്ക് അയച്ചത്. സതീഷ് നായർ ഈ തുക മെഡിക്കൽ കൗൺസിലുമായി ബന്ധപ്പെട്ടവർക്കു കൈമാറിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here