ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.ദോക് ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ദശാബ്ദങ്ങളായി നിരവധി വെല്ലുവിളികളെ രാജ്യത്തിന് നേരിടേണ്ടി വന്നുവെങ്കിലും ഓരോതവണയും രാജ്യം കരുത്താര്‍ജിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ചില വെല്ലുവിളികള്‍ ഇന്നും രാജ്യം നേരിടുന്നുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തിന് കഴിയും.

അയല്‍ രാജ്യങ്ങളില്‍നിന്ന് നിരവധി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ സൈന്യത്തെ ശക്തമാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. 1962 ല്‍ ചൈന അടിച്ചേല്‍പ്പിച്ച യുദ്ധത്തില്‍ രാജ്യത്തിന് തിരിച്ചടി നേരിടേണ്ടിവന്നു. എന്നാല്‍ പാകിസ്താനുമായി 1965 ലും 71 ലും ഉണ്ടായ യുദ്ധങ്ങളില്‍ ഇന്ത്യ വിജയം വരിച്ചു. 1962 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സൈന്യം 65 ലും 71 ലും കരുത്താര്‍ജിക്കുകയാണ് ഉണ്ടായതെന്നും ജെയ്റ്റ്‌ലി വിവരിച്ചു.

കശ്മീരിനുമേല്‍ പാകിസ്താന്‍ കണ്ണുവച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഒരുഭാഗം വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. പാക് അധീന കശ്മീര്‍ വീണ്ടെടുക്കണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

ഭീകരവാദത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിലുള്ള എല്ലാതരം അക്രമങ്ങളില്‍നിന്നും രാജ്യം മുക്തമാകണമെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ഭീകരവാദവും ഇടത് തീവ്രവാദവും രാജ്യത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിക്കും രാജീവ്ഗാന്ധിക്കും ഭീകരവാദത്തിന് ഇരയായാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. അതിര്‍ത്തിക്ക് പുറത്തുനിന്ന് എത്തുന്ന ചിലരും രാജ്യത്ത് തന്നെയുള്ള ചിലരും തോക്കെടുക്കുകയും ഭീകരവാദം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയുമാണ്.

കരസേനയും സി.ആര്‍.പി.എഫും പോലീസും ഭീകരവാദികളെ അടിച്ചമര്‍ത്താന്‍ കഠിന പ്രയത്‌നം നടത്തുന്നുണ്ട്. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രാജ്യത്തെ കരുത്തുറ്റതാക്കാനും സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷിക വേളയില്‍ നാം പ്രതിജ്ഞയെടുക്കണമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here