ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിക മീഡിയ മലങ്കര ടി.വി.യുടെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെയും ക്യാനഡയിലെയും സണ്‍ഡേ സ്കൂല്‍ കുട്ടികള്‍ക്കിടയില്‍ നടത്തപ്പെട്ട ആരാധന (വീഡിയോ) ഗാന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികളെ 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന് ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ഹോണേഴ്സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച് അഭിവന്ദ്യ മെത്രാപോലീത്താമാരുടേയും, വന്ദ്യ വൈദീകരുടേയും നൂറുകണക്കിന് വിശ്വാസികളുടേയും സാന്നിദ്ധ്യത്തില്‍ ഭദ്രാസന മെത്രാപോലീത്തായും, മലങ്കര ടി.വി. ചെയര്‍മാനുമായ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് തിരുമേനി ക്യാഷ് പ്രൈസും പ്രശംസാ ഫലകവും നല്‍കി ആദരിച്ചു.

മലങ്കര ടിവിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ന്യൂജേഴ്‌സിയിലെ അതിഭദ്രാസന ആസ്ഥാനത്ത് വച്ച് നടത്തപ്പെട്ട ഫൈനല്‍ മത്സരത്തില്‍ ഭദ്രാസനത്തിനു പുറത്തുനിന്നുമുള്ള പ്രഗത്ഭരായ വിധികര്‍ത്താക്കളാണ് ഏറ്റവും മികച്ച ആദ്യ മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുത്തത് .

ഒന്നാം സ്ഥാനം അരിസോണ ഫീനിക്സ് സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ സെറ മേരി ചെറിയാനും, രണ്ടാം സ്ഥാനം ന്യൂയോര്‍ക്ക് ലിന്‍ബ്രൂക്ക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ജൂലിയ ഫിലിപ്പിനും, മൂന്നാം സ്ഥാനം ന്യൂയോര്‍ക്ക് വൈറ്റ്‌പ്ലെയ്‌ന്‍സ് സെന്റ് മേരീസ് ജെ‌എസ്‌ഒ ചര്‍ച്ചിലെ ഹന്നാ ജേക്കബ്ബിനും ലഭിച്ചു.

കുട്ടികളുടെ സംഗീതവാസനയെ പ്രോത്സാഹിപ്പിക്കാനുതകുന്ന ഇതുപോലുള്ള മത്സരങ്ങള്‍ തുടര്‍വര്‍ഷങ്ങളിലും മലങ്കര ടിവിയുടെ ആഭിമുഖ്യത്തില്‍ നടത്തുമെന്ന് അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് തിരുമേനി തന്റെ ആശംസാ പ്രസംഗത്തില്‍ അറിയിച്ചു.

മാതാപിതാക്കളില്‍നിന്നും മികച്ച സഹകരണമാണ് കിട്ടിയത്. വളരെ ചിട്ടയോടും കൃത്യതയോടും കൂടി ഈ മത്സരം നടത്തിയതിന് മലങ്കര ടിവി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അഭിവന്ദ്യ തിരുമേനി പ്രത്യേകം അഭിനന്ദിച്ചു. ഒന്നാം സ്ഥാനത്തിനുള്ള ക്യാഷ് പ്രൈസ് സ്പോണ്‍സര്‍ ചെയ്‍തത് പെന്‍സില്‍വാനിയ ബ്രൂമാള്‍ സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ തങ്കമണി ചാക്കോയും, രണ്ടാം സ്ഥാനം സ്പോണ്‍സര്‍ ചെയ്തത് ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റും മലങ്കര അതിഭദ്രാസന കൗണ്‍സില്‍ മെമ്പറുമായ ജോയ് ഇട്ടനും, മൂന്നാം സ്ഥാനം സ്പോണ്‍സര്‍ ചെയ്തത് സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകാംഗവും മലങ്കര ടിവി ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ബാബു തുമ്പയിലുമാണ്.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഒന്നാം സ്ഥാനത്തിനുള്ള ക്യാഷ് പ്രൈസ് തങ്കമണി ചാക്കോ സ്പോണ്‍സര്‍ ചെയ്യാമെന്ന് അറിയിച്ചു.

പ്രധാന സമ്മേളനത്തിന്റെ വേദിയില്‍ സമ്മാനാര്‍ഹമായ ഗാനം അവതരിപ്പിക്കുവാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിയത് വഴി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായ മത്സരം പ്രതീക്ഷിക്കുന്നതായി മലങ്കര ടിവി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here