ന്യൂയോര്‍ക്ക് : ഇന്‍ഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയും, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബ് തുടങ്ങി അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി രൂപീകൃതമായിട്ടുള്ള മറ്റു ക്ലബ്ബുകളും മത്സരിച്ച് ദേശീയ സമ്മേളനങ്ങളും, ഇന്‍റര്‍നാഷണല്‍ സെമിനാറുകളും നടത്താന്‍ വെമ്പല്‍കൊള്ളുന്നതായി പത്രമാധ്യമങ്ങളില്‍ എവിടെ നോക്കിയാലും ഇന്നു കാണാന്‍ കഴിയും. പ്രസ് ക്ലബ്ബുകളെപ്പോലെ തന്നെ വമ്പന്‍ സംഘടനകളായ ഫോമായും, ഫൊക്കാനയും ഇക്കാര്യത്തില്‍ ഒരുപടികൂടി മുമ്പോട്ടാണ് എന്നു പറയേണ്ടതില്ലല്ലോ.

ലക്ഷക്കണക്കിന് ഡോളര്‍ പണം മുടക്കി കേരളത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെയും, മന്ത്രിമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന വിവാദ നടീ നടന്മാരെപ്പോലും കൊണ്ടുവന്ന് സല്‍ക്കരിക്കാന്‍ ചിലരെങ്കിലും ഔത്സുക്യം കാണിക്കുന്നതായി കാണാന്‍ കഴിയും. ഇത്തരക്കാരെ കൊണ്ടുവന്ന് പൊന്നാട അണിയിക്കുകയും, പൂച്ചെണ്ടു നല്‍കി സ്വീകരിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ വാസ്തവത്തില്‍ സാമാന്യ ജനങ്ങള്‍ക്ക് ലജ്ജ തോന്നിപ്പോകും.

ഈയിടെ അമേരിക്കന്‍ സാഹിത്യസല്ലാപം എന്നറിയപ്പെടുന്ന സംഘടനക്കാരുടെ സല്ലാപത്തില്‍ പങ്കെടുക്കുന്നതിന് ഈ ലേഖകനു കഴിഞ്ഞു. അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന സി. ജോണ്‍ ഇളമത എന്ന സാഹിത്യക്കാരനെപ്പറ്റിയുള്ള സംവാദമായിരുന്നു അത്. നോര്‍ത്ത് അമേരിക്കയിലുള്ള നിരവധി എഴുത്തുകാര്‍ പാങ്കെടുത്ത പ്രസ്തുത പരിപാടി നടക്കുന്നു എന്ന് പല മലയാള മാധ്യമങ്ങളിലും കാണാന്‍ കഴിഞ്ഞു. പക്ഷേ സല്ലാപം കഴിഞ്ഞശേഷം എന്തുണ്ടായി, അതുകൊണ്ട് എന്തുനേട്ടമുണ്ടായി എന്ന് ഒരു എഴുത്തുകാരും എഴുതിയതായി കാണാന്‍ കഴിഞ്ഞില്ല. അക്കാരണത്താലാണ് ഏതായാലും ഈ വിഷയത്തെപ്പറ്റി രണ്ടുവാക്ക് എഴുതാനുള്ള പ്രചോദനം എനിക്കുണ്ടായത്.

ആനുകാലിക മലയാള സാഹിത്യകാരന്മാരില്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ് സി.ജോണ്‍ ഇളമത എന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കന്‍ മലയാളികളുടെ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്‍റെ വിവിധ തരത്തിലുള്ള ഹാസ്യകഥകളും, ഓട്ടംതുള്ളല്‍ പോലുള്ള കവിതകളും യാത്രാവിവരണങ്ങളും, ചെറുകഥകളും എന്തിനേറെ, സോക്രട്ടീസ്, മൈക്കലാഞ്ചലോ തുടങ്ങിയ നോവലുകളും കാണാന്‍ കഴിയും. അദ്ദേഹത്തെപ്പോലുള്ള എഴുത്തുകാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയ രംഗത്തും, സാമൂഹ്യരംഗത്തും പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങളെ മാനിച്ച് കാഷ് അവാര്‍ഡുകള്‍ കൊടുത്തിരുന്നുവെങ്കില്‍ അവരുടെ കഴിവുകളെ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുകഴിയുമായിരുന്നില്ലേ. ലക്ഷക്കണക്കിന് പണം സമാഹരിച്ച് പരിപാടികള്‍ നടത്താന്‍ കഴിയുന്ന അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കള്‍ക്ക് അതിനു ചിലവാകുന്നതിന്‍റെ 5% ഇവിടെയുള്ള സാഹിത്യകാരന്മാരെയും, മാധ്യമപ്രവര്‍ത്തകരെയും, സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരെയും പ്രോത്സാഹിപ്പിക്കാന്‍ മാറ്റിവച്ചുകൂടെ. അതുവഴി നമ്മുടെ സമൂഹത്തിന് കാതലായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരു നല്ല എഴുത്തുകാരന്‍ എത്രമാത്രം സമയം ചിലവഴിച്ചാണ് തങ്ങളുടെ കൃതികള്‍ രചിക്കുന്നത് എന്ന് എത്രപേര്‍ ചിന്തിച്ചിട്ടുണ്ടാവും.

യഥാര്‍ത്ഥത്തില്‍ നമ്മുടെ ഇടയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന എത്ര മാധ്യമ പ്രവര്‍ത്തകരുണ്ട്? ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണ്ണലിസം നമ്മുടെ ഇടയില്‍ വളര്‍ത്തിയെടുക്കേണ്ട ഒന്നാണ്. അത്തരക്കാരെ കണ്ടുപിടിച്ച് അവരെ വളര്‍ത്തിയെടുക്കാന്‍, അവര്‍ക്കുവേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ പ്രസ്ക്ലബുകള്‍ക്കു കഴിയും. അതിനായി ഇനിയെങ്കിലും പരിശ്രമിച്ചു കൂടേ? നമ്മുടെ ഇടയില്‍ അറിയപ്പെടുന്ന ജേര്‍ണ്ണലിസ്റ്റുകളായ ഈ മലയാളിയുടെ ജോര്‍ജ് ജോസഫ്, പി.പി. ചെറിയാന്‍, മൊയ്തീന്‍ പുത്തന്‍ചിറ തുടങ്ങിയവരെപ്പോലുള്ളവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. ഇവരില്‍ പലരും തങ്ങളുടെ മുഴുവന്‍ സമയവും സമൂഹത്തിനുവേണ്ടി വിനിയോഗിക്കുന്നവരാണ്. അവര്‍ക്കൊക്കെ നല്ലൊരു കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നുവെങ്കില്‍.

പ്രസ് ക്ലബ്ബുകളും, അമേരിക്കന്‍ മലയാളി സംഘടനകളും ഇനിയെങ്കിലും നമ്മുടെ ഇടയിലുള്ള നല്ല എഴുത്തുകാരെയും, സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവരെയും, മാധ്യമ പ്രവര്‍ത്തകരെയും, രാഷ്ട്രീയ-സാമൂഹ്യരംഗത്തു പ്രവര്‍ത്തിക്കുന്നവരെയും കാഷ് അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുക. കുറഞ്ഞത് ഇക്കാര്യത്തെപ്പറ്റി പുനര്‍വിചിന്തനമെങ്കിലും നടത്തുക.

വാര്‍ത്ത അയയ്ക്കുന്നത്. തോമസ് കൂവള്ളൂര്‍

Email- tjkoovalloor@live.com
Phone : 914-409-5772

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here