മുരുകൻ നൽകുന്ന തിരിച്ചറിവുകൾ മലയാളികൾക്ക് എന്നും ഒരു ഓർമപ്പെടുത്തലും, പാഠവും  കൂടി ആയിരിയ്ക്കണം. ചാനൽ ചർച്ചകൾ പെരുകുമ്പോൾ ദാരുണ സംഭവങ്ങൾക്കോ, സ്ഥാപനങ്ങളുടെ രോഗികൾക്ക് നേരെയുള്ള പ്രവർത്തിയിലോ,പ്രവണതയിലോ മാട്ടവരുന്നുണ്ടോ? ഇല്ല എന്ന് തന്നെ ആണ് കേരളത്തിലെ മുരുകന് ശേഷം ഉള്ള സംഭവങ്ങളും സൂചിപ്പിക്കുന്നത്.കേരളത്തിലെ റോഡപകടങ്ങൾ മൂലം ഉണ്ടാകുന്ന അത്യാഹിതങ്ങൾ ,മറ്റു അതീവ പരിചരണങ്ങൾ ആവശ്യമുള്ള സംഭവങ്ങൾ,ആശുപത്രിയ്ക്കകത്തു തീവ്ര പരിചരണം കിട്ടാതെ മരണപ്പെടുന്നവരുടെ ഒക്കെ അവസ്ഥയിൽ എന്തെങ്കിലും ഒരളവിൽ മാറ്റം വന്നതായി കാണുന്നില്ല.

കാരണങ്ങൾ പലതാണ്.മുരുകന്റെ മരണത്തിനുള്ള ഉത്തരവാദിത്വം ആശുപത്രികളുടെ മേൽ കെട്ടിവച്ചു നാം ചർച്ച ചെയ്തു റേറ്റിങ് നേടുമ്പോൾ എന്ത് കൊണ്ടാണ് ഇത് പോലുള്ള കാര്യങ്ങൾ സംഭവിക്കുന്നത്,എവിടെ നിന്നാണ് ഇത് ആരംഭിക്കുന്നത് എന്ന് കൂടി ചർച്ച ചെയ്തു സർക്കാർ തലത്തിൽ ഉടൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.സ്വകാര്യ മേഖലയിലെ ആതുരാലയങ്ങൾ അതി തീവ്ര പരിചരണ വിഭാഗങ്ങൾ പഴയ ബ്ലേഡ് ബാങ്ക് പരുവത്തിൽ തുറന്നു വച്ചിരിയ്ക്കുന്നതിനു യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ല.
റോഡപകടങ്ങൾ ഉണ്ടാകുന്നതിൽ പൊതു ജനം അപകടത്തിൽ പെടുന്നതിൽ പൂർണ്ണമായ ഉത്തരവാദിത്വം സർക്കാരിന് തന്നെ ആണ്.അത് ഇടതു വലതു സർക്കാരുകളുടെ മേൽ കെട്ടി വയ്ക്കുകയല്ല.കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോഗ്യമായ രീതിയിൽ മെച്ചപ്പെട്ട റോഡുകൾ,സിഗ്നൽ ടെക്നൊളജികൾ,മഴ കൂടുതലായി ഉള്ള സംസ്ഥാനത്തു ഓടയുടെ നിർമ്മാണം,അനുദിനമായി വർധിച്ചു വരുന്ന മാലിന്യം നിർമാർജ്ജനം ചെയ്യാനുള്ള പദ്ധതികൾ ദീർഘകാല അടിസ്ഥാനത്തിൽ നിലനിൽക്കുന്ന രീതിയിൽ ഏതെങ്കിലും ഭരണകൂടം ഇതുവരെ ചെയ്തിട്ടുണ്ടോ?
റോഡുകളും,പാലങ്ങളും,ഓടകളും,മാലിന്യ നിർമാർജ്ജന പദ്ധതികളും സർക്കാരുകൾ നടപ്പിലാക്കുന്നുണ്ട്.പക്ഷെ ഗുണനിലവാരം ഉള്ള രീതിയിൽ,ദീർഘകാലത്തേയ്ക് എന്നുള്ള എത്ര പദ്ധതികൾ കേരളത്തിൽ വരുന്നുണ്ട്?ഒരു നഴക്കാലം പോലും ആയുസ്സു എത്താത്ത റോഡുകൾ ആണ് കേരളത്തിൽ,പാലിക്കപ്പെടാത്ത റോഡ് നിയമങ്ങൾ, ആർ സി ബുക്കിൽ ഒളിപ്പിച്ച ഗാന്ധിയിൽ തീരുന്ന ആർ ടി ഓ ടെസ്റ്റുകളും,ഡ്രൈവിംഗ് സുരക്ഷാ നിയമലംഘനങ്ങളും ആണ് കേരളത്തിൽ ഉള്ളത്.
മുറുക്കന്മാർ ജനിയ്ക്കുന്നതു റോഡ് നിയമങ്ങൾ പാലിയ്ക്കാത്ത സാധാരണക്കാരിൽ നിന്നാണ്.അത് കൈക്കൂലിയിൽ പണിതീർത്ത റോഡുകളിൽ വളരുകയും,പണത്തിനു മേൽ കണ്ണുള്ള ആതുരാലയങ്ങളിൽ കാലനും,ബ്രഹ്‌മാവിനും ആയി വീതം വയ്ക്കപ്പെടുകയും  ചെയ്യുന്നു.
ഇവിടെ സർക്കാർ ആണോ, പ്രതിഭാഗത്ത്?അതോ വ്യക്തമായ നിയമങ്ങൾ പാലിയ്ക്കാത്ത സാധാരണ ജനങ്ങൾ ഉൾപ്പെടുന്ന സർക്കാർ നിയമങ്ങൾ പാലിയ്ക്കാത്ത,കൈക്കൂലിയിൽ മുങ്ങിയ ജീവനക്കാരും,കരാറുകാരും ആണോ? മാറി വരുന്ന സർക്കാരുകൾ നിയമ നിർമ്മാണവും,പദ്ധതികളും നടപ്പിൽ വരുത്തി ജനങ്ങൾക്ക് വിഭാവനം ചെയ്യുമ്പോൾ അത് കാര്യക്ഷമമായി വിനിയോഗിക്കാനും,കാത്തു സൂക്ഷിക്കുവാനും ആരാണ് ബാധ്യസ്തർ,കഴിഞ്ഞ ഭരണകാലത്തെ ഉമ്മൻ ചാണ്ടി  സർക്കാരോ,പിണറായി സർക്കാരോ അല്ല.നാം പൊതുജനം തന്നെ ആണ് തെറ്റ് തിരുത്തി മുന്നോട്ടു നീങ്ങേണ്ടത്.
“ആങ്ങള ചത്താലും നാത്തൂന്റെ കരച്ചിൽ കാണണം” ഈ മാനസ്സീക സ്ഥിതിയോടെ ആണ് നമ്മുടെ കേരളത്തിലെ ജനങ്ങളുടെ നിയമപരിപാലനവും,മാലിന്യ നിർമ്മാർജ്ജനവും,വിദ്യാഭ്യാസ ആരോഗ്യ പ്രശ്നങ്ങളോടുള്ള സമീപനവും.
മുരുകൻ മാർ വീണ്ടും വീണ്ടും ജന്മമെടുക്കുമ്പോൾ സ്വയം തിരിച്ചറിവും,മുൻകരുതലുകളും വേണ്ടത് നാം പൊതു ജനത്തിന് മാത്രമാണ്.
പല ചാനൽ ചർച്ചകളിലും,വിദേശ സന്ദർശനം നടത്തിയ ആരോഗ്യ വിദക്തർ അവിടെ ഉള്ള സംവിധാനങ്ങളെ പുകഴ്ത്തിയും,അതെ ഉപകരണങ്ങൾ സ്ഥാപിയ്ക്കപ്പെട്ട ആധുനിക സൗകര്യങ്ങൾ ഉള്ള ആതുരാലയങ്ങൾ ഇന്ന് കേരളത്തിന് സ്വന്തമായി ഉണ്ടെന്നും വാദിക്കുന്നത് കാണുകയുണ്ടായി .ശരിയായ വസ്തുതത തന്നെ.ചുരുങ്ങിയ ദിവസത്തേയ്ക്ക് അമേരിയ്ക്കയിലും,യൂറോപ്പിലും,സിംഗപ്പൂരും,ഗൾഫിലും ഒക്കെ ആശുപത്രികളിൽ പഠനം നടത്തിയ ഇവർ പഠിക്കാത്തതോ,പഠിച്ചിട്ടു പുറത്തു പറയാത്തതോ ആയ ഒന്ന് കൂടി ഉണ്ട്. രോഗികളും ഡോക്റ്ററും,നേഴ്സും,മറ്റു അനുബന്ധ ജീവനക്കാരും തമ്മിൽ ഉള്ള ആനുപാതം.അവർക്കു ലഭിക്കുന്ന സേവന വേതന വ്യവസ്ഥകൾ,ഇന്ന് ഓരോ പ്രമുഖ ചാനലിൽ,പ്രധാന ഡോക്റ്റർ പറഞ്ഞത് അമേരിക്കയിലും, കാനഡയിലും, യു കെ യിലും ഒക്കെ ഡോക്ടരും, നേഴ്സും തീവ്രപരിചരണ വിഭാഗത്തിൽ രോഗികളെ സ്വാഗതം ചെയ്യാൻ തയ്യാർ ആയി 24 മണിക്കൂറും നില്കുന്നു എന്നാണു.ശരിയാണ്. അവർ അവിടെ സുസജ്ജമായി തയ്യാർ ആണ്.കേരളത്തിൽ ഇതേ വിഭാഗത്തിലെ ഡോക്ടർമാർ, നേഴ്‌സുമാർ എന്നിവർ ജോലി ചെയ്യുന്നത് ഓ പി വിഭാഗത്തിലും, അത്യാഹിത വിഭാഗത്തിലെ രോഗികൾ വരുമ്പോൾ അത്യാവശ്യമായി ഓടി വരുകയും ആണ് പതിവ് എന്ന് കൂടി പറയേണ്ടിയിരിയ്ക്കുന്നു  . കേരളത്തിലെ നേഴ്‌സുമാരുടെ വേതനത്തിന് വേണ്ടിയുള്ള സമരം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം ആണ് ആയിട്ടുള്ളത് എന്നും നാം മറക്കരുത്.ഇങ്ങനെ ഉള്ള സാഹചര്യത്തിൽ ആർക്കു ആരോടാണ് ആത്മാര്ഥതയുണ്ട് എങ്കിൽ പോലും അത് പാലിയ്ക്കപ്പെടുവാൻ കഴിയുന്നത്.

മാറിവരുന്ന ഭരണ കർത്താക്കളെ പഴിചാരി,താത്കാലിക മുട്ട് നിവർത്തികൾ നടത്തി കേരളം ചർച്ചകൾ പൊടി പൊടിയ്ക്കുമ്പോൾ,പൊതുജനം സ്വയം തയ്യാറാവണം,സർക്കാർ നടപ്പിലാക്കിയ സംവിധാനങ്ങളെ യഥാർത്ഥമായ രീതിയിൽ അനുഭവിയ്ക്കുവാനും,പാലിയ്ക്കുവാനും.നിലനിർത്തുവാനും. ഡെങ്കി പനി യ്ക്കു സൗജന്യ മരുന്ന് നൽകിയപ്പോൾ വരും തലമുറയ്ക്ക് കൂടി ഉള്ളത് പിൻവാതിലിലൂടെ സ്വന്തമാക്കുന്ന മലയാളിയുടെ രീതി മാറ്റി,നേരായ വഴിയിൽ മാത്രം കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്ന് സ്വയം തീരുമാനിച്ചാൽ കൈക്കൂലിയ്ക്കായി കൈനീട്ടുന്നവന് കൈനീട്ടം നൽകില്ല എന്ന് പ്രത്ഗജ്ഞയെടുത്താൽ നമ്മുടെ കേരളം എന്നും സുന്ദരവും,മലയാളി എന്നും സമന്മാരും ആയിരിയ്ക്കും.ഒരു മേഖലയിലും സംരക്ഷണം ലഭിയ്ക്കപ്പെടാതിരിയ്ക്കുന്ന “മുരുകൻമാർ” നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ടാവുകയില്ല എന്ന് നമുക്ക് ഈ സ്വാതന്ത്ര ദിനത്തിൽ സ്വയം പ്രതിജ്ഞ എടുക്കാം.

അരികു ചേർക്കപ്പെടുവാതിരിയ്ക്കുവാൻ നാം സ്വയം മുഖ്യ ധാരയിലേക്ക് ഇറങ്ങുകയാണ് വേണ്ടത് എന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടിയിരിയ്ക്കുന്നു ഈ സുദിനത്തിൽ 

LEAVE A REPLY

Please enter your comment!
Please enter your name here