ഫിലഡല്‍ഫിയ: കേരളീയക്രൈസ്തവപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന വിശാലഫിലാഡല്‍ഫിയ റീജിയണിലെ സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ എന്നീ ഭാരതീയകത്തോലിക്കര്‍ ഒന്നു ചേര്‍ന്ന് ആഗസ്റ്റ് 12 ശനിയാഴ്ച്ച നടത്തിയ ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങള്‍ വര്‍ണശബളമായിരുന്നു. ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്നതായിരുന്നു ആഘോഷങ്ങളുടെ കാതല്‍.

ശനിയാഴ്ച്ച വൈകുന്നേരം സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച ആഘോഷപരിപാടികളില്‍ ഫിലാഡല്‍ഫിയ അതിരൂപതാ ആക്സിലിയറി ബിഷപ് അഭിവന്ദ്യ എഡ്വേര്‍ഡ് ഡിലിമന്‍ മുഖ്യകാര്‍മ്മികനും, മുഖ്യാതിഥിയുമായി പങ്കെടുത്തു. ബിഷപ്പിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ലത്തീന്‍ ആരാധനാക്രമത്തിലുള്ള ദിവ്യബലിയില്‍ കാത്തലിക് അസോസിയേഷന്‍റെ ആത്മീയാചാര്യന്മാരായ റവ. ഡോ. സജി മുക്കൂട്ട് (സീറോമലങ്കര), റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ (സീറോമലബാര്‍), റവ. ഫാ. റെന്നി കട്ടേല്‍ (ക്നാനായ), റവ. ഫാ. ഷാജി സില്‍വ (ലത്തീന്‍) എന്നിവര്‍ സഹകാര്‍മ്മികരായി. ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തില്‍ ആഗസ്റ്റ് 15 ന്‍റെ സവിശേഷതകളായ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനവും, മാതാവിന്‍റെ സ്വര്‍ഗാരോപണതിരുനാളും ബിഷപ് എടുത്തുപറഞ്ഞു.

പൗരോഹിത്യ ശുശ്രൂഷയുടെ 25 സംവല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന അസോസിയേഷന്‍ ചെയര്‍മാന്‍ കൂടിയായ റവ. ഡോ. സജി മുക്കൂട്ടിനെയും, ദാമ്പത്യജീവിതത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട സില്‍വര്‍ ജൂബിലി ദമ്പതിമാരെയും ദിവ്യബലിമധ്യേ അഭിവന്ദ്യ ബിഷപ് ആശീര്‍വദിച്ചനുഗ്രഹിച്ചു.

ട്രൈസ്റ്റേറ്റ് ഏരിയായില്‍നിന്നും ആദ്യമായി കന്യാസ്ത്രിയായി സഭാശുശ്രൂഷക്കായി ജീവിതം മാറ്റിവച്ച മെഡിക്കല്‍ ഡോക്ടര്‍ കൂടിയായ റവ. സി. ജോസ്ലിന്‍ എടത്തിലിനെയും ഈ അവസരത്തില്‍ ആദരിക്കുകയുണ്ടായി.

കാത്തലിക് അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഹെറിറ്റേജ് ഡേ ആഘോഷങ്ങളുടെ ഒരു പ്രധാന ആകര്‍ഷണം സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി നടത്തപ്പെട്ട ബൈബിള്‍ സ്പെല്ലിങ്ങ് ബീ മല്‍സരമായിരുന്നു. നാലുമുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വി. ലൂക്കായുടെ സുവിശേഷത്ത ആസ്പദമാക്കി നടത്തപ്പെട്ട സ്പെല്ലിങ്ങ് ബീ മല്‍സരത്തില്‍ സെ. ജൂഡ് മലങ്കര പള്ളിയില്‍നിന്നുള്ള കൃപാ സൈമണ്‍ ചാമ്പ്യനും, മേരിയേല്‍ സജന്‍ റണ്ണര്‍ അപ്പും ആയി. സ്പെല്ലിങ്ങ് ചാമ്പ്യനു 200 ഡോളര്‍ കാഷ് അവാര്‍ഡും, റണ്ണര്‍ അപ്പിനു 100 ഡോളര്‍ കാഷ് അവാര്‍ഡും ജോസഫ് മെതിക്കളം ദിവംഗതയായ കത്രീനാ മെതിക്കളത്തിന്‍റെ സ്മരണാര്‍ത്ഥം സ്പോണ്‍സര്‍ ചെയ്തു. ജോസ് മാളേയ്ക്കല്‍ ആയിരുന്നു സ്പെല്ലിങ്ങ് ബീ കോര്‍ഡിനേറ്റര്‍.
ദിവ്യബലിയെതുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ് ഡിലിമാന്‍ മുഖ്യാതിഥിയായി. പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന റവ. ഡോ. സജി മുക്കൂട്ടിലിനെ പ്ലാക്ക് നല്‍കി ആദരിച്ചു.
ഫിലാഡല്‍ഫിയായിലെ നാലു കത്തോലിക്കാ പള്ളികള്‍ അവതരിപ്പിച്ച കോമഡി സ്കിറ്റ്, ഡാന്‍സ്, മാര്‍ഗം കളി, പുരാതന പാട്ട് എന്നിവ കാണികളെല്ലാം ആസ്വദിച്ചു. ബേബി തടവനാല്‍, നിമ്മി ദാസ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട അവതരണ നൃത്തങ്ങള്‍ മനോഹരമായിരുന്നു. സജീവ് ശങ്കരത്തില്‍, ഫിലിപ് എടത്തില്‍ മെര്‍ലി പാലത്തിങ്കല്‍, മെര്‍ലിന്‍ അഗസ്റ്റിന്‍ എന്നിവര്‍ പബ്ലിക്ക് മീറ്റിങ്ങിന്‍റെ എം സി മാരായി. ഫിലിപ് ജോണ്‍ ആയിരുന്നു കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റു ചെയ്തത്.

ഫോട്ടോ: അമയ ജോര്‍ജ് / ജോസ് ജോസഫ്

 

LEAVE A REPLY

Please enter your comment!
Please enter your name here