ബംഗളൂരു: ചെങ്കോടിക്ക് കീഴില്‍ അണിനിരന്ന് ബംഗളൂരിലെ ഐടി മേഖല. രാജ്യത്തെ ഐടി മേഖലയിലെ ആദ്യ തൊഴിലാളി യൂണിയന്‍ ബംഗളൂരുവില്‍ പിറവിയെടുത്തു.കോറമംഗലയില്‍ നടന്ന ട്രേഡ് യൂണിയന്‍ രൂപീകരണ യോഗത്തില്‍ നിരവധി ടെക്കികളാണ് പങ്കെടുത്തത്. ഇന്‍ഫോസിസ്, വിപ്രോ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ യോഗത്തിന്റെ ഭാഗമായി.ഐടി മേഖലയില്‍ വര്‍ധിച്ചുവരുന്ന തൊഴില്‍ ചുഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രേഡ് യൂണിയന്‍ രൂപീകരണത്തിലേക്ക് ടെക്കികളെ നയിച്ചത്. കൂട്ടപ്പിരിച്ചുവിടല്‍ അടക്കമുളള തൊഴില്‍ പ്രതിസന്ധികള്‍ക്കിടെ ബെംഗളൂരുവില്‍ നടന്ന യൂണിയന്‍ രൂപീകരണയോഗത്തിന് നൂറുകണക്കിന് ജീവനക്കാരെത്തി. ചെന്നൈക്ക് പുറമെ ബെംഗളൂരുവിലും തുടങ്ങിയ യൂണിയന്‍ പ്രവര്‍ത്തനം രാജ്യത്താകെ വ്യാപകമാക്കാനാണ് ടെക്കികളുടെ പദ്ധതി.
തൊഴിലാളി യൂണിയനുകളെ പടിക്കുപുറത്തുനിര്‍ത്തിയിരുന്ന ഐടി മേഖലയില്‍ അതിരുകടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ ജീവനക്കാര്‍ സംഘടിക്കുകയാണ്. കൂട്ടപ്പിരിച്ചുവിടലിനെത്തുടര്‍ന്ന് ഉടലെടുത്ത തൊഴില്‍ അരക്ഷിതാവസ്ഥയില്‍, സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ മുന്‍പ് മടിച്ച തൊഴിലാളികള്‍ നിലപാട് മാറ്റുന്ന കാഴ്ച. രാജ്യത്തെ ഐ ടി ഹബായ ബെംഗളൂരുവില്‍ ആദ്യത്തെ തൊഴിലാളി യൂണിയന്‍ യോഗത്തിന് നാനൂറോളം ടെക്കികളെത്തി. ഐടി മേഖലയില്‍ നിരവധി സംഘടനകളുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്ത തൊഴിലാളി യൂണിയനുകളില്ല. ഇത് തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും തടസ്സമുണ്ടാക്കി. ആവശ്യം തിരിച്ചറിഞ്ഞ് സ്ഥാപനങ്ങളുടെ എതിര്‍പ്പ് വകവെക്കാതെ കോറമംഗലയില്‍ ജീവനക്കാര്‍ സംഘടിച്ചു. കര്‍ണാടക ഐടി എംപ്ലോയീസ് യൂണിയന്‍ എന്ന് പേര്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയുളള ശമ്പളം, അശാസ്ത്രീയ തൊഴില്‍ സമയങ്ങള്‍ എന്നിവയൊക്കെ മുന്നറിയിപ്പ് പോലുമില്ലാത്ത പിരിച്ചുവിടലിന് പുറമെയുളള പ്രശ്‌നങ്ങളാണ്.ഇതിനെയെല്ലാം സംഘടിത നീക്കത്തിലൂടെ ചെറുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യൂണിയന്‍. നിക്ഷേപകരെ പിന്തിരിപ്പിക്കുമെന്ന് കണ്ട് സര്‍ക്കാരും തൊഴിലാളി യൂണിയനുകളെ ഐടി മേഖലയില്‍ പ്രോത്സാഹിപ്പിക്കാറില്ല. മാറിയ സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ് യൂണിയന് രജിസ്‌ട്രേഷന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷ. കര്‍ണാടകത്തിലെ ഐടി കമ്പനികളില്‍ നേരിട്ട് മൂന്ന് ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here