ന്യൂഡല്‍ഹി: കേരളത്തിലെ രണ്ടു പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിച്ച് ബിജെപി പാളയത്തിലെത്തിക്കാന്‍ അമിത് ഷാ രംഗത്ത്. ദക്ഷിണേന്ത്യ പിടിക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനെയും തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)യെയും പിളര്‍ക്കാനാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മാസ്റ്റര്‍ പ്ലാന്‍. കേരളത്തില്‍ രണ്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഇരു നേതാക്കളെയും ബിജെപി പാളയത്തിലെത്തിച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് അമിത് ഷാ നടത്തിയ രഹസ്യ സര്‍വേയിലെ റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം അറിയിക്കാന്‍ അടുപ്പമുള്ള ബിജെപി രാജ്യസഭാംഗത്തോട് അമിത് ഷാ നിര്‍ദേശിച്ചിട്ടുമുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നയാളാണ് ഇതില്‍ ഒരു നേതാവെന്നാണ് സൂചന.
തമിഴ്‌നാട്ടില്‍ എഐഡിഎംകെ വിഭാഗങ്ങളെ ലയിപ്പിക്കുകയെന്ന ബിജെപി പദ്ധതിയുടെ വിജയത്തോടെ കേരളത്തിലേക്കും തെലങ്കാനയിലേക്കും പാര്‍ട്ടി ശ്രദ്ധ തിരിക്കും. കേരളത്തിലെ പദ്ധതി നടപ്പാക്കല്‍ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുമ്പോള്‍ തെലങ്കാനയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവാകും ചുക്കാന്‍ പിടിക്കുക. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിന്റെ പ്രവര്‍ത്തനകേന്ദ്രം ബെംഗളൂരുവിലേക്കു മാറ്റി. കേരളത്തില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും വിപുലീകരണത്തിനു സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റെ സങ്കുചിത നിലപാടുകളാണു തടസ്സമെന്നാണ് അമിത് ഷായുടെ നിഗമനം.

കേന്ദ്ര നേതൃത്വം മുന്‍പു നിയോഗിച്ചിരുന്ന നേതാക്കളുമായി ആര്‍എസ്എസ് സഹകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെടുന്നത്. ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും കേരളത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. തെലങ്കാനയില്‍ ടിആര്‍എസിനെ പിളര്‍ക്കാനായി പാര്‍ട്ടി എംപി ജിതേന്ദര്‍ റെഡ്ഡിയുമായി ബിജെപി നേതൃത്വം കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ എഐഡിഎംകെ വിഭാഗങ്ങളുമായി ലയന ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ച സംഘപരിവാര്‍ നേതാക്കളായ ഗുരുമൂര്‍ത്തി, പ്രദീഷ് വിശ്വനാഥന്‍ എന്നിവരുടെ പ്രവര്‍ത്തനം തെലങ്കാനയിലേക്കു മാറ്റാനും അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here