മായാ മൂവീസിന്റെ ബാനറിൽ അമേരിക്കൻ മലയാളി ഡോ. എ.കെ. പിള്ള നിർമിച്ച ഡോ. ബിജുവിന്റെ ആദ്യ അന്യഭാഷാ ചിത്രം, “സൗണ്ട് ഓഫ് സൈലൻസ് ” ശ്രദ്ധേയമായ അന്തർദേശീയ ചലച്ചിത്രമേളകളിലേക്ക്. കസാഖിസ്ഥാനിലെ യൂറേഷ്യാ ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ ആദ്യപ്രദർശനം (വേൾഡ് പ്രീമിയർ).

‘മോൺട്രീയൽ ഫെസ്റ്റിവൽ’ ഉൾപ്പെടെ ശ്രദ്ധേയമായ പത്തോളം മേളകളുടെ മത്സര വിഭാഗത്തിലേക്ക് ഇതിനകം “സൗണ്ട് ഓഫ് സൈലൻസ്” തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഗോൾഡൻ ഗ്ലോബ് പുരസ്കാര നോമിനേഷനുകൾക്കായുള്ള ചിത്രത്തിന്റെ ഔദ്യോഗിക പ്രദർശനം സെപ്റ്റംബർ  അവസാനം ലോസ് ആഞ്ജലിസിൽ വെച്ച് നടക്കും. ചിത്രത്തിന്റെ ഇന്റർനാഷണൽ റിലീസ് നവംബറിലാണ്. കൊറിയൻ, ചൈനീസ്, ജാപ്പനീസ്, ബർമീസ് , സിംഹള, തായി , വിയറ്റ്നാമീസ് എന്നിങ്ങനെ ഏഴ് ഭാഷകളിലായാണ് ചിത്രത്തിന്റെ അന്തർദേശീയ റിലീസ് ഒരുങ്ങുന്നത്.

ഹിമാചൽ ഗ്രാമമായ  ഷാങ്ഗഡിന്റെ പശ്ചാലത്തിൽ കഥപറയുന്ന ചിത്രം ഹിമാചലിന്റെ പഹാരി, ടിബറ്റൻ, ഹിന്ദി ഭാഷകളിലായാണ് നിർമിക്കപ്പെട്ടത്. അനാഥത്വം കൊണ്ട് ബുദ്ധ ആശ്രമത്തിൽ എത്തിപ്പെടുന്ന ഊമയായ കുട്ടിയുടെ ജീവിത പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബുദ്ധസംസ്കാരവും പശ്ചാത്തലമാകുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ കുട്ടിയെ അവതരിപ്പിക്കുന്നത്
ഡോ. ബിജുവിന്റെ മകൻ മാസ്റ്റർ ഗോവർദ്ധനാണ്. പേരറിയാത്തവർ, വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളിലെ ഗോവർദ്ധന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോളിവുഡ് താരമായ ഉദയ്‌ചന്ദ്രയും ഹിമാചൽ തിയേറ്റർ ആർട്ടിസ്റ്റായ ഗുൽഷനും മറ്റുപ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ ബുദ്ധ സന്യാസികളും  ഹിമാചലിലെ ഗ്രാമീണരും ഒക്കെ അഭിനേതാക്കലാണ് . ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണൻ.

ഡോ. ബിജുവിന്റെ സഹസംവിധായകൻ ഡേവിസ് മാനുവൽ സ്വതന്ത്ര ചിത്രസംയോജകനും സുനിൽ സി. എൻ. ആർട് ഡയറക്ടറുമാകുന്ന ഈ ചിത്രത്തിലൂടെ ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന്റെ മകൻ യദു രാധാകൃഷ്ണൻ ആദ്യമായി അസ്സോസിയേറ്റ് ക്യാമറാമാൻ ആകുന്നു എന്ന പ്രത്യേകതയും “സൗണ്ട് ഓഫ് സൈലൻസി”നുണ്ട്.

ചിത്രത്തിന്റെ തത്സമയ ശബ്ദലേഖനം സ്മിജിത്കുമാർ പി. ബി. യും ശബ്ദസംവിധാനം കഴിഞ്ഞവർഷത്തെ ദേശീയപുരസ്‌കാര ജേതാവായ ജയദേവൻ ചക്കാടത്തും ശബ്ദമിശ്രണം മറ്റൊരു ദേശീയപുരസ്‌കാര ജേതാവായ പ്രമോദ് തോമസുമാണ്. പശ്ചാത്തല സംഗീതം ദേശീയ പുരസ്‌കാര ജേതാവ് ഐസക് തോമസ് കൊട്ടുകാപ്പള്ളി. വസ്ത്രാലങ്കാരം അരവിന്ദും നിശ്ചലഛായാഗ്രാഹണം അരുൺ പുനലൂരും. അനിൽ ആമ്പല്ലൂരാണ് ഫിനാൻസ് കൺട്രോളർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രാജീവ് പിള്ളയും പദ്മാ പിള്ളയും.

ചിത്രത്തിന്റെ ഇന്റർനാഷണൽ ഫെസ്റ്റിവൽ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷൻ മാനേജ്മെന്റും മൂവി നൊമാഡ്സ്. ഓവർസീസ് റിലീസ് മുംബൈ ആസ്ഥാനമായ മധു എന്റെർടൈൻമെന്റ്‌സ്. ഗോൾഡൻ ഗ്ലോബ് പബ്ലിസിറ്റി മാനേജ്‌മന്റ് മറിനാ ബെയ്‌ലി.

LEAVE A REPLY

Please enter your comment!
Please enter your name here