കൊച്ചി:ആഗോളമലയാളിയുടെ ഉത്സവമായ ഓണത്തിന്റ വരവറിയിച്ച് ചരിത്രപരമായ അത്തച്ചമയ ഘോഷയാത്ര ഇന്ന്. പുലര്‍ച്ച അത്തമുണര്‍ത്തല്‍ ചടങ്ങോടുകൂടിയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. രാവിലെ ഒമ്പതിന് ദേവസ്വം ബോര്‍ഡ് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിരവധി കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളുമായി ഘോഷയാത്ര ആരംഭിക്കും. രാജഭരണവ്യവസ്ഥ നിലനിന്ന കാലത്ത് രാജാക്കന്മാര്‍ അത്തം ദിവസം നടന്നിരുന്ന എഴുന്നള്ളത്തായിരുന്നു അത്തച്ചമയം.
പൊന്നോണത്തിന് ഇനി പത്തു നാള്‍ കൂടിമാത്രം. നാടും നഗരവും ആഘോഷത്തിമിര്‍പ്പിലേക്ക്. കച്ചവടം പൊടിപൊടിക്കാന്‍ വിലക്കിഴിവുമായി വിപണിയും സജീവമായി. പണം വാരാനായി അ!ഞ്ചു പുതിയ വന്‍കിട സ്ഥാപനങ്ങളും നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും ആനൂകൂല്യങ്ങളും ലഭിച്ചു തുടങ്ങിയതോടെ വൈകുന്നേരങ്ങളില്‍ നഗരം തിരക്കില്‍ മുങ്ങുന്ന കാഴ്ച. തിരക്കു നിയന്ത്രിക്കാന്‍ പൊലീസും രംഗത്ത്. സര്‍ക്കാര്‍ വക ഓണാഘോഷങ്ങള്‍ക്കും ഉടന്‍ തുടക്കമാകും.
സംസ്ഥാനത്തെ വന്‍കിട തുണിക്കടകളില്‍ മുതല്‍ ചെറിയകടകളില്‍ വരെ വിലക്കിഴിവു വില്‍പന തകര്‍ക്കുകയാണ്. 10 മുതല്‍ 60% വരെ ഡിസ്‌ക്കൗണ്ടിലാണ് ഓണ കച്ചവടം. ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഷോറുമുകളും ഡിസ്‌ക്കൗണ്ട് കച്ചവടം ഒരുക്കിയിട്ടുണ്ട്; എക്‌സ്‌ചേഞ്ച് സൗകര്യം ഉള്‍പ്പെടെ. ഇന്നുമുതല്‍ പൂക്കളം തീര്‍ക്കല്‍ ആരംഭിക്കുന്നതിനാല്‍ പൂക്കടകളും സജീവമായി. തോവാള, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണു ജില്ലയില്‍ പ്രധാനമായും പൂവ് എത്തുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വിതരണം ബുധനാഴ്ച ആരംഭിച്ചു. ക്ഷേമ പെന്‍ഷനുകളുടെ വിതരണവും പൂര്‍ത്തിയാകുന്നു. ശമ്പളം ഇന്നുലഭിക്കും. അതോടെ നഗരം കൂടുതല്‍ തിരക്കിലമരും. വസ്ത്രം വാങ്ങാനും ഓണസദ്യയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാനും ഇപ്പോള്‍ തന്നെ വന്‍കിട സ്ഥാപനങ്ങളില്‍ വൈകുന്നേരങ്ങളില്‍ വലിയ തിരക്കാണെന്നു വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
മലയാളികള്‍ ഓണത്തിനും നോണ്‍വെജ് ഉപയോഗിക്കുന്ന ശീലത്തിലേക്ക് എത്തിയെന്ന പ്രതീക്ഷയില്‍ കോഴിക്കച്ചവടക്കാരും പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കച്ചവടം ഓണക്കാലത്തു മികച്ച രീതിയില്‍ നടന്നിരുന്നു. അതിനാല്‍ ഇത്തവണയും കോഴിക്കും മറ്റു നോണ്‍വെജിനും ആവശ്യക്കാരുണ്ടാകുമെന്നാണ് ഈ രംഗത്ത് ഉള്ളവരുടെ പ്രതീക്ഷ.

 

LEAVE A REPLY

Please enter your comment!
Please enter your name here