ന്യൂഡല്‍ഹി: ദേര സച്ച സൗദ തലവനും ആള്‍ദൈവവുമായി അറിയപ്പെടുന്ന ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കേസില്‍ സിബിഐ കോടതി ഇന്ന് വിധി ഇന്ന് പറയും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പെടുത്തിയിരിക്കുകയാണ്. ഗുര്‍മീതിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നാല്‍ അനുയായികള്‍ കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണിത്. അതിര്‍ത്തിഗ്രാമങ്ങളിലുള്‍പെടെ അര്‍ധസൈനികരെ വിന്യസിച്ചു.
ചണ്ഡിഗഢിലെ ആശ്രമ തലസ്ഥാനത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച് വര്‍ഷം നീണ്ടുനിന്ന നിയമനടപടികള്‍ക്ക് ശേഷം കേസില്‍ ആദ്യമായി കോടതി വിധി പ്രസ്താവിക്കാനിരിക്കെ ‘പ്രേമികള്‍’ എന്നറിയപ്പെടുന്ന ഒരു ലക്ഷത്തോളം അനുയായികള്‍ ആശ്രമത്തിന് ചുറ്റും തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് പിരിഞ്ഞുപോകണമെന്ന പൊലീസിന്റെ അന്ത്യശാസനം അനുയായികള്‍ തള്ളി. വിധി എതിരായാല്‍ അനുയായികള്‍ ആക്രമം അഴിച്ചുവിട്ടേക്കുമെന്ന സൂചനയുള്ളതിനാല്‍ സൈനിക നടപടിക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ആക്രമികളെ തടവിലാക്കാനായി രണ്ട് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. അനുയായികള്‍ സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് ഗുര്‍മീത് റാം റഹീം ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി.
1999ല്‍ ആശ്രമത്തില്‍ വെച്ച് രണ്ട് സന്യാസികളെ ഗുര്‍മീത് സിങ് ബലാത്സംഗം ചെയ്‌തെന്ന കേസ് 2002ലാണ് സിബിഐ ഏറ്റെടുക്കുന്നത്. 2017 ആഗസ്റ്റ് 17ന് ആയിരുന്നു ഈ കേസിലെ അവസാന വാദം. ആര്യോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഗുര്‍മീത് സിങ് അന്ന് ഹാജരായിരുന്നില്ല. മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഇയാള്‍ വിചാരണ നേരിടുന്നുണ്ട്.
ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ മാനഭംഗക്കേസില്‍ ഇന്നു കോടതി വിധിപറയാനിരിക്കെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍. 15,000 അര്‍ധ സൈനികരെയാണ് ഇരു സംസ്ഥാനങ്ങളിലും സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. മൂന്നു ദിവസത്തേക്കു മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള 29 ട്രെയിനുകള്‍ റദ്ദാക്കി.
ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിമിനെതിരെ കോടതി നടപടികള്‍ തുടരുന്നത്. പഞ്ച്കുല പ്രത്യേക സിബിഐ കോടതിയാണ് ഇന്നു വിധി പുറപ്പെടുവിക്കുക. ഒരു ലക്ഷത്തോളം അനുയായികളാണു റാം റഹിം സിങ്ങിനു പിന്തുണ പ്രഖ്യാപിച്ചു ചണ്ഡിഗഡ് സെക്ടര്‍ 23ലെ പ്രാര്‍ഥനാകേന്ദ്രമായ നാം ചര്‍ച്ചാ ഘറില്‍ ഇതിനോടകം എത്തിയിരിക്കുന്നത്. ചണ്ഡിഗഡിനു സമീപത്തുള്ള പഞ്ച്കുല ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെക്ടര്‍ 16ലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറമെ ചണ്ഡിഗഡ് സെക്ടര്‍ മൂന്നിലെ ചൗധരി താവു ദേവിലാല്‍ സ്റ്റേഡിയം കോംപ്ലക്‌സും സിര്‍സയിലെ ദല്‍ബിര്‍ സിങ് ഇന്‍ഡോര്‍ സ്റ്റേഡിയവും താല്‍ക്കാലിക ജയിലുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വിധി ഗുര്‍മീത് റാം റഹിമിന് എതിരായാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വന്‍തോതില്‍ അക്രമം നടത്താനുള്ള സാധ്യതയുണ്ട്. ഇതു പരിഗണിച്ചാണ് അക്രമികളെ ഒരുമിച്ചു തടവിലാക്കാന്‍ താല്‍ക്കാലിക ജയിലുകള്‍ പ്രഖ്യാപിച്ചത്. സിര്‍സ, ഹിര്‍സ, പഞ്ച്കുല പ്രദേശത്തെ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. സെക്ടര്‍ ഒന്‍പതില്‍ ഇരുസംസ്ഥാനങ്ങളും സംയുക്തമായി കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്തുണയുമായി കൂടുതല്‍ ആളുകള്‍ എത്തിച്ചേരുമെന്നാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. ചണ്ഡിഗഡിലും പഞ്ച്കുലയിലും അയ്യായിരത്തോളം പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. മൊഹാലിയില്‍ 2000 പൊലീസുകാരെയും വിന്യസിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിനു ലഭിച്ച ഊമക്കത്തിലൂടെയാണു മാനഭംഗം നടത്തിയ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു റാം റഹിം സിങ്ങിനെതിരെ കേസെടുക്കാന്‍ 2002ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ സിബിഐയോട് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലും ഇദ്ദേഹം വിചാരണ നേരിടുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here