കൊച്ചി: ഇരുനൂറു ചതുരശ്ര അടിയില്‍ താഴെ മാത്രമുള്ള കൂരയില്‍ അന്തിയുറങ്ങുന്ന രോഗികളായ വയോധിക ദമ്പതികളെ ബാങ്ക് ജപ്തിയുടെ പേരില്‍ വലിച്ചിഴച്ചു റോഡിലിറക്കി വിട്ടു. പൂണിത്തുറ ജവാഹര്‍ റോഡ് കോരങ്ങാട്ട് രാമനും (75), ഭാര്യ വിലാസിനി (65) യുമാണ് വലിച്ചിഴയ്ക്കപ്പെട്ടത്. വലിച്ചിറക്കുന്നതിനിടെ കുഴഞ്ഞു വീണ രാമനെ തൂക്കിയെടുത്താണു പൊലീസ് വാഹനത്തില്‍ കയറ്റിയത്. വിലാസിനിയും തളര്‍ന്നു വീണു.

തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. 1000 ചതുരശ്ര അടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന തീരുമാനം വന്നതിനു പിന്നാലെയാണു സര്‍ക്കാരിനു നാണക്കേടായ നടപടിയുണ്ടായത്.മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നു രാത്രിയോടെ കുടുംബത്തെ അതേ വീട്ടിലേക്കു തിരിച്ചെത്തിച്ചു വായ്പ ഒന്നര ലക്ഷം രൂപ വീടു വയ്ക്കാന്‍ മകന്‍ ദിനേശന്റെ പേരില്‍ ഒന്നര ലക്ഷം രൂപയുടെ വായ്പയെടുത്തതു തിരിച്ചടച്ചില്ലെന്നതിന്റെ പേരില്‍ സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് രാമന്റെ വീട് ലേലത്തില്‍ വിറ്റത്. വായ്പയെടുത്തു വീടു വച്ചപ്പോഴേക്കും ദമ്പതികള്‍ അസുഖ ബാധിതരായി. ഇതോടെ തുക തിരിച്ചടവു മുടങ്ങി. പലിശയടക്കം 2,72,011 രൂപയാണ് ഇവര്‍ തിരിച്ചടയ്ക്കാനുള്ളത്.

ഇവരുടെ ഏക സ്വത്തായ രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപയ്ക്കു ലേലം ചെയ്തു. സെന്റിന് ആറു ലക്ഷത്തിനു മുകളില്‍ മാര്‍ക്കറ്റ് വിലയുള്ളപ്പോഴാണ് ഇത്രയും കുറഞ്ഞ വിലയ്ക്കു ലേലം നടന്നത്. വീടു ലേലത്തില്‍ വിളിച്ചയാള്‍ പൊലീസ് സഹായത്തോടെ ദമ്പതികളെ ഇറക്കിവിടുകയായിരുന്നു. നടന്നതു കോടതി നടപടി: സൊസൈറ്റി 2009ല്‍ എടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷമായി തുടരുന്ന കോടതി നടപടികളുടെ തുടര്‍ച്ച മാത്രമാണ് ഇന്നലെയുണ്ടായതെന്നു തൃപ്പൂണിത്തറ ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.കെ. സാഗര്‍ പറഞ്ഞു. സഹകരണ ഹൗസിങ് ഫെഡറേഷനു കീഴിലാണു തൃപ്പൂണിത്തറ ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി. നടപടികളുടെ ഭാഗമായി ഇവരുടെ ആധാരം തിരുവനന്തപുരത്തെ കേന്ദ്ര ഓഫിസിലേക്കു കൈമാറിയിരുന്നു.

വായ്പ എടുത്തിട്ട് ഒരു രൂപ പോലും തിരിച്ചടച്ചില്ല. കിട്ടാക്കടം ആയതോടെ വായ്പ എടുത്തവരുമായി സമവായത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണു മേല്‍ നടപടികള്‍ക്കായി ഫെഡറേഷനു വിട്ടത്. സ്ഥലം വിറ്റു കിട്ടിയ തുകയ്ക്കു സൊസൈറ്റിയിലെ കടം 2,72,011 രൂപ കോടതി മുഖേന വീട്ടി. വസ്തു ലേലത്തില്‍ എടുത്തയാളാണ് ഒഴിപ്പിക്കല്‍ നടപടിക്കു പിന്നിലെന്നും സൊസൈറ്റിക്കു പങ്കില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ഒന്നുമറിയാതെ കുട്ടികള്‍ രണ്ടു സെന്റില്‍ ഒന്നര ലക്ഷം ചെലവാക്കി പണി പാതിയില്‍ മുടങ്ങിയ വീട്ടിലാണ് രാമനും ഭാര്യ വിലാസിനിയും മകന്‍ ദിനേശനും കുടുംബവും താമസിച്ചിരുന്നത്.സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടു കുട്ടികളും കൂട്ടത്തിലുണ്ട്.സംഭവങ്ങള്‍ ഒന്നും അറിയാതെ ഇന്നലത്തെ ഓണപ്പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ കുട്ടികളെ അയല്‍വാസികള്‍ ആശ്വസിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here