തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ എംഎല്‍എമാരുടെ നിരാഹാര സമരം നടത്തുന്ന യുഡിഎഫ് വെട്ടിലായി. നിയമസഭാ സമ്മേളനം വ്യാഴാഴ്ച അവസാനിക്കുകയും മന്ത്രി രാജിവയ്ക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇനിയെന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. പതിനാലാം നിയമസഭ നിലവില്‍ വന്ന ശേഷം ഇത് രണ്ടാം വട്ടമാണ് നിയമസഭാ കവാടത്തില്‍ നിരാഹാര സമരം നടത്തി യുഡിഎഫ് വെട്ടിലാകുന്നത്.
സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് സ്വാശ്രയ കോളജ് ഫീസ് വര്‍ധനവിനെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാര സമരം നടത്തിയിരുന്നു. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കേരള കോണ്‍ഗ്രസ് ജേക്കബ് എംഎല്‍എ അനൂപ് ജേക്കബ് എന്നിവരാണ് അന്ന് സമരം നടത്തിയത്.
ഡീന്‍ കുര്യാക്കോസ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന സി ആര്‍ മഹേഷ് എന്നിവരുടെ നിരാഹാരം ഒമ്പതു ദിവസം പിന്നിട്ടപ്പോഴാണ് എംഎല്‍മാരുടെ നിരാഹാരം പ്രഖ്യാപിച്ചത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇപ്പോഴത്തെപ്പോലെ നിയമസഭാ സമ്മേളനം അവസാനിക്കുകയും സ്വാശ്രയ ഫീസ് പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്തു.
മറ്റു വഴിയില്ലാതെ നിരാഹാര സമരം അവസാനിപ്പിച്ച് തിരുവവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമ്മേളനം സംഘടിപ്പിച്ച് എംഎല്‍എമാര്‍ക്ക് സ്വീകരണം നല്‍കി തലയൂരുകയാണ് ചെയ്തത്. ഇപ്പോഴും അതുതന്നെയാണ് സാഹചര്യം. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ സ്വജനപക്ഷപാതം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന നിരാഹാരം വിജയം കാണാതെ തന്നെ സബാ സമ്മേളനം അവസാനിക്കുകയാണ്. പുറത്തേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സഭയിലെ നിരാഹാരം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ല.
അതേസമയം, പ്രതിപക്ഷത്ത് ഇതേച്ചൊല്ലി ഭിന്നത പുകയുന്നതായാണ് വിവരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ എടുക്കുന്ന തീരുമാനങ്ങളും നടത്തുന്ന പ്രക്ഷോഭങ്ങളും പൊളിഞ്ഞു പോകുന്നുവെന്ന വിമര്‍ശനം നേരിട്ടല്ലെങ്കിലും എ ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്. ശൈലജ ടീച്ചറുടെ രാജിക്കു വേണ്ടിയുള്ള സമരം സഭയ്ക്കു പുറത്ത് അതിശക്തമായി തുടര്‍ന്നുകൊണ്ട് ഈ വിമര്‍ശനത്തിന് മറുപടി നല്‍കാനാണ് രമേശും ഐ ഗ്രൂപ്പും ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here