കൊച്ചി ∙ പ്രഥമ ഐഎസ്എല്ലിൽ ഗോളടിക്കാൻ ആളുണ്ടായില്ലെന്ന പരാതി തീർക്കാൻ രണ്ടാം ഐഎസ്എൽ ഫുട്ബോളിൽ വിദേശ സ്ട്രൈക്കർമാരുടെ പടയുമായി കേരള ബ്ലാസ്റ്റേഴ്സ് വരുന്നു. ‘മെയ്ഡ് ഇൻ ഇംഗ്ലണ്ട്’ ലേബൽ പതിച്ച മൂന്നു സ്ട്രൈക്കർമാരെയാണു ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത് – പരിചയസമ്പന്നനായ ക്രിസ് ഡാഗ്നൽ, യുവതുർക്കികളായ സാഞ്ചസ് വാറ്റ്, അന്റോണിയോ ജർമാൻ. ഇംഗ്ലണ്ടിൽനിന്നുള്ള കളിക്കാർക്കൊപ്പം മലയാളികളായ മുഹമ്മദ് റാഫി, സി. കെ. വിനീത് എന്നിവരും ഈസ്റ്റ് ബംഗാളിൽ കളിച്ചു പേരെടുത്ത മനൻദീപ് സിങ്ങും. ഇവർ ഇംഗ്ലിഷുകാരൻ കോച്ച് പീറ്റർ ടെയ്‌ലറുടെ തന്ത്രങ്ങൾക്കനുസരിച്ചു മുൻനിരയിൽ കളത്തിലിറങ്ങും.

ആർസനൽ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന സാഞ്ചെസ് വാറ്റ് (24) ആളൊരു പുലിയാണെന്നു സാക്ഷാൽ ആർസീൻ വെംഗർതന്നെ സാക്ഷ്യപ്പെടുത്തുന്നു. ‘‘ഗോളടിയോട് ആത്മാർഥത പുലർത്തുന്ന കളിക്കാരനാണു സാഞ്ചെസ്. ചില നേരങ്ങളിൽ അത്യന്തം അപകടകാരിയുമാണ്. സ്വന്തം ഗോളുകൾക്കുവേണ്ടി എന്നതിനപ്പുറം ടീമിനുവേണ്ടി കളിക്കുന്നയാളാണ് ഈ സ്ട്രൈക്കർ.’’ – വെംഗർ പറയുന്നു.

സാധാരണ ഇംഗ്ലിഷ് ഫുട്ബോളർമാരിൽനിന്നു വ്യത്യസ്തനാണു സാഞ്ചെസ് വാറ്റ്. ബ്രസീലിലോ അർജന്റീനയിലോ ജനിച്ചു വളർന്നയാളാണെന്നു തോന്നും കളി കണ്ടാൽ. ഓട്ടത്തിനിടയിലെ വെട്ടിത്തിരിയലും കുസൃതികളും പ്രത്യേകതകളാണ്. ലാറ്റിനമേരിക്കക്കാരുടെ ചില തനതു ‘പന്തുകിറുക്കുകൾ’ ഇടയ്ക്കിടെ മിന്നും. ചില ബൈസിക്കിൾ കിക്ക് ഗോളുകൾ ആരാധകരെ വിസ്മയിപ്പിച്ചവയാണ്. ഇത്തരം കളി പുറത്തെടുക്കാനായാൽ കേരളത്തിലെ കളിക്കമ്പക്കാരുടെ പുത്തൻ ആവേശമായി മാറും സാഞ്ചെസ്.

അന്റോണിയോ ജർമാനും വീരനാണ്. 23 വയസ്സേയുള്ളൂവെങ്കിലും ഗില്ലിങ്ങാമിനു കളിച്ചപ്പോൾ ചില മിന്നൽ ഗോളുകൾ നേടി. ഇടതുപാർശ്വത്തിലൂടെ പാഞ്ഞുകയറാൻ മിടുക്കനാണ്. ചിലപ്പോൾ വലതുവിങ്ങിലൂടെ പറന്നുകയറുന്നതും കാണാം. പക്ഷേ, കഴിഞ്ഞ നവംബറിനുശേഷം ആദ്യ ഇലവനിൽ അവസരം കിട്ടിയിട്ടില്ല. അതിനെല്ലാം പരിഹാരം ചെയ്യാനും മലയാളികളുടെ കറുത്ത മുത്താകാനും കഴിയും. ആറു വിദേശികളെ ഓരോ മൽസരത്തിലും കളത്തിലിറക്കാം.

ആദ്യ ഇലവനിൽ മുൻനിരയിൽ ക്രിസ് ഡാഗ്നലിനെയും മുഹമ്മദ് റാഫിയെയും ഇറക്കുകയും രണ്ടാം പകുതിയിൽ റാഫിക്കു പകരം സാഞ്ചെസിനെയോ ജർമാനെയോ കൊണ്ടുവരുകയുമാകാമെന്നതു കോച്ച് ടെയ്‌ലർക്കു സന്തോഷം പകരും. മൂന്ന് ഇംഗ്ലിഷ് താരങ്ങളെയും ഒരേസമയം കളത്തിലിറക്കാമെന്നതും ടെയ്‌ലറുടെ മനസ്സിലുണ്ടാകും. മൂന്നു വിദേശികൾ മുൻനിരയിലും മാർക്വീ താരം കാർലോസ് മർച്ചേന പ്രതിരോധത്തിലും നിരന്നാൽ മധ്യനിരയിൽ പുൾഗ എന്ന വിക്ടർ ഫൊർസാദയ്ക്കും അവസരമുണ്ടാകും. പക്ഷേ, 90 മിനിറ്റും ടീമിന്റെ അച്ചുതണ്ടാവാനുള്ള വൈഭവം ഇല്ലെന്നാണു പുൾഗയുടെ കളി കഴിഞ്ഞ വർഷം കണ്ടിരുന്ന ആരാധകരുടെ ആശങ്ക. മധ്യനിരയിൽ രണ്ടു വിദേശ താരങ്ങളെങ്കിലും വേണം.

പ്രതിരോധത്തിലും വേണം രണ്ടോ മൂന്നോ വിദേശികളടങ്ങുന്ന കരുത്ത്. മൂന്നു മാസത്തിലേറെ നീളുന്നൊരു ലീഗിൽ പരുക്കു പലപ്പോഴും വില്ലനാകുമ്പോൾ, ദ്വിപാദ സെമി ഫൈനലുകളും ഫൈനലും അധികസമയത്തിലേക്കു നീങ്ങിയേക്കാമെന്ന സാധ്യതകൂടി കണക്കിലെടുക്കുമ്പോൾ എട്ടു വിദേശ താരങ്ങളെങ്കിലും ഇല്ലാതെ ബ്ലാസ്റ്റേഴ്സിനു പൊരുതി നിൽക്കാനാവില്ല. ഗോൾ കീപ്പറായി സന്ദീപ് നന്ദി മാത്രമാണിപ്പോൾ പട്ടികയിലുള്ളത്. 23ൽ താഴെ പ്രായമുള്ളൊരു ഗോളിയെക്കൂടി റിക്രൂട്ട് ചെയ്യണമെന്നതു വലിയ ബാധ്യതയാവില്ല. പക്ഷേ, വിദേശത്തുനിന്നൊരു ഗോളിയെ കൊണ്ടുവരാൻ കനത്ത പ്രതിഫലം നൽകേണ്ടിവരും.

ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്: കാർലോസ് മർച്ചേന, സന്ദേഷ് ജിങ്കാൻ, ഗുർവീന്ദർ സിങ്, നിർമൽ ഛേത്രി, രമൺദീപ് സിങ്, സൗമിക് ദേ. മർച്ചേനയും ജിങ്കാനും മാത്രം വിചാരിച്ചാൽ കരുത്തരായ എതിരാളികളെ പൂട്ടാനാവില്ല. മർച്ചേനയ്ക്കാണെങ്കിൽ ചുമ്മാ പോകുന്ന എതിരാളിയെ ‘ഒന്നു തോണ്ടി’ മഞ്ഞക്കാർഡ് സമ്പാദിക്കുന്ന ശീലമുണ്ട്. വിവിധ മൽസരങ്ങളിലാണെങ്കിലും രണ്ടു മഞ്ഞക്കാർഡ് കിട്ടിയാൽ തൊട്ടടുത്ത മാച്ചിൽ പുറത്തിരിക്കേണ്ടിവരും. ആരുണ്ട് അത്തരം സാഹചര്യങ്ങളിൽ ടീമിന്റെ പ്രതിരോധം കാക്കാൻ?

മധ്യനിരയിൽ ഇപ്പോഴത്തെ ലൈനപ്പ് ഇങ്ങനെ: പുൾഗ, മെഹ്താബ് ഹുസൈൻ, ഇഷ്ഫാഖ് അഹമ്മദ്, പീറ്റർ കർവാലോ, ശങ്കർ സമ്പിൻഗിരാജ്, കാവിൻ ലോബോ. ആക്രമിച്ചു കയറുന്ന മധ്യനിരക്കാരാണു കാവിനും ശങ്കറും ഇഷ്ഫാഖും. ഗോളടിക്കാനും കഴിവുണ്ട്.

പ്രതിരോധത്തിൽ ഊന്നിക്കളിക്കാൻ പുൾഗയ്ക്കും മെഹ്താബിനും കർവാലോയ്ക്കും കഴിയും. പക്ഷേ, നീക്കങ്ങൾ മെനയാൻ ഇവർ പോരാ. ശങ്കർ അനുഭവസമ്പത്തു നേടേണ്ടിയിരിക്കുന്നു. കർവാലോയ്ക്കു 34 വയസ്സായി. രണ്ടുപേരെയും വ്യത്യസ്ത കാരണങ്ങളാൽ 90 മിനിറ്റും കളിക്കാൻ വിടാൻ കഴിയില്ല.

മുൻനിരയിൽ കാര്യമായ പ്രശ്നങ്ങൾ ഒറ്റനോട്ടത്തിൽ കാണുന്നില്ല. പക്ഷേ, സ്ട്രൈക്കർമാരുടെ ‘ഫോം’ കയറ്റിറക്കങ്ങൾക്കു വിധേയമാണ്. മധ്യനിര കൂടുതൽ വൈവിധ്യവും ചടുലതയും പുറത്തെടുത്തേപറ്റൂ. അതിനുള്ള വെടിമരുന്ന് തൽക്കാലം ബ്ലാസ്റ്റേഴ്സിന്റെ ആവനാഴിയിൽ ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here