മയാമി : ഫ്‌ളോറിഡയിലെ ആദ്യത്തെ മലയാളി സംഘടനയായ കേരളം സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളും സ്വാതന്ത്ര്യ ദിനാഘോഷവും സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൂപ്പര്‍ സിറ്റി ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോട് കൂടി ആഘോഷിക്കുന്നു . അഞ്ചു മണിക്കു വിഭവസമൃദ്ധമായ ഓണസദ്യയെത്തുടര്‍ന്നു ചെണ്ടമേളം ,താലപ്പൊലി ,പുലിക്കളി ,കുമ്മാട്ടിക്കളി തുടങ്ങിയവയുടെ അകമ്പടിയോടു കൂടിയുള്ള സാംസ്കാരിക ഘോഷയാത്രക്ക് ശേഷം ഓണം ,സ്വാതന്ത്ര്യദിനം, കേരളപ്പിറവി തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് . ഡോ . വേണുഗോപാല്‍ ആണ് ഈ വര്‍ഷം ഓണസന്ദേശം നല്‍കുന്നത് .

നാട്യകലയുടെ ആത്മാവായ നവരസങ്ങളെ ഭാരതത്തിന്‍റെ പരമ്പരാഗത കലാരൂപങ്ങളുമായി സമുന്വയിപ്പിച്ചു കൊണ്ട് ആവിഷ്ക്കരിച്ചിരിക്കുന്ന “”നവരസാ” എന്ന ഓണാക്കാഴ്ച് ,കേരളം സമാജത്തിന്റെ 2017 ലെ ഓണാഘോഷം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തും എന്ന് ഇതിന്റെ സംഘാടകര്‍ വിശ്വസിക്കുന്നു . “”നവരസാ” എന്ന ഈ ഷോയുടെ സംവിധാനവും ,രംഗസജ്ജീകരണവും ബിജു ഗോവിന്ദന്‍കുട്ടി നിര്‍വ്വഹിക്കുന്നു. നൂറ്റിഅന്പതില്‍പരം കലാകാരന്മാരും ,കലാകാരികളും അണിനിരക്കുന്ന ഈ പരിപാടി സൗത്ത് ഫ്‌ലോറിഡയിലെ പ്രഥാന ഡാന്‍സ് സ്കൂളുകളായ രശ്മി സുനില്‍ നയിക്കുന്ന ടെംപിള്‍ ഓഫ് ഡാന്‍സ് , രഞ്ജന വാരിയര്‍ നയിക്കുന്ന റിതംസ് സ്കൂള്‍ ഓഫ് ഡാന്‍സ് എന്നിവയിലെ കുട്ടികള്‍,കൂടാതെ ദിവ്യ സണ്ണിയുടെ വിദ്യാര്‍ത്ഥികള്‍ കേരള സമാജത്തിന്‍റെ പോഷക സംഘടനകളായ വിമന്‍സ് ഫോറം ,യൂത്ത് ക്ലബ് , കിഡ്‌സ് ക്ലബ് , സൗത്ത് ഫ്‌ലോറിഡയിലെ മറ്റനേകം കലാപ്രതിഭകള്‍ എന്നിവരുടെയെല്ലാം സഹകരണത്തോടു കൂടിയാണ് അണിയിച്ചൊരുക്കുന്നത് .

സാമൂഹിക ,രാഷ്ട്രീയ,ആത്മീയ മേഖലകളിലെ പ്രമുഖര്‍ ഈ ഓണാഘോഷ പരിപാടിയില്‍ സംബന്ധിക്കുന്നതാണ്. സൗത്ത് ഫ്‌ലോറിഡയിലെ .എല്ലാ മലയാളികളെയും കേരള സമാജത്തിന്റെ ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാജന്‍ മാത്യുവും , സെക്രട്ടറി ഷിജു കല്പാഡിക്കലും അറിയിക്കുന്നു . പബ്ലിസിറ്റി കണ്‍വീനര്‍ പദ്മകുമാര്‍ കെ.ജി അറിയിച്ചതാണിത് .

LEAVE A REPLY

Please enter your comment!
Please enter your name here