ബർമിങ്ങം ∙ മൈക്കൽ ക്ലാർക്ക് സ്വയം പഴിച്ചു, പിന്നെ സ്വന്തം ടീമിലെ ബോളർമാരെ കുറ്റപ്പെടുത്തി. ദയനീയമായ ഒരു തോൽവിയുടെ നാണക്കേടിൽ നിന്നു രക്ഷാമാർഗങ്ങളന്വേഷിക്കുന്ന നായകൻ വിലയിരുത്തലിൽ ഒട്ടം മയം വരുത്തിയില്ല. ആദ്യ ഇന്നിങ്സിൽ ജയിംസ് ആൻഡേഴ്സണും രണ്ടാം ഇന്നിങ്സിൽ സ്റ്റീവൻ ഫിന്നും ആറു വിക്കറ്റു വീതം നേടിയപ്പോൾ ദയനീയ പ്രകടനത്തിന്റെ നാണക്കേടുമായി ഓസ്ട്രേലിയ യഥാക്രമം 136 റൺസിനും 265 റൺസിനും പുറത്ത്. ജയിക്കാൻ 121 റൺസ് മാത്രം മതിയായിരുന്ന ഇംഗ്ലണ്ടിനെ തളയ്ക്കാൻ ഓസീസ് ബോളർമാർക്ക് ആവില്ലായിരുന്നു എന്നതു യാഥാർഥ്യം.

ഇംഗ്ലണ്ടിനു മുന്നിൽ വച്ചുനീട്ടാൻ മൂന്നക്ക സംഖ്യ കിട്ടിയതുതന്നെ ഓസീസ് ബോളർമാരുടെ മികവിലാണ്. അവസാന മൂന്നു വിക്കറ്റി‍ൽ ഓസീസ് കൂട്ടിച്ചേർത്തത് 97 റൺസ്. ഇംഗ്ലിഷ് ബോളർമാരുടെ കൃത്യത ഓസീസ് നിരയ്ക്ക് ഇല്ലായിരുന്നതും തിരിച്ചടിയായി. വേഗംകൊണ്ട് എതിരാളികളെ വിറപ്പിച്ചു ലോർഡ്സ് ടെസ്റ്റിൽ ടീമിനു 405 റൺസിന്റെ വിജയം സമ്മാനിച്ച ബോളർമാർ ഒട്ടും ഫലപ്രദമായില്ല.

‘‘ബോളിങ്ങിന് അനുയോജ്യമായിരുന്നു സാഹചര്യം. മൂടിക്കെട്ടിയ അന്തരീക്ഷവും ഇടയ്ക്കിടെ മഴയും. പക്ഷേ, ബോളർമാർക്ക് ഇതു വേണ്ട വിധത്തിൽ മുതലെടുക്കാൻ കഴിഞ്ഞില്ല. സീം മൂവ്മെന്റും സ്വിങ്ങും കളിയിലുടനീളം ഉണ്ടായിരുന്നു. മികവു തിരിച്ചുപിടിച്ചേ പറ്റൂ’’– ട്രെന്റ് ബ്രിഡ്ജിൽ തുടങ്ങുന്ന നാലാം ടെസ്റ്റിന്റെ ലക്ഷ്യം പോലെ ക്ലാർക്ക് പറഞ്ഞു.

300 വിക്കറ്റിലെത്തുന്ന അഞ്ചാം ഓസീസ് ബോളർ എന്ന നേട്ടത്തിലേക്കു കുതിക്കുന്നതിനിടെ മിച്ചൽ ജോൺസൺ ഇംഗ്ലിഷ് നിരയിലെ ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ പന്തുകൾ, വെള്ളിയാഴ്ച ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ അലസ്റ്റയർ കുക്കിന്റെ വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കിന്റെ പന്ത് തുടങ്ങി ഓസീസ് ബോളിങ് നിരയ്ക്ക് ഓർത്തിരിക്കാൻ പോന്ന പ്രകടനങ്ങൾ കുറവായിരുന്നു. കാർഡിഫിലും ബർമിങ്ങാമിലും ബോളിങ് നിര പതറിയപ്പോൾ ലോ‍ർഡ്സിൽ ലോകോത്തര നിലവാരം പുലർത്തിയെന്നു ക്ലാർക്ക് പറയുന്നു.

പക്ഷേ, ബോളർമാരെ പരിധിവിട്ടു കുറ്റപ്പെടുത്തുന്നതു യാഥാർഥ്യത്തിനു നിരക്കുന്നതല്ലെന്നു തിരിച്ചറിയുന്ന മൈക്കൽ ക്ലാർക്ക് ബാറ്റിങ് നിരയുടെ പ്രകടനത്തിനെതിരെയും പ്രതികരിച്ചു. ‘‘ലോർഡ്സിലേതു പോലെ പദ്ധതികൾ വേണ്ടവിധം നടപ്പാക്കാൻ ബാറ്റിങ് നിരയ്ക്കായില്ല. പ്രത്യേകിച്ച് ആദ്യ ഇന്നിങ്സിൽ.’’ ആദ്യ ഇന്നിങ്സിൽ 10 റൺസും രണ്ടാം ഇന്നിങ്സിൽ മൂന്നും നേടിയ സ്വന്തം പ്രകടനത്തെയും രൂക്ഷമായിത്തന്നെ ക്ലാർക്ക് വിമർശിച്ചു.

എതിർ ടീമിൽ 11 പേരും ഓസീസ് നിരയിൽ 10 പേരുമാണ് കളിച്ചതെന്ന് ക്ലാർക്ക് പറഞ്ഞു. അത്തരം സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പാടാണ്. ഒരു ക്യാപ്റ്റനെന്ന നിലയിൽ മുന്നിൽ നിന്നു പടനയിച്ചുവെന്ന് തന്നെക്കുറിച്ചു പറയാനാവില്ലെന്നു ക്ലാർക്ക് പറഞ്ഞു.

എജ്ബാസ്റ്റണിൽ മിച്ചൽ ജോൺസണെതിരെ കാണികളുടെ ആക്രോശങ്ങളെ പോസിറ്റീവ് ആയി കാണാനാണു താൽപര്യമെന്നു ക്ലാർക്ക് പറഞ്ഞു. സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ മെച്ചമാണിത്. ഉയർന്ന തലത്തിൽ കളിക്കുമ്പോൾ ഇത്തരം പിന്തുണ ടീമിന് ഊർജം പകരും – ക്ലാർക്ക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here