ലണ്ടന്‍:ബ്രിട്ടനെ നടുക്കി ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടം ഇന്ത്യയ്ക്കും കണ്ണീരോര്‍മയാകുന്നു. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ എം1 മോട്ടോര്‍വേയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച എട്ട് ഇന്ത്യക്കാരില്‍ രണ്ടുപേര്‍ മലയാളികളാണെന്നു തിരിച്ചറിഞ്ഞു. മിനിബസ് ഓടിച്ചിരുന്ന പാലാ ചേര്‍പ്പുങ്കല്‍ കടുക്കുന്നേല്‍ സിറിയക് ജോസഫിനെ (ബെന്നി) കൂടാതെ, വിപ്രോയില്‍ എന്‍ജിനീയറായ ഋഷി രാജീവും (27) മരിച്ചതായി സ്ഥിരീകരിച്ചു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് ഇരുപ്പപ്പുഴ വീട്ടില്‍ പരേതനായ രാജീവ് കുമാറിന്റെ മകനാണു ഋഷി. മാതാവ്: ഉഷ. സഹോദരങ്ങള്‍: ദേവിശ്രീ, അദ്വൈത്.
അപകടത്തില്‍ മരിച്ച ബാക്കി ആറുപേര്‍ വിപ്രോയിലെ മൂന്ന് എന്‍ജിനീയര്‍മാരും അവരുടെ കുടുംബാംഗങ്ങളുമാണ്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. അഞ്ചു വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലുപേര്‍ ഗുരുതരമായി പരുക്കേറ്റു ചികില്‍സയിലാണ്. ഇവരില്‍ ഒരാളൊഴികെ ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നാണു വിവരം. മരിച്ചവരുടെയും പരുക്കേറ്റവരുടെയും പേരുള്‍പ്പെടെ വിശദാംശങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ശനിയാഴ്ച പുലര്‍ച്ചെ ബ്രിട്ടിഷ് സമയം മൂന്നരയോടെയാണ് എം1 മോട്ടോര്‍വേയില്‍ മില്‍ട്ടന്‍ കെയിന്‍സിനും ന്യൂപോര്‍ട്ട് പാഗ്‌നലിനും മധ്യേ അപകടമുണ്ടായത്. ഒരേദിശയില്‍ സഞ്ചരിച്ച മിനി ബസും രണ്ടു ട്രക്കുകളും കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കുകള്‍ക്കിടയില്‍ ഞെരുങ്ങിയമര്‍ന്നു പൂര്‍ണമായും തകര്‍ന്ന മിനി ബസ്, ട്രക്കുകളിലൊന്നിന്റെ അടിയില്‍പെട്ട നിലയിലായിരുന്നു.
ഒരു ട്രക്ക് ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്നു പൊലീസ് വിലയിരുത്തി. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായി തേംസ് വാലി പൊലീസ് സ്ഥിരീകരിച്ചു. ട്രക്ക് ഡ്രൈവര്‍മാര്‍ രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്. മിനി ബസില്‍ നോട്ടിങ്ങാമില്‍ നിന്നു ലണ്ടനിലേക്കു വരികയായിരുന്നു വിപ്രോ ജീവനക്കാരും കുടുംബാംഗങ്ങളും. നാട്ടില്‍നിന്ന് അടുത്തിടെ ബ്രിട്ടനിലെത്തിയ ഇവരില്‍ ചിലരുടെ മാതാപിതാക്കളും സംഘത്തിലുണ്ടായിരുന്നു. ലണ്ടനിലെത്തി വെംബ്ലിയില്‍ നിന്ന് അഞ്ചുദിവസത്തെ യൂറോപ്യന്‍ പര്യടനമായിരുന്നു ലക്ഷ്യം.
ബെന്നിയുടെ മൃതദേഹം നടപടി പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ പകുതിയോടെയേ നാട്ടില്‍ കൊണ്ടുവരാന്‍ കഴിയൂ എന്നാണു നോട്ടിങ്ങാമിലുള്ള ബന്ധുക്കള്‍ നാട്ടില്‍ അറിയിച്ചത്. വിപ്രോ ജീവനക്കാരുടെയും ബന്ധുക്കളുടെയും മൃതദേഹങ്ങള്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നു വിപ്രോയുടെ ബ്രിട്ടനിലെ ഓപ്പറേറ്റിങ് തലവന്‍ രമേശ് ഫിലിപ് പറഞ്ഞു. സമീപകാലത്ത് ബ്രിട്ടനില്‍ നടന്ന ഏറ്റവും വലിയ റോഡപകടമാണ് ശനിയാഴ്ചത്തേത്.

LEAVE A REPLY

Please enter your comment!
Please enter your name here