ആലപ്പഴ: കേരളത്തിലെ തലയെടുപ്പുള്ള രണ്ടു കമ്യുണിസ്റ്റ് നേതാക്കളുടെ ചെറുമക്കളുടെ വിവാഹം ആദര്‍ശത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. പരസ്പരം രക്തഹാരമിട്ടായിരുന്നു വിവാഹം. ആലപ്പുഴയിലെ പാര്‍ട്ടി ഓഫിസായിരുന്നു മണ്ഡപം. ജോല്‍സ്യന്‍ കുറിച്ച ശുഭ മുഹൂര്‍ത്തമില്ല. വൈകീട്ട്, നാലര കഴിഞ്ഞപ്പോഴായിരുന്നു വിവാഹം. പാര്‍ട്ടി ബന്ധുക്കള്‍ ഒത്തുകൂടിയ വേദിയില്‍ സിപിഎം ജില്ലാസെക്രട്ടറി സജി ചെറിയാന്‍ മാല കൈമാറിയത്.
വധു, കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പടുത്തുയര്‍ത്തിയ പി.കൃഷ്ണപിള്ളയുടെ സഹോദരിയുടെ ചെറുമകളായ ശ്രീലക്ഷ്മി. വരന്‍, പുന്നപ്രവയലാര്‍ സമരനായകന്‍ പി.കെ.ചന്ദ്രാനന്ദന്റെ ചെറുമകനായ രോഹിത്ത്. വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയകാലം തൊട്ടേ ലളിതമായ ചടങ്ങുമാത്രമേ ഇരുവരും ആഗ്രഹിച്ചിട്ടുള്ളു. വധുവരന്മാര്‍ക്ക് ആരും സമ്മാനങ്ങളൊന്നും നല്‍കിയില്ല.
പക്ഷേ ഇരുവരും പാര്‍ട്ടി ജില്ലാസെക്രട്ടറിക്ക് ഇ.കെ.നായനാര്‍ സ്മാരക ഫണ്ടിലേക്കുള്ള സംഭാവന നല്‍കി. അതുകഴിഞ്ഞ് എല്ലാവര്‍ക്കും ചായ. കല്യാണം കഴിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here